[] ന്യൂയോര്‍ക്ക്: ഒരു ദിവസം ഡബിള്‍സില്‍ ഡബിള്‍ മത്സരങ്ങള്‍. രണ്ടിലും വിജയം. കായികശേഷി പരീക്ഷിച്ച ദിവസം വിജയകരമായി യു എസ് ഓപ്പണില്‍ പിന്നിട്ടതു ഇന്ത്യയുടെ ടെന്നിസ് റാണി സാനിയ മിര്‍സ.
യു.എസ് ഓപ്പണില്‍ വനിതാ ഡബിള്‍സില്‍ പ്രീക്വാര്‍ട്ടറിലെത്തിയ സാനിയ മിക്‌സ്ഡ് ഡബിള്‍സില്‍ ക്വാര്‍ട്ടറിലെത്തി. വനിതാ ഡബിള്‍സില്‍ സാനിയ-സിംബാബ്‌വെയുടെ കാര ബ്ലാക്ക് സഖ്യം ഫ്രഞ്ച്-റുമാനിയന്‍ ടീമായ കരോലിന്‍ ഗാര്‍ഷ്യ- മോണിക്ക നിക്ലെസ്‌ക്യു സഖ്യത്തെ 6-1, 6-2നു രണ്ടാം റൗണ്ടില്‍ തോല്‍പിച്ചു.
സെര്‍ബിയയുടെ ജെലീന ജാന്‍കോവിച്ച്-ചെക്ക് റിപ്പബ്ലിക്കിന്റെ ക്ലാര കൗകലോവ സഖ്യത്തെയാണ് മൂന്നാം സീഡായ സാനിയ-കാര ബ്ലാക്ക് സംഖ്യം അടുത്ത റൗണ്ടില്‍ നേരിടുന്നത്.
രാവിലത്തെ പോരാട്ടത്തിന്റെ ക്ഷീണം മാറും മുന്‍പേയാണ് വൈകിട്ട് സാനിയ മികസ്ഡ് ഡബിള്‍സ് മത്സരത്തിനിറങ്ങിയത്. ബ്രസീലില്‍നിന്നുള്ള ബ്രൂണോ സോറസിനൊപ്പം ചേര്‍ന്നു ഓസ്‌ട്രേലിയ-ബ്രിട്ടിഷ് സഖ്യമായ കെയ്‌സി ഡെലാക്വ-ജാമി മറെ ടീമിനെയാണ് തോല്‍പിച്ചത്. രണ്ടാം റൗണ്ടില്‍ 6-2, 7-6നാണ് സാനിയ-ബ്രൂണോ സംഖ്യം വിജയം കണ്ടത്.
നാളെ നടക്കുന്ന സ്പാനിഷ്-സൗത്ത് ആഫ്രിക്കന്‍ കൂട്ടുകെട്ടായ മെദിന ഗറിഗസ്-റവേന്‍ കാള്‍സണ്‍, ഇന്തോ സ്ലോവാക്യന്‍ സംഖ്യമായ രോഹന്‍ ബൊപ്പണ്ണ-കാതറീന സ്രെബോട്‌നിക് മത്സരത്തില്‍ നിന്നുള്ള വിജയികളാവും ക്വാര്‍ട്ടറില്‍ സാനിയ-ബ്രൂണോ സംഖ്യത്തിന്റെ എതിരാളി.
ലിയാന്‍ഡര്‍ പെയ്‌സ്-കാര ബ്ലാക്ക് സഖ്യവും മിക്‌സ്ഡ് ഡബിള്‍സ് ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. മൂന്നാം സീഡായ ഇവര്‍ റഷ്യയുടെ അല കുദ്രിവ്‌സ്‌റ്റേവ-പാക്കിസ്ഥാന്റെ ഐസം ഉല്‍ ഹഖ് ഖുറേഷി സഖ്യത്തെ 6-1, 4-6, 10-4നു തോല്‍പിച്ചു.