| Wednesday, 10th April 2019, 4:09 pm

വിമര്‍ശിക്കുന്നവരുടെ മതം ചികയുന്ന സംഘപരിവാര്‍

ജിതിന്‍ ടി പി

ഒരാളുടെ പേര് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് സംഘപരിവാറാണോ…

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ രാജ്യദ്രോഹികളാക്കി പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കുന്നതായിരുന്നു കഴിഞ്ഞ കാലം വരെ സംഘപരിവാര്‍ സംഘടനകളുടെ രീതി.

അതൊക്കെ മാറി… ഇപ്പോള്‍ തങ്ങളെ വിമര്‍ശിക്കുന്നവരുടെ മതവും ജാതിയും ചികഞ്ഞ് പേര് മാറ്റിക്കൊടുക്കുകയെന്നതാണ് സംഘപരിവാര്‍ ഐ.ടി സെല്‍ ചെയ്യുന്ന പണി.

കമല്‍ കമാലുദ്ദീനാകുന്നതും വിജയ്, വിജയ് ജോസഫാകുന്നതും ഷാനി പ്രഭാകരന്‍ അന്ന പ്രിജി ജോസഫാകുന്നതും ഏറ്റവുമൊടുവില്‍ അനുപമ അനുപമ ക്ലിന്‍സന്‍ ജോസഫാകുന്നതും ഇതിന്റെ തുടര്‍ച്ചയാണ്.

അതിനിപ്പോള്‍ എന്താ അവരുടെ പേരല്ലേ വിളിക്കുന്നത് എന്നാകും ചിലരുടെ ചോദ്യം. ഒരാളുടെ പേര് ചോദിച്ച അയാളുടെ ജാതി ഉറപ്പിക്കുന്ന ആളുകളുള്ള നാട്ടില്‍ ഈ ചോദ്യം ഉയര്‍ന്നാലും അതിശയിക്കേണ്ടതില്ല.

എന്നാല്‍ ആ വിളിയില്‍ വലിയ ഒരു വിഷം ഒളിഞ്ഞുകിടക്കുന്നുണ്ട്. ആ വിളിയത്ര നിഷ്‌കളങ്കമല്ലെന്ന് മനസിലാക്കാന്‍ വിളികള്‍ ഉയര്‍ന്നുകേട്ട സാഹചര്യമറിഞ്ഞാല്‍ മതി.

തമിഴ്നടന്‍ വിജയുടെ പേരിന് പിന്നില്‍ ഒരു ജോസഫ് വരുന്നത് എങ്ങനെയാണെന്ന് ഓര്‍ക്കുന്നില്ലേ…തന്റെ സിനിമയായ മെര്‍സലില്‍ ബി.ജെ.പി സര്‍ക്കാരുകളെ വിമര്‍ശിച്ചു എന്നതാണ് വിജയിയെ വിജയ് ജോസഫാക്കിയത്.

വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങള്‍ക്ക് പകരം ആശുപത്രി വേണം എന്നുള്ള ഡയലോഗ് സിനിമയില്‍ പറഞ്ഞതെന്നുമായിരുന്നു സംഘപരിവാരത്തിന്റെ വിമര്‍ശനം.

വിജയ്ക്ക് ജോസഫ് എന്നൊരു പേരുണ്ടെന്ന് കുറെപ്പേരെങ്കിലും അറിയുന്നത് മെര്‍സല്‍ എന്നൊരു ചിത്രം ഇറങ്ങിക്കഴിഞ്ഞപ്പോഴായിരുന്നു.

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരെ വിമര്‍ശനമുന്നയിച്ചതിനായിരുന്നു സംവിധായകന്‍ കമലിന്റെ മതം പറഞ്ഞു കൊണ്ട് സൈബര്‍ ആക്രമണം നടത്തിയത്. കമല്‍ എന്ന കമാലുദ്ധീന്‍ മുസ്ലിം ആയത് കൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു സംഘപരിവാറിന്റെ കണ്ടെത്തല്‍.

ഹാദിയ കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ ഹാദിയയെ അഖില എന്ന പഴയ പേരില്‍ പരാമര്‍ശിച്ച ബി.ജെ.പി നേതാവ് ജെ.ആര്‍ പത്മകുമാറിനെ തിരുത്തിയതാണ് ഷാനിയുടെ മതം ചികയാന്‍ സംഘപരിവാറിനെ പ്രേരിപ്പിച്ചത്.

അങ്ങനെ നമ്മള്‍ എല്ലാവരും കണ്ടും കേട്ടും പരിചയിച്ച ഷാനി പ്രഭാകര്‍ അന്ന പ്രിജി ജോസഫായി.

ഏറ്റവുമൊടുവില്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ.

ദൈവത്തിന്റെ പേരില്‍ വോട്ടുചോദിക്കാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പു കമ്മീഷണറുടെ നിര്‍ദേശം നടപ്പാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് അനുപമ അനുപമ ക്ലിന്‍സണ്‍ ജോസഫായത്.

തൃശ്ശൂരില്‍ അഹിന്ദുക്കള്‍ കളക്ടറാകാന്‍ പാടില്ലെന്ന് പറഞ്ഞത് ബി.ജെ.പിയുടെ ഇന്റലെക്ച്വല്‍ സെല്‍ തലവന്‍ ടി.ജി മോഹന്‍ദാസാണ്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കിടെ അഹിന്ദുവായ പൊലീസ് ഉദ്യോഗസ്ഥന്‍ അയ്യപ്പന്റെ ഫോട്ടോ കാല് കൊണ്ട തട്ടിത്തെറിപ്പിച്ചു എന്ന കള്ളം പ്രചരിപ്പിച്ചത് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ജാതി പറഞ്ഞുള്ള അധിക്ഷേപത്തിന് കാരണവും വര്‍ഗീയമായി ഭിന്നിപ്പിക്കുക എന്ന അജണ്ടയാണ്.

അതായത് സംഘപരിവാറിന്റെ അതിദേശീയതയെ ചോദ്യം ചെയ്തപ്പൊഴും അവരുടെ നേതാക്കളെ വിമര്‍ശിച്ചപ്പൊഴുമെല്ലാം നേരിടാനുള്ള വഴികളായിരുന്നു ജാതിയും മതവും.

ഒരു വ്യക്തിയുടെ സ്വാതന്ത്യവും തെരഞ്ഞെടുപ്പും ആണ് അയാള്‍ എങ്ങിനെ അറിയപ്പെടണമെന്നത്. അത് ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിവെച്ച പൗരന്റെ അവകാശമാണ്.

ആദ്യം നിന്റെ പേരും വിശ്വാസവും പറ. എന്നിട്ട് നിന്റെ ശബ്ദം ചെവിക്കൊള്ളണോ അതോ മുക്കിക്കളയണോ എന്ന് തീരുമാനിക്കാമെന്നല്ല ഇന്ത്യന്‍ ഭരണഘടന പറയുന്നത്.

അഖിലക്ക് ഹാദിയ എന്ന് അറിയപ്പെടാനാണ് ആഗ്രഹമെങ്കില്‍ ഹാദിയ എന്ന് തന്നെ വിളിക്കണം. ഷാനി ഷാനിയായും കമല്‍ കമലായും അനുപമ അനുപമയായും തന്നെ അറിയപ്പെടണം.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഗസറ്റില്‍ പേര് തിരുത്തുന്ന പണി കേരളത്തില്‍ നടപ്പാക്കാന്‍ സംഘപരിവാര്‍ മെനക്കടേണ്ടെന്ന് സാരം.

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.