തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് പൊലീസില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സംഘപരിവാര്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം. മാധ്യമം ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുഖ്യമന്ത്രിക്കും ഓഫിസിനും സുരക്ഷയൊരുക്കുന്നതിലടക്കം വീഴ്ച സംഭവിച്ചതും ഹര്‍ത്താലില്‍ വന്‍നഷ്ടം സംഭവിച്ചതും പൊലീസിലെ വി.എച്ച്.പി-ആര്‍.എസ്.എസ് ബുദ്ധികേന്ദ്രങ്ങള്‍ കരുത്താര്‍ജിച്ചതിന്റെ ഫലമാണെന്ന് പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍വിരുദ്ധ-വര്‍ഗീയ സന്ദേശങ്ങള്‍ പൊലീസ് വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ തന്നെ പ്രചരിപ്പിക്കുന്നു.
ALSO READ: കേരളത്തിനെതിരെ നുണ പറഞ്ഞ് മോദി; ബി.ജെ.പി പ്രവര്‍ത്തകരെ കൊന്നു കൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി
ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ സംസ്ഥാനവ്യാപകമായി സംഘപരിവാര്‍ ശക്തികള്‍ അക്രമം അഴിച്ചുവിട്ടിട്ടും കാഴ്ചക്കാരുടെ റോളിലേക്ക് പൊലീസ് മാറിയത് ഇതുമൂലമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. സ്‌പെഷല്‍ ബ്രാഞ്ചിലടക്കം ആര്‍.എസ്.എസ്-ബി.ജെ.പി ബന്ധമുള്ളവര്‍ പിടിമുറുക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രിക്കും ഓഫിസിനും ഒരുക്കിയ സുരക്ഷാവിവരങ്ങളും മുഖ്യമന്ത്രിയുടെ യാത്രാവിവരവും ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കളുടെ കൈകളിലെത്തി. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ രണ്ടുതവണ പ്രതിഷേധക്കാര്‍ എത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമവുമുണ്ടായി.
ജനുവരി രണ്ടിന് രാത്രി ജില്ല പൊലീസ് മേധാവിമാര്‍ക്കും ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പിമാര്‍ക്കും ഡി.ജി.പി നല്‍കിയ ഹര്‍ത്താല്‍ നിര്‍ദേശം നിമിഷങ്ങള്‍ക്കകം വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതിന് പിന്നില്‍ പൊലീസിലെ ആര്‍.എസ്.എസ് വിഭാഗമാണ്. നിര്‍ദേശം ചോര്‍ന്നതോടെ പലരും വീടുകളില്‍നിന്നും പാര്‍ട്ടി ഓഫിസുകളില്‍നിന്നും മാറി. ഇതുമൂലം, കരുതല്‍ തടങ്കല്‍ നടപ്പാക്കാനായില്ല.
വ്യാപാരികള്‍ക്ക് പോലും സംരക്ഷണം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഹര്‍ത്താല്‍ ദിനത്തിലെ പൊലീസിന്റെ അലംഭാവത്തിനെതിരെ സി.പി.ഐ.എമ്മും രംഗത്തെത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.
WATCH THIS VIDEO: