ന്യൂദല്‍ഹി: സാനിയ മിര്‍സയ്ക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം. കായികമന്ത്രാലയം വെള്ളിയാഴ്ച്ചയാണ് ഈ ഇന്ത്യന്‍ വനിതാ ടെന്നീസ് താരത്തെ ഖേല്‍ രത്‌ന പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തത്. മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ അവസാന തീരുമാനം അവാര്‍ഡ് കമ്മിറ്റിയാണ് എടുക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
ജൂലൈയിലാണ് സ്വിറ്റ്‌സര്‍ലണ്ടുകാരിയായ മാര്‍ട്ടിന ഹിങ്കിസുമായി ചേര്‍ന്ന് തന്റെ കരിയറിലെ ആദ്യത്തെ ഗ്രാന്‍ഡ്സ്ലാം വനിതാ കിരീടം സാനിയ സ്വന്തമാക്കിയത്. ഇതോടെ ഈ സഖ്യം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുകയും ചെയ്തു. അതേസമയം കായികമന്ത്രി സര്‍ബാനന്ദ സൊണോവല്‍ ആണ് സാനിയയെ നാമനിര്‍ദേശം ചെയ്തതെന്ന് സ്‌പോര്‍ട്‌സ് സെക്രട്ടറി അജിത് ശരണ്‍ പറഞ്ഞു.
വളരെ വൈകിയാണ് ഇന്ത്യന്‍ ടെന്നിസ് അസോസിയേഷനില്‍ നിന്നും നാമനിര്‍ദ്ദേശം വന്നതെന്നും എന്നാല്‍ മന്ത്രി അത് അംഗീകരിക്കുകയും അവാര്‍ഡ് കമ്മറ്റിക്ക് നിര്‍ദ്ദേശിക്കുകയുമായിരുന്നു. എന്നാല്‍ അവസാന തീരുമാനമെടുക്കേണ്ടത് അവാര്‍ഡ് കമ്മറ്റി തന്നെയാണെന്ന് ശരണ്‍ പറഞ്ഞു.
തന്റെ കരിയറില്‍ മൂന്ന് മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സാനിയ സ്വന്തമാക്കിയിട്ടുണ്ട്. അതേ സമയം ഖേല്‍രത്‌ന പുരസ്‌കാരത്തില്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലും ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡയുമാണ് സാനിയയോട് മത്സരിക്കുന്നതെന്നാണ്് റിപ്പോര്‍ട്ടുകള്‍