| Saturday, 1st September 2018, 12:02 pm

സാനിയ മിര്‍സയുടെ ടെന്നീസ് ജീവിതം വെള്ളിത്തിരയിലേക്ക്; പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാനിയ തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ ടെന്നീസ് ലോകത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന താരമാണ് സാനിയ മിര്‍സ. രാജ്യത്തെ പ്രശസ്തരായ കായികതാരങ്ങളുടെ ജീവിതം സിനിമയാകുന്ന ഈ കാലത്ത് സാനിയയെയും അവരുടെ ടെന്നീസ് അനുഭവങ്ങളെയും ചലച്ചിത്രമാക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് നിര്‍മാതാക്കള്‍.

തന്റെ ജീവിതം അവതരിപ്പിക്കുന്ന ചിത്രത്തില്‍ സാനിയയായി സാക്ഷാല്‍ സാനിയ തന്നെ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി സാനിയയുടെ ജീവിതം സിനിമയാക്കാന്‍ ബോളിവുഡിലെ പല നിര്‍മാതാക്കളും ശ്രമിക്കുകയായിരുന്നു. എന്നാല്‍ പ്രധാനമായും സാനിയയുടെ എതിര്‍പ്പ് മൂലമാണ് സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്.


ALSO READ: പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്; മൂന്നുമാസത്തിനിടെയുള്ള മൂന്നാമത്തെ വര്‍ധനവ്; ഡീസല്‍ വില ലിറ്ററിന് 70ലെത്തി


നിര്‍മാതാവായ ടോമി സ്‌ക്രൂവാലയാണ് ചിത്രം നിര്‍മ്മിക്കാനൊരുങ്ങുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തന്റെ ജീവിതം സിനിമയാക്കാനായി വന്‍തുകയാണ് സാനിയയ്ക്ക് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം തുക സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നിലവിലെ കരാറിലെ നിബന്ധനകളും അവ്യക്തമായി തന്നെ തുടരുകയാണ്. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാമെന്ന് താന്‍ നിര്‍മാതാക്കള്‍ക്ക് വാക്ക് നല്‍കിയിട്ടില്ല. അഭിനയിക്കാന്‍ പലരും തന്നെ സമ്മര്‍ദ്ദപ്പെടുത്തുന്നുണ്ടെന്ന് സാനിയ തന്നെ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഗര്‍ഭിണിയായ സാനിയ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാകുമോയെന്ന ആശങ്കയിലാണ് നിര്‍മാതാക്കള്‍. സാനിയയ്ക്ക് പകരം ആരെ ചിത്രത്തിലേക്ക് പരിഗണിക്കണം എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

ലോക ടെന്നീസില്‍ ഡബിള്‍സില്‍ ആറ് സ്വര്‍ണ്ണം നേടിയ താരമാണ് സാനിയ മിര്‍സ. 2003 മുതല്‍ പത്ത് വര്‍ഷം അവര്‍ ആ നേട്ടം നിലനിര്‍ത്തി.

വിജയക്കുതിപ്പുകള്‍ക്കിടയിലും നിരവധി വിവാദങ്ങളും സാനിയയ്ക്ക് പിന്നാലെയെത്തിയിരുന്നു. ടെന്നീസ് കോര്‍ട്ടിലെ വേഷത്തിനെതിരെ പലരും സാനിയയെ വിമര്‍ശിച്ചിരുന്നു. അതുപോലെത്തന്നെ പാക് ക്രിക്കറ്റര്‍ ഷെയ്ഖ് മാലിഖിനെ വിവാഹം ചെയ്തതിനെതിരെയും സാനിയയ്ക്ക് നേരേ മതമൗലികവാദികള്‍ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more