പാലക്കാട്: മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ച് വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തുവെന്ന് പരാതി. പാലക്കാട് ജില്ലയിലെ കറുകപുത്തൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പേരിലാണ് കല്യാണ മണ്ഡപം ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ വ്യാജ കത്ത് വന്നത്.
ചാത്തനൂര്‍ വെള്ളടിക്കുന്ന് റോഡരികില്‍ നിര്‍മിക്കുന്ന ‘രാജപ്രസ്ഥം’ കല്യാണ ഹാള്‍ ആര്‍.എസ്.എസുകാരന്റെതാണെന്നും അത് മുസ്‌ലിങ്ങള്‍ ബഹിഷ്‌കരിക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം.
എന്നാല്‍ കത്ത് തങ്ങളുടെതല്ലെന്ന് വ്യക്തമാക്കി കറുകപുത്തൂര്‍ മഹല്ല് കമ്മിറ്റി രംഗത്തെത്തി. കത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഇസ്‌ലാമിക പദാവലികള്‍ എല്ലാം തെറ്റാണെന്നാണ് മഹല്ല് കമ്മിറ്റിയുടെ ആരോപണം.
‘ഔദു മില്ലാഹി മിനി ശെഹ്ത്താന്‍ റജീം..’എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ബിസ്മില്ലാഹി റഹ്‌മാന്‍ റഹീം, അല്‍ഹംദുലില്ല’ എന്നുമുണ്ട്. കത്ത് മഹല്ല് കമ്മിറ്റിയുടേതാണ് തോന്നിക്കാനും ഇടയ്ക്കിടയ്ക്ക് ഹലാല്‍, ഖുര്‍ ആന്‍, കാഫിര്‍, നജസ് തുടങ്ങിയ പദാവലികളും ഉണ്ട്.
ഹറാമായ പരിപാടികള്‍ കല്ല്യാണ ഹാളില്‍ നടക്കുന്നതിനാല്‍ ഏകദൈവ വിശ്വാസികളുടെ ഹലാലായ പ്രവൃത്തികള്‍ നിഷേധിക്കപ്പെടുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്നും കത്തില്‍ പറയുന്നു. നവംബര്‍ രണ്ടിന് തയ്യാറാക്കിയ കത്തില്‍ ‘ഡിസ്പാച്ച്ഡ്’ എന്ന സീലും വെച്ചിട്ടുണ്ട്.
സംഘപരിവാര്‍ കേന്ദ്രങ്ങളാണ് കത്ത് വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നാണ് മഹല്ല് കമ്മിറ്റിയുടെ ആരോപണം. ഇതോടൊപ്പം വിദ്വേഷപ്രചാരണവും മുസ്‌ലിം സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള അഹ്വാനവും നടക്കുന്നുണ്ടെന്നും മഹല്ല് കമ്മിറ്റി അധികൃതര്‍ പറഞ്ഞു.
‘വെള്ളടിക്കുന്ന് കല്യാണ മണ്ഡപത്തിന്റെ പേരില്‍ വര്‍ഗീയ പ്രചരണം നടത്തി നമ്മുടെ നാട്ടില്‍ കലാപം ഉണ്ടാക്കുന്നതിന് വേണ്ടി ഏതോ ഒരു വര്‍ഗീയവാദി ഒരു നോട്ടിസ് പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആയത് കൊണ്ട് ഞങ്ങളുടെ കമ്മിറ്റിയിലോ ഞങ്ങളുടെ സമുദായത്തില്‍ പെട്ടവനോ ആണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല,’ എന്നാണ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് മൊയ്തു പ്രസ്താവനയിലൂടെ അറിയിച്ചത്.
ഇത്തരം നോട്ടീസുകളിലൊന്നും ഒരു ഹൈന്ദവ സഹോദരങ്ങള്‍ ഇസ്‌ലാം മത വിശ്വാസികളെയും മുസ്‌ലിം സമുദായത്തെയും തെറ്റിദ്ധരിക്കരുത് എന്നും അഭ്യര്‍ഥിക്കുന്നുവെന്നും മഹല്ല് കമ്മിറ്റി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.