എന്തിനാണ് തല്ലിയതെന്ന് അറിയില്ല, കുഞ്ഞിന്റെ ചോറൂണിനു വന്നതാണ്'; ശബരിമലയില്‍ യുവാവിനെ തല്ലിച്ചതച്ച് സംഘപരിവാറുകാര്‍
Sabarimala
എന്തിനാണ് തല്ലിയതെന്ന് അറിയില്ല, കുഞ്ഞിന്റെ ചോറൂണിനു വന്നതാണ്'; ശബരിമലയില്‍ യുവാവിനെ തല്ലിച്ചതച്ച് സംഘപരിവാറുകാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2018, 2:48 pm

സന്നിധാനം: ശബരിമലയില്‍ കുഞ്ഞിന്റെ ചോറൂണിന് എത്തിയ യുവാവിന് സംഘപരിവാറിന്റെ ക്രൂരമര്‍ദ്ദനം. ഇന്ന് രാവിലെയായിരുന്നു സംഭവം.

ശബരിമലയില്‍ ചോറൂണിനെത്തിയ തൃശൂര്‍ സ്വദേശി മൃദുലിനാണ് സംഘപരിവാറില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ശബരിമലയില്‍ എത്തിയ അയ്യപ്പ ഭക്തനായ യുവാവിന് നേരെ സംഘപരിവാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

“എന്തിനാണ് തല്ലിയതെന്ന് അറിയില്ല, കുഞ്ഞിന്റെ ചോറൂണിനു വന്നതാണ്”. അവര്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു-യുവാവ് പറഞ്ഞു.

നേരത്തെ സംഘപരിവാറുകാര്‍ ആക്രമിക്കാനായി ശ്രമിച്ച 52 വയസുകാരി ലളിതയുടെ ബന്ധുവാണ് മൃദുല്‍. ഇവര്‍ കുടുംബത്തോടെ സന്നിധാനത്ത് എത്തിയതായിരുന്നു.


‘അടിച്ചു കൊല്ലെടാ അവളെ’; ദര്‍ശനത്തിനെത്തിയ 52 കാരിയെ കൊല്ലാന്‍ ആക്രോശിക്കുന്ന അക്രമിയുടെ വീഡിയോ പുറത്ത്


ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ്സുകാരിയായ തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ശബരിമല ദര്‍ശനത്തിന് യുവതിയെത്തിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇവര്‍ക്ക് നേരെ പാഞ്ഞടുത്തത്.

ചെറുമക്കള്‍ ഉള്‍പ്പെടെ ഒരു സംഘമായാണു ലളിത ശബരിമല ദര്‍ശനത്തിനെത്തിയത്. വലിയ നടപ്പന്തലിലെത്തിയ ഇവര്‍ക്കുനേരെ പ്രതിഷേധക്കാര്‍ ആക്രോശവുമായി പാഞ്ഞടുക്കുകയായിരുന്നു.

എന്നാല്‍ ഇവര്‍ക്ക് 50 വയസ്സ് കഴിഞ്ഞതാണെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ അടങ്ങിയില്ല. ഇവരെ കൊല്ലാന്‍ ചിലര്‍ ആക്രോശം നടത്തുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

രാവിലെ ശബരിമല നടപ്പന്തലില്‍ എത്തിയ സ്ത്രീകളെ ഒരുവിഭാഗം പ്രതിഷേധക്കാര്‍ തടഞ്ഞത് വലിയ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇവര്‍ 50 വയസ്സ് തികഞ്ഞവരാണെന്ന് പൊലീസ് പറഞ്ഞെങ്കിലും ഭക്തരെന്ന് അവകാശപ്പെട്ട നൂറോളം പേര്‍ ഇവരെ തടയുകയായിരുന്നു. അക്രമത്തില്‍ രാധ എന്ന സ്ത്രീയുടെ കാലിന് പരിക്കേറ്റിരുന്നു.

തശ്ശൂര്‍ സ്വദേശിനിക്ക് പുറമെ നേരത്തെ ദര്‍ശനം നടത്തിമടങ്ങുകയും വീണ്ടും ദര്‍ശനത്തിനത്തുകയും ചെയത തമിഴ്നാട് സ്വദേശിനിക്ക് നേരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തില്‍ ഭയന്നുപോയ തൃശൂര്‍ സ്വദേശിനിയെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പതിനെട്ടാം പടിക്ക്തൊട്ടുതാഴെ വരെ കൂടിനിന്നായിരുന്നു അക്രമം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ക്കര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി.