ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നിസ് താരം സാനിയമിര്‍സയും ഇന്ത്യന്‍ ടെന്നിസ് അസോസിയേഷനെതിരെ പരസ്യമായി രംഗത്തെത്തി. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സ് സെലക്ഷനുമായി ബന്ധപ്പെട്ടാണ് സാനിയ വിമര്‍ശനവുമായി രംഗത്തെത്തിയത്. ആദ്യമായാണ് സാനിയാ മിര്‍സ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്.
മിക്‌സഡ് ഡബിള്‍സില്‍ പേസിനൊപ്പം തന്നെ പരിഗണിച്ച കമ്മിറ്റിയുടെ തീരുമാനം എന്നെ ഏറെ സന്തോഷിപ്പിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിയുകയെന്നത് വലിയ കാര്യമാണ്. എന്നാല്‍ തന്റെ ജോഡിയായി ആരെയാണ് പരിഗണിച്ചെതെന്ന കാര്യത്തില്‍ ആള്‍ക്കാര്‍ക്ക് ഇപ്പോഴും സംശയമുണ്ട്.
തന്നെ ഒരു ഉപകരണമാക്കിമാറ്റുകയാണ് ടെന്നിസ് അസോസിയേഷന്‍ ചെയ്തത്. ഒരു ഇന്ത്യന്‍ വനിത എന്ന നിലയില്‍ ഈ നടപടി എന്നെ സംബന്ധിച്ചിടത്തോളം വളരെ അപമാനകരമാണ്.
തനിയ്ക്ക് രാജ്യത്തോട് മാത്രമേ കടപ്പാടുള്ളൂവെന്നും താന്‍ ആരോടൊപ്പം കളിക്കുമെന്ന് ആരും ചോദ്യം ചെയ്യേണ്ടെന്നും സാനിയ തുറന്നടിച്ചു. മിക്‌സഡ് ഡബിള്‍സില്‍ പേയ്‌സിനൊപ്പം കളിക്കണമെന്ന് എഴുതിക്കൊടുക്കണമെന്ന് പെയ്‌സിന്റെ പിതാവ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിലപാടിനേയും സാനിയ വിമര്‍ശിച്ചു.
മഹേഷ് ഭൂപതി കഴിഞ്ഞ കുറേക്കാലമായി ബൊപ്പണ്ണയ്‌ക്കൊപ്പമാണ് കളിച്ചുവന്നത്. പുരുഷ ഡബിള്‍സില്‍ അവര്‍ മത്സരിക്കുന്നത് തന്നെയാണ് ഉചിതമെന്നും സാനിയ അഭിപ്രായപ്പെട്ടു. വിഷ്ണുവര്‍ധനൊപ്പം പുരുഷ ഡബിള്‍സില്‍ കളിക്കണമെങ്കില്‍ മിക്‌സഡ് ഡബിള്‍സില്‍ തനിക്കൊപ്പം കളിക്കാന്‍ തയ്യാറാണെന്ന് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ട ലിയാണ്ടര്‍ പെയ്‌സിനേയും സാനിയ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
വിഷ്ണുവര്‍ധന്‍ ഏറെ കഴിവുള്ള താരമാണ്. അദ്ദേഹത്തോടൊപ്പം കളിക്കാനാവില്ലെന്ന പെയ്‌സിന്റെ തീരുമാനത്തെ അംഗീകരിക്കാനാവുന്നില്ല. 2010 ലെ ഏഷ്യന്‍ ഗെയിംസില്‍ ഞങ്ങള്‍ സില്‍വര്‍ മെഡല്‍ നേടിയിരുന്നു. പെയ്‌സിനൊപ്പം വിഷ്ണു കളിക്കുകയായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ ഉറപ്പിക്കാമായിരുന്നെന്നും സാനിയ അഭിപ്രായപ്പെട്ടു.