ബംഗ്‌ളൂരു: പാകിസ്ഥാന്‍ സ്വദേശിയാണെന്നാരോപിച്ച് മലയാളി യുവാവിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂര്‍ പാനൂര്‍ പാറാട് സ്വദേശിയായ മുഹമ്മദ് അഫ്‌സല്‍ പറങ്ങേലിനെതിരെയാണ് സംഘപരിവാര്‍ പ്രതിഷേധം. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബിഡദി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
കര്‍ണാടക ബിഡദിയിലെ കച്ചവടക്കാനും മുസ്‌ലീം ലീഗ് പ്രവര്‍ത്തകനുമാണ് മുഹമ്മദ് അഫ്‌സല്‍. നൂറിലേറെ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ജയ്ശ്രീറാം വിളിച്ച് പ്രകടനവുമായി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്.
മുസ്‌ലീം ലീഗ് പതാകക്കൊപ്പമുള്ള അഫ്‌സലിന്റെ ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളും ആര്‍.എസ്.എസിന്റെ മാഗഡി മണ്ഡലം ഫേസ്ബുക്ക് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്നാണ് ഇയാള്‍ വരുന്നതെന്നും കേരള മുസ്‌ലീമെന്ന് പറഞ്ഞ് ബിഡദിയില്‍ കച്ചവടം നടത്തുകയാണെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണം.
പോസ്റ്റ് പ്രചരിച്ചതിന് പിന്നാലെ അഫ്‌സല്‍ ബിഡദി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 35 വര്‍ഷം മുന്‍പ് കച്ചവടത്തിനായി ബിഡദിയില്‍ എത്തിയ അഫ്‌സല്‍ മുസ്‌ലീം ലീഗ് കര്‍ണ്ണാടക സംസ്ഥാന സമിതിയംഗവും കെ.എം.സി.സി മൈസൂരു റോഡ്- ബിഡദി ഏരിയാ വൈസ് പ്രസിഡണ്ട് കൂടിയാണ്.