വനിതാദിനത്തില്‍ സമ്മാനവുമായി റെയില്‍വേയും; രാജധാനി തീവണ്ടിയില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്‌പെന്‍സര്‍ മെഷീന്‍ സ്ഥാപിച്ചു
Womens Day
വനിതാദിനത്തില്‍ സമ്മാനവുമായി റെയില്‍വേയും; രാജധാനി തീവണ്ടിയില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്‌പെന്‍സര്‍ മെഷീന്‍ സ്ഥാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th March 2018, 8:47 am

മുംബൈ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിപ്ലവകരമായ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. രാജ്യത്ത് ആദ്യമായി ഒരു തീവണ്ടിയില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്‌പെന്‍സര്‍ മെഷീന്‍ സ്ഥാപിച്ചുകൊണ്ടാണ് റെയില്‍വേ ചരിത്രം സൃഷ്ടിച്ചത്. മുംബൈ-ന്യൂദല്‍ഹി രാജധാനി എക്‌സ്പ്രസിലെ ഒരു കോച്ചിലാണ് നാപ്കിന്‍ ഡിസ്‌പെന്‍സര്‍ മെഷീന്‍ സ്ഥാപിച്ചത്.

ഇപ്പോള്‍ സ്ഥാപിച്ച മെഷീന്‍ പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്ന് പടിഞ്ഞാറന്‍ റെയില്‍വേയുടെ മുഖ്യ വക്താവ് രവീന്ദര്‍ ഭകര്‍ പറഞ്ഞു. കൂടുതല്‍ തീവണ്ടികളില്‍ ഡിസ്‌പെന്‍സര്‍ മെഷീന്‍ ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Related News: മണ്ണില്‍ അലിഞ്ഞു ചേരുന്ന സാനിറ്ററി നാപ്കിന്‍ പുറത്തിറക്കി സര്‍ക്കാര്‍; വില ഒന്നിന് രണ്ടര രൂപ മാത്രം


“സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യാനുള്ള മെഷീന്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ തീവണ്ടിയാണ് ഇത്. ദീര്‍ഘദൂര യാത്രക്കാരായ വനിതകള്‍ക്ക് ഇത് ഏറെ ഉപയോഗപ്രദമാണ്. മറ്റു തീവണ്ടികളിലേക്കും ഈ പദ്ധതി ഞങ്ങള്‍ വ്യാപിപ്പികക്കും.” -വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് രവീന്ദര്‍ ഭകര്‍ പറഞ്ഞു.

വനിതാ യാത്രക്കാര്‍ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് റെയില്‍വേയുടെ മികച്ച തീരുമാനമാണെന്നും ഏറെ ഉപകാരപ്രദമാണെന്നും ഒരു യാത്രക്കാരി പ്രതികരിച്ചു. ഈ മെഷീനില്‍ നിന്നും തങ്ങള്‍ക്ക് അഞ്ചു രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍ ലഭിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Also Read: ‘ഫാസിസ്റ്റ് ശക്തികള്‍ കേരളത്തെയും നോട്ടമിട്ടിരിക്കുകയാണ്’; ആര്‍.എസ്.എസ് ഭീഷണി നേരിടാന്‍ രാഷ്ട്രീയ കൂട്ടായ്മ വേണമെന്നും സംഗീതജ്ഞന്‍ ടി.എം കൃഷ്ണ


നേരത്തേ പരിസ്ഥിതി സൗഹൃദമായ സാനിറ്ററി നാപ്കിന്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പാഡിന് ഒന്നിന് രണ്ടര രൂപമാത്രമാണ് വില. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ചയാണ് നാപ്കിന്‍ പുറത്തിറക്കിയത്

പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജനാ കേന്ദ്രങ്ങളില്‍ പ്രകൃതിസൗഹൃദ നാപ്കിനുകള്‍ ലഭിക്കും. നാലു നാപ്കിനുകള്‍ അടങ്ങിയ 10 രൂപയുടെ പാക്കുകളാണ് ലഭ്യമാകുക. രാജ്യമെമ്പാടുമുള്ള 3,200 കേന്ദ്രങ്ങളില്‍ ഈ വര്‍ഷം മെയ് 28 ഓടെ നാപ്കിനുകള്‍ ലഭ്യമാകുമെന്ന് കേന്ദ്ര രാസ-വളം മന്ത്രി ആനന്ദ് കുമാര്‍ പറഞ്ഞു.


Related News: ‘ആര്‍ത്തവം അനുഗ്രഹമാണ്, അഭിമാനമാണ്’; വനിതാ ദിനത്തോടനുബന്ധിച്ച് ആര്‍ത്തവത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പരിപാടിയുമായി തിരുവനന്തപുരം സി.എസ്.ഐ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍


രാസവളം മന്ത്രാലയത്തിനു കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് വിഭാഗമാണ് മണ്ണില്‍ അലിഞ്ഞു ചേരുന്ന തരം സാനിറ്ററി നാപ്കിനുകള്‍ അവതരിപ്പിച്ചത്. “സുവിധ” എന്ന ബ്രാന്‍ഡ് നാമത്തിലാണ് നാപ്കിനുകള്‍ പുറത്തിറങ്ങുക.

ചിത്രം: എ.എന്‍.ഐ