| Sunday, 2nd December 2018, 3:52 pm

'ഇന്ത്യാ പസില്‍' ദേശസ്നേഹത്തെ മുറിവേല്‍പ്പിക്കുന്നത്; പ്രമോദ് രാമന് സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് രാമന് സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഭീഷണി. സമകാലിക മലയാളം ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച “ഇന്ത്യാ പസില്‍” എന്ന ചെറുകഥ വന്നതിന് ശേഷമാണ് ഭീഷണി. ദേശസ്നേഹത്തെ മുറിവേല്‍പ്പിക്കുന്നതാണ് കഥയെന്ന് പറഞ്ഞ് ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പ്രമോദ് രാമന്‍ പറയുന്നു.

പുതിയ കഥയില്‍ ഇന്ത്യയുടെ ഭൂപടം നടി വിദ്യാബാലന്റെ ശരീരത്തോട് ഉപമിച്ചുവെന്നും അത് തന്റെ ദേശസ്‌നേഹത്തെ മുറിവേല്‍പ്പിച്ചുവെന്നും പറഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫോണില്‍ വിളിച്ചെന്ന് പ്രമോദ് രാമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിക്കുകയായിരുന്നു.


ഇന്ത്യയുടെ ഭൂപടത്തെ നടി വിദ്യാബാലന്റെ ശരീരത്തോട് കഥയിലെ ഒരു കഥാപാത്രമായ കുഞ്ഞു ഉപമിക്കുന്നുണ്ട്. ഇതിനെതിരെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഭീഷണി. സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ സംഘപരിവാര്‍ സര്‍ക്കാരിനെ വിമര്‍ശനാത്മകമായി സമീപിക്കുന്നതാണ് പ്രമോദ് രാമന്റെ ഇന്ത്യാ പസില്‍ എന്ന കഥ.

നേരത്തെ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെയും എഴുത്തുകാരനെതിരെയും സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവല്‍ ഹരീഷ് പിന്‍വലിച്ചിരുന്നു. അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലതിതിലായിരുന്നു നോവല്‍.


നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്. ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി. കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

സംഘപരിവാറിന്റെ നിരന്തര സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്ന് സൈബര്‍ ഇടങ്ങളിലെ എഴുത്ത് നിര്‍ത്തിയെന്ന് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞിരുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ ഇനി എഴുതില്ലെന്നും സാറാ ജോസഫ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more