ബെര്‍ലിന്‍: കടുത്ത വംശീയതക്കും അവഹേളനത്തിനും ഇരയായ ആഴ്സനല്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂട്ട് ഓസിലിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഏറെ വേദനിപ്പിച്ചെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ട്വിറ്ററിലൂടെയായിരുന്നു സാനിയയുടെ പ്രതികരണം.
ഒരു അത്‌ലറ്റെന്ന നിലയില്‍ ഏറ്റവും വേദനിപ്പിക്കുന്ന വാര്‍ത്തയാണിതെന്നും അതിലുപരിയായി മനുഷ്യനെന്ന നിലയിലും വാര്‍ത്ത തന്നെ ഏറെ വേദനിപ്പിച്ചെന്നും സാനിയ പറഞ്ഞു. അതേസമയം, ഓസിലിന്റെ തീരുമാനത്തെ പിന്തുണച്ച സാനിയ യാതൊരു കാരണവശാലും വംശീയതയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
ഇന്നലെയായിരുന്നു തനിക്കെതിരെയുള്ള വംശീയ അധിക്ഷേപങ്ങളും ആക്രമണങ്ങളും അതിരു കടന്നെന്നും ഇനിയും താങ്ങാന്‍ കഴിയില്ലെന്നും പറഞ്ഞ് ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. “ടീമിനകത്തും രാജ്യത്തിനകത്തും താങ്ങാവുന്നതിലധികം പരിഹാസവും അനാദരവും കേട്ടതിനാല്‍ കളി മതിയാക്കുന്നു”. എന്ന ഓസിലിന്റെ പ്രഖ്യാപനത്തെ ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം വേദനയോടെയായിരുന്നു കേട്ടത്.
നേരത്തെ റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനൊപ്പം ഓസില്‍ ഫോട്ടോക്ക് പോസ് ചെയ്തത് വലിയ വിവാദമായിരുന്നു.
ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെയായിരുന്നു ഈ ഫോട്ടോ ഉയര്‍ത്തി വിവാദം ആളിക്കത്തിയത്. ഇതിനെ തുടര്‍ന്ന് തുര്‍ക്കി വംശജനായ ഓസിലിനും കുടുംബത്തിനും കടുത്ത വംശീയാക്രമണങ്ങളും അവഹേളനവും നേരിടേണ്ടി വന്നിരുന്നു. എര്‍ദോഗനുമായിട്ടുള്ള കൂടിക്കാഴ്ച ഓസില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജര്‍മന്‍ ടീം മാനേജര്‍ ഒളിവര്‍ ബീര്‍ഹോഫിന്റെ പ്രസ്താവനയും വന്നിരുന്നു.
തനിക്കും കുടുംബത്തിനും നിരവധി വെറുപ്പുളവാക്കുന്ന മെയിലുകള്‍, ഭീഷണി ഫോണുകള്‍, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അവഹേളനം എന്നിവ നേരിടേണ്ടി വന്നതായി ഓസിലിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.