ഹൈദരാബാദ്: നികുതി വെട്ടിച്ചെന്ന പരാതിയിന്മേല്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്‌ക്കെതിരെ സേവന നികുതി വകുപ്പ് നോട്ടീസ് അയച്ചു. ഫെബ്രുവരി 16 നു മുമ്പായി ഹാജരകാണമെന്നാവശ്യപ്പെട്ടാണ് സര്‍വീസ് ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ താരത്തിന് നോട്ടീസയച്ചിരിക്കുന്നത്.
തെലങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിതയായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്ക് നികുതി അടച്ചില്ലെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 1994 സാമ്പത്തിക നിയമ പ്രകാരം നികുതി അടയ്ക്കാതിരിക്കല്‍, സേവന നികുതി വെട്ടിക്കല്‍, എന്നീ കുറ്റ കൃത്യങ്ങള്‍ താരം ചെയ്തതായും അന്വേഷണത്തിനാവശ്യമായ രേഖകള്‍ കൈവശമുണ്ടെന്നും സാമ്പത്തിക നിയമ പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും കത്തില്‍ പറയുന്നുണ്ട്.
ബ്രാന്‍ഡ് അംബാസിഡറായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയുടെ പതിനഞ്ച് ശതമാനം സേവന നികുതിയും അതിന്റെ പിഴയും അടക്കം സാനിയ ഇരുപത് ലക്ഷം രൂപ അടയ്ക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ഫെബ്രുവരി 16ന് നേരിട്ടോ അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ട വ്യക്തികള്‍ മുഖേനയോ കമ്മീഷനില്‍ ഹാജരാകണമെന്നും കത്തില്‍ പറയുന്നു. ആവശ്യപ്പെട്ട രേഖകളുമായി ഹാജരാകാത്ത പക്ഷം നിയമ നപടികളിലേക്ക് നീങ്ങുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ അന്താരാഷ്ട്ര ടെന്നീസ് താരമായ സാനിയാ മിര്‍സ ലോക ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവെക്കുന്നത് ഏറ്റവും ഒടുവിലായി ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരം ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകനായ ഷുഹൈബ് മാലികാണ് സാനിയ മിര്‍സയുടെ ഭര്‍ത്താവ്.