ഇസ്‌ലാമാബാദ്: ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്റെ ദയനീയ തോല്‍വിയ്ക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പാക് ആരാധകര്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. മത്സരത്തിന്റെ തലേദിവസം താരങ്ങള്‍ ഷിഷാ കഫേയില്‍ ആഹാരം കഴിക്കുന്നതിന്റെ വീഡിയോ അടക്കം പങ്കുവെച്ചായിരുന്നു ആരാധകരുടെ ആക്രമണം.
കഫേയില്‍ ഭര്‍ത്താവും പാക് ഓള്‍റൗണ്ടറുമായ ഷൊയ്ബ് മാലിക്കിനൊപ്പം സാനിയ മിര്‍സയുമെത്തിയിരുന്നു. ഇതിന്റെ പേരില്‍ ട്വിറ്ററില്‍ പാക് ആരാധകരുടെ വലിയ ആക്രമണമാണ് സാനിയയ്ക്ക് നേരിടേണ്ടി വന്നത്.
ഇതോടെ ട്വിറ്ററില്‍ നിന്നും അവധിയെടുത്തിരിക്കുകയാണ് സാനിയ. ട്വിറ്റര്‍ തന്നെ അസ്വസ്ഥയാക്കുകയാണെന്നും ചിലയാളുകളുടെ നിരാശ ഇല്ലാതാക്കാന്‍ മറ്റു മീഡിയങ്ങള്‍ നോക്കണമെന്നും സാനിയ പറഞ്ഞു.
നേരിട്ട ആദ്യ ബോളില്‍ തന്നെ ഔട്ടായ ഷൊയ്ബ് മാലിക്കിനെയായിരുന്നു ആരാധകര്‍ ഏറെ ലക്ഷ്യമിട്ടത്. ഷൊയ്ബിന്റെ മോശം പ്രകടനത്തിന് സാനിയയേയും ആരാധകര്‍ കുറ്റപ്പെടുത്തിയിരുന്നു. കളി തോറ്റാലും ആളുകള്‍ക്ക് ആഹാരം കഴിക്കാന്‍ അനുവാദമുണ്ടെന്നു പറഞ്ഞായിരുന്നു സാനിയ നേരത്തെ ഇത്തരം ആക്രമണങ്ങളെ നേരിട്ടത്.
‘ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ, ഒരു കുട്ടി ഞങ്ങള്‍ക്കൊപ്പമുണ്ടെന്നത് പോലും കണക്കാക്കാതെ അനുവാദം ചോദിക്കാതെ നിങ്ങള്‍ എടുത്ത വീഡിയോയാണത്. നിങ്ങളുടെ അറിവിലേക്കായി, ആ ഔട്ടിങ് ഡിന്നര്‍ കഴിക്കാന്‍ വേണ്ടിയുള്ളതാണ്. കളി തോറ്റാലും ആളുകള്‍ക്ക് ആഹാരം കഴിക്കാന്‍ അനുവാദമുണ്ട്. വിഡ്ഢിക്കൂട്ടങ്ങള്‍. പോയി വേറെന്തെങ്കിലുമുണ്ടോയെന്ന് നോക്കൂ’ എന്നായിരുന്നു സാനിയയുടെ പ്രതികരണം.