കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കെതിരെ സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണം എത്തിനില്‍ക്കുന്നത് ഇവിടെ; എന്‍.ആര്‍.സി പശ്ചാത്തലത്തില്‍ ഒരന്വേഷണം
MIGRANT LABOURS KERALA
കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കെതിരെ സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണം എത്തിനില്‍ക്കുന്നത് ഇവിടെ; എന്‍.ആര്‍.സി പശ്ചാത്തലത്തില്‍ ഒരന്വേഷണം
ഹരിമോഹന്‍
Saturday, 28th December 2019, 5:20 pm
കേരളത്തിലെ അതിഥി സംസ്ഥാന തൊഴിലാളികളെക്കുറിച്ചും അവര്‍ക്കിടയിലെ ബംഗ്ലാദേശികളെക്കുറിച്ചും അവര്‍ക്കു നേരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെക്കുറിച്ചും വീണ്ടും സംസാരിക്കേണ്ടി വരുന്നത് ഇപ്പോള്‍ രാജ്യം ഉടനീളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും (എന്‍.ആര്‍.സി) പശ്ചാത്തലത്തിലാണ്.

‘ബോംബെയില്‍ നടക്കുന്ന പല കുറ്റകൃത്യങ്ങളുടെയും പിറകില്‍ മലയാളികളുണ്ട്. അതു പറഞ്ഞ് ബോംബെയില്‍ ജീവിക്കുന്ന മലയാളികളെ മറാത്താവാദം ഉയര്‍ത്തിപ്പിടിച്ച് പുറത്താക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാരും അവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി തീരുമാനിച്ചാല്‍ നിങ്ങള്‍ അതു സമ്മതിക്കുമോ? ഈ കേരളത്തില്‍ കഴിഞ്ഞ ഒരു മാസം നടന്ന കുറ്റകൃത്യങ്ങള്‍ നിങ്ങള്‍ എടുത്തുനോക്ക്. അതിനകത്ത് എത്ര ശതമാനമുണ്ട് അതിഥി തൊഴിലാളികള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍?

കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഈ പാവപ്പെട്ട തൊഴിലാളികളുടെ തലയില്‍ കെട്ടിവെച്ച് അവരെ മുഴുവന്‍ കേരളത്തില്‍ നിന്ന് ആട്ടിയോടിക്കണം എന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്?’

കേരളത്തില്‍ അനധികൃതമായി ബംഗാളികളും ബംഗ്ലാദേശികളും കുടിയേറിയതുകൊണ്ടു വലിയ രീതിയിലുള്ള അക്രമങ്ങള്‍ ഇവിടെ വര്‍ധിക്കുന്നുവെന്ന സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലായ കര്‍മ ന്യൂസിന്റെ വാദഗതികള്‍ക്ക് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ അവരുടെ സ്റ്റുഡിയോയില്‍ നടന്ന ചര്‍ച്ചയില്‍ നല്‍കിയ മറുപടിയാണിത്.

ഇതാദ്യമായല്ല സംഘപരിവാര്‍ ഇത്തരം വാദഗതികള്‍ ഉയര്‍ത്തുന്നത്. കേരളത്തില്‍, പ്രത്യേകിച്ച് പെരുമ്പാവൂരില്‍, മുഴുവന്‍ ബംഗ്ലാദേശികള്‍ ആണെന്നും അവരെ പുറത്താക്കണമെന്നും പറഞ്ഞുള്ള സംഘപരിവാറിന്റെ പ്രചാരണം ഏറെനാളായി സാമൂഹ്യ മാധ്യമങ്ങളിലും പൊതുവേദികളിലും നടക്കുന്നുണ്ട്. ഇതിനുള്ള മറുപടി കൂടിയായിരുന്നു വി.ഡി സതീശന്റേത്. അദ്ദേഹം ഈ വിഷയത്തില്‍ നടത്തിയ പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെയാണ്:

‘ബംഗാളികള്‍ക്ക് ഇവിടെ വരാന്‍ പാടില്ലേ? ഇത് ഇന്ത്യയല്ലേ. ബംഗാള്‍ ഒരു സംസ്ഥാനമല്ലേ. ആറിലൊന്നു മലയാളികള്‍ കേരളത്തിനു പുറത്താണു ജീവിക്കുന്നത്. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിലുള്ളതു കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഉള്ളതിനേക്കാള്‍ മലയാളികളാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികളാണ്. മധ്യപ്രദേശിലെ ബിലായില്‍ ചെന്നാല്‍ മലയാളികളാണ്. തമിഴ്‌നാട്ടില്‍ മലയാളികളുണ്ട്. ഏതു സംസ്ഥാനത്തു ചെന്നാലും മലയാളികളുണ്ട്. അപ്പോള്‍ ബംഗാളികള്‍ക്കു കേരളത്തിലേക്കു വരാന്‍ പാടില്ലെന്നു പറഞ്ഞാല്‍ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്ത് ഏതെങ്കിലും മലയാളികള്‍ക്കു ജീവിക്കാന്‍ കഴിയുമോ?

വി.ഡി സതീശന്‍

നിങ്ങളീ പറയുന്നതു പോലെ ഗള്‍ഫ് നാടുകളില്‍ മുഴുവന്‍ ജീവിക്കുന്നതു മലയാളികളല്ലേ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ അവര്‍ അവിടെനിന്ന് അയക്കുന്ന റെമിറ്റന്‍സല്ലേ. നമ്മുടെ ആളുകള്‍ ചെയ്യാത്ത ജോലി ചെയ്യാനാണ് അവര്‍ ഇവിടെ വരുന്നത്. ഇവിടെ ജോലി ഉണ്ടായിട്ടാണ് അവര്‍ വരുന്നത്. ഇവിടെ റോഡുപണിക്കു പോലും ആളുകള്‍ പോകാത്ത, വൈറ്റ് കോളര്‍ ജോലികളിലേക്കു മാത്രം പോകുന്ന അവസ്ഥയിലാണ് ഇവിടെയുള്ള ആളുകള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും പോയി അവരെ ഇവിടെ കൊണ്ടുവരുന്നത്.

അവരുടെ ഇടയില്‍ കുറ്റവാളികള്‍ ഉണ്ടാകും. അതിഥി തൊഴിലാളികളുടെ എണ്ണം കൂടുന്നതനുസരിച്ച് ആനുപാതികമായി കുറ്റകൃത്യം കൂടും. അതിനെ അഭിസംബോധന ചെയ്യാനുള്ള സംവിധാനം വേണം.’

അതിഥി തൊഴിലാളികളെ സംബന്ധിച്ചു നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. ‘അവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് വേണം. അവരെ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങള്‍ വേണം. അതു കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട കാര്യമാണ്. ഇതുപോലുള്ള പ്രാദേശിക വാദങ്ങളിലേക്കും വിവാദങ്ങളിലേക്കും അനാവശ്യമായ വാദങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെടുന്നത് ഒരു പ്രശ്‌നമാണ്. ഇന്ത്യ എന്ന ആശയത്തിന് എതിരായി നമ്മള്‍ സംസാരിക്കരുത്,’ അദ്ദേഹം പറഞ്ഞു.

വീണ്ടും സംസാരിക്കേണ്ടി വരുന്നത് ഈ പശ്ചാത്തലത്തിലാണ്

കേരളത്തിലെ അതിഥി തൊഴിലാളികളെക്കുറിച്ചും അവര്‍ക്കിടയിലെ ബംഗ്ലാദേശികളെക്കുറിച്ചും അവര്‍ക്കു നേരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെക്കുറിച്ചും വീണ്ടും സംസാരിക്കേണ്ടി വരുന്നത് ഇപ്പോള്‍ രാജ്യം ഉടനീളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും (എന്‍.ആര്‍.സി) പശ്ചാത്തലത്തിലാണ്. കേരളത്തില്‍ എത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് ഇടയില്‍ ബംഗ്ലാദേശികള്‍ ഉണ്ടെന്നും അവര്‍ അനധികൃതമായി കുടിയേറി വന്നതാണെന്നുമുള്ള പ്രചാരണം പുതുതാണെങ്കിലും അതിഥി തൊഴിലാളികള്‍ ഈ വിദ്വേഷ പ്രചാരണത്തിനു കാലങ്ങളായി ഇരകളായിക്കൊണ്ടിരിക്കുകയാണ്.

 

ഇതു സമീപകാലത്തു തുടങ്ങിയ വിദ്വേഷ പ്രചാരണമൊന്നും അല്ല എന്നതാണു വാസ്തവം. ഇവര്‍ക്കെതിരെ കാലങ്ങളായി സംഘപരിവാര്‍ വിദ്വേഷ പ്രചാരണം അഴിച്ചു വിടുന്നതായി ചില ബി.ജെ.പി സംസ്ഥാന നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

അതിലൊന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പ്രസ്താവനയാണ്. ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചാണു തൊഴിലാളികള്‍ ഇവിടെ എത്തുന്നതെന്നും ഇവര്‍ കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിനു വലിയ ഭീഷണിയാണെന്നും സുരേന്ദ്രന്‍ 2018 ഓഗസ്റ്റ് രണ്ടിന് ഫേസ്ബുക്കില്‍ അവകാശപ്പെട്ടിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘കേരളത്തില്‍ ഏതാണ്ട് മുപ്പതുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരില്‍ ഭൂരിപക്ഷം ബംഗാളികളാണ്. ഈ കൂട്ടത്തില്‍ ആയിരക്കണക്കിനാളുകള്‍ ബംഗ്ലാദേശികളാണെന്ന് കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാള്‍ ആസാം എന്നിവിടങ്ങളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് ഇത്തരക്കാര്‍ ഇവിടെയെത്തുന്നത്.

കെ. സുരേന്ദ്രന്‍

കേരളത്തിലെ വോട്ടര്‍പട്ടികയില്‍ ഇവരില്‍ ചിലരെങ്കിലും പേരും ചേര്‍ത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് വലിയ ഭീഷണിയാണ് ഇതുണ്ടാക്കാന്‍ പോകുന്നത്. കേരളത്തില്‍ ഈ അടുത്തകാലത്തായി ഭീകരപ്രവര്‍ത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കൂടി കണക്കിലെടുത്തുകൊണ്ട് ഈ പൗരന്‍മാരെ കണ്ടെത്തി തിരിച്ചയക്കാന്‍ അടിയന്തിര നടപടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം.’

ഇക്കഴിഞ്ഞ ദിവസം (ഡിസംബര്‍ 19) ജന്മഭൂമി പത്രത്തിലും തുടര്‍ന്ന് അവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലും പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത അവരുടെ പ്രഖ്യാപിത നിലപാട് തുറന്നു കാണിക്കുന്നതായിരുന്നു. കേരളത്തില്‍ അതിഥി തൊഴിലാളികള്‍, കൃത്യമായി പറഞ്ഞാല്‍ ഹിന്ദി സംസാരിക്കുന്നവര്‍ സംഘടന രൂപീകരിക്കാന്‍ പോകുന്നതു ചൂണ്ടിക്കാട്ടിയായിരുന്നു വാര്‍ത്ത.

‘ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഒരു വേദി; സംസ്ഥാനത്ത് ഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍ക്കായും പുതിയ സംഘടന ഒരുങ്ങുന്നു’ എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയുടെ മധ്യ ഭാഗത്തു നടത്തിയ നിരീക്ഷണങ്ങള്‍ മേല്‍പ്പറഞ്ഞ അജണ്ട വ്യക്തമാക്കുന്നു.

‘സംസ്ഥാനത്തെ തൊഴിലാളി സമരങ്ങള്‍ നിരവധിയായതോടെയാണ് അന്യ സംസ്ഥാന തൊഴിലാളികളിലേക്ക് നീങ്ങാന്‍ തുടങ്ങിയത്. ഇവരും സംഘടനയുണ്ടാക്കിയതോടെ ഭാവിയില്‍ എന്താകുമെന്ന് കണ്ടറിയണം.

ജന്മഭൂമി പത്രത്തിലും തുടര്‍ന്ന് അവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലും പ്രസിദ്ധീകരിച്ച വാര്‍ത്ത

അതേസമയം ഇതര സംസ്ഥാന തൊഴിലാളികള്‍ ഒത്തുചേരുന്നത് ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ആശങ്കയും ഉയരുന്നുണ്ട്. അടുത്ത കാലത്തായി കേരളത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തൊഴിലാളികളില്‍ പലരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതോടെ മലയാളികള്‍ ഇവരെ സംശയ ദൃഷ്ടിയോടെയാണ് നോക്കുന്നത്.’

വിദ്വേഷ പ്രചാരണം മൂര്‍ധന്യത്തിലെത്തിയത് പെരുമ്പാവൂര്‍ കേസില്‍

കേരളത്തെ നടുക്കിയ, ഒട്ടേറെ രാഷ്ട്രീയ കോലാഹലങ്ങള്‍ വരെ സൃഷ്ടിച്ച ഒന്നായിരുന്നു പെരുമ്പാവൂരില്‍ യുവതിയെ ലൈംഗികമായി ആക്രമിച്ച ശേഷം കൊലപ്പെടുത്തിയ കേസ്. അമ്പതാമത്തെ ദിവസമാണ് കൊലപാതകിയെന്നു സംശയിക്കപ്പെടുന്ന ആളെ പൊലീസ് പിടികൂടിയത്. ഒരുപക്ഷേ, സംഘപരിവാര്‍ അതിഥി തൊഴിലാളികള്‍ക്ക് എതിരായ പ്രചാരണം നടത്തുന്നതു മൂര്‍ധന്യത്തിലെത്തിയത് ഈ കേസിന്റെ പശ്ചാത്തലത്തിലായിരിക്കും.

പെരുമ്പാവൂരില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു ജോലിക്കെത്തിയ അമീറുള്‍ ഇസ്‌ലാമിനെ ഒടുവില്‍ കൊലപാതകിയായി പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ചില മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ സംഘപരിവാര്‍ ഗ്രൂപ്പുകളും സജീവമായി. ഉദ്ദേശ്യം അത്ര നല്ലതല്ലെന്നു സൂക്ഷിച്ചു നോക്കിയാല്‍ വ്യക്തമാകും.

ഇതു സംബന്ധിച്ച് അക്കാലത്ത് മംഗളം പത്രം നല്‍കിയ ഒരു വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘കൊലപാതകങ്ങള്‍ കഴുത്തറുത്തും വികൃതമാക്കിയും; അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തെ വിറപ്പിക്കുന്നു.’ വാര്‍ത്തയില്‍ പറയുന്നതിങ്ങനെ- ‘ഇന്ത്യയില്‍ ഉടനീളം വലിയ ചര്‍ച്ചാ വിഷയമായി മാറിയ ജിഷാ വധക്കേസില്‍ കൂടി പിടിയിലായതോടെ അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ഉടനീളം ഭീതിയായി മാറുന്നു.

അഞ്ചു വര്‍ഷത്തിനിടയില്‍ കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളില്‍ പലതിലും പ്രതികള്‍ അന്യ സംസ്ഥാനക്കാര്‍ ആണെന്നതാണ് ജിഷയുടെ ഘാതകനിലേക്കും പൊലീസിനെ നയിച്ചത്. കൊലപാതകത്തില്‍ സ്വീകരിക്കുന്ന ക്രൂരതയും കണ്ണിച്ചോരയില്ലായ്മയുമാണ് ഇക്കാര്യത്തിലെ പ്രത്യേകതകള്‍. മനുഷ്യത്വ രഹിതമായ കൊലപാതകങ്ങളും മൃതദേഹങ്ങളോടു കാട്ടുന്ന ക്രൂരതകളുടെയും സാമ്യതയാണ് ജിഷാ വധക്കേസില്‍ പ്രതി അന്യ സംസ്ഥാനക്കാരനെന്ന ആദ്യ നിരൂപണത്തിലേക്ക് പൊലീസിനെ എത്തിച്ചതെന്നു വ്യക്തം.’

വാര്‍ത്തയിലെ മറ്റൊരു ഭാഗത്ത് പറയുന്നത് ഇങ്ങനെയാണ്:

പാറമടകള്‍, ക്രഷറുകള്‍, ഇഷ്ടികക്കളങ്ങള്‍, പ്ലൈവുഡ് കമ്പനികള്‍, കെട്ടിട നിര്‍മാണ മേഖലകള്‍ തുടങ്ങി പ്രധാന ജോലികളും ഇവര്‍ കൈയടക്കി. തടിവ്യവയാസവും ഫര്‍ണിച്ചര്‍ നിര്‍മാണവും ക്രഷറുകളും പ്ലൈവുഡ് കമ്പനികളും ഏറെയുള്ള പെരുമ്പാവൂരും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് അഞ്ചു ലക്ഷത്തിലേറെ ഇതര സംസ്ഥാനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ലഹരിക്ക് അടിമപ്പെട്ടവരും ഉണ്ട്.

മംഗളം പത്രം നല്‍കിയ വാര്‍ത്ത

കൊടും കുറ്റവാളികള്‍ മുതല്‍ തീവ്രവാദ പ്രവര്‍ത്തകര്‍ വരെ തൊഴിലാളിയെന്ന ലേബല്‍ മറയാക്കി കേരളത്തിലുണ്ട്. ഒഡിഷ, ഗുജറാത്ത്, യു.പി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കു പുറമേ ബംഗ്ലാദേശികളും തമ്പടിക്കുന്നുണ്ട്. ജോലിയുടെ മറവില്‍ സുരക്ഷിതമായ ഒളിത്താവളങ്ങള്‍ തേടിയെത്തുന്ന കുറ്റവാളികളും ഉണ്ട്.

മയക്കുമരുന്നു ശീലവും ലൈംഗികതയോടു കാട്ടുന്ന അമിത താത്പര്യത്തിനും പുറമേ പെട്ടെന്നു പ്രകോപിതരാവുന്ന പ്രകൃതക്കാരാണ് ഇവര്‍. ഇരകളുടെ തലയ്ക്കു പ്രഹരിച്ചു കീഴടക്കി ആക്രമിക്കുന്ന സ്വഭാവക്കാരാണ് ഇക്കൂട്ടരെന്ന് പൊലീസും സമ്മതിക്കുന്നു. കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ തെളിവുകള്‍ യാതൊന്നും അവശേഷിപ്പിക്കാതെ മിന്നല്‍ വേഗത്തില്‍ സ്വദേശത്തേക്കു മടങ്ങാനും പ്രത്യേക മിടുക്കാണ് ഇവര്‍ക്ക്.’

മുഖ്യധാരാ മാധ്യമമായ മാതൃഭൂമിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്തയുടെ ഉള്ളടക്കം പറയുന്നത് ഇങ്ങനെയാണ്: ‘അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു അന്യ സംസ്ഥാനക്കാരനാകാം കൊലയാളി എന്ന് അന്വേഷണ സംഘത്തിനു സംശയം ഉണ്ടായിരുന്നു. അതിനുള്ള പ്രധാന കാരണം കൊല നടത്തിയ രീതി തന്നെയായിരുന്നു.

മാതൃഭൂമിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്ത

കേരളത്തില്‍ നാളിതുവരെ കേട്ടുകേള്‍വിയില്ലാത്തത്ര മൃഗീയവും പൈശാചികവുമായ രീതിയിലാണു കൊല നടത്തിയത്. അന്യ സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള സ്ഥലമാണു പെരുമ്പാവൂര്‍. കുറ്റകൃത്യത്തിന്റെ രീതിയും സ്ഥലവും സംശയം ബലപ്പെടുത്തി.’

ഇനി മറ്റൊരു കൂട്ടരുണ്ട്. അതിഥി തൊഴിലാളികളെ തങ്ങള്‍ അടച്ചു കുറ്റം പറയുന്നില്ലെന്നു വരുത്തിത്തീര്‍ക്കുകയും എന്നാല്‍ പൊതുബോധത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നവര്‍. അതിനു കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസ് ഈ മാസം പ്രസിദ്ധീകരിച്ച (ഡിസംബര്‍ അഞ്ചിന്) ‘ഇതര സംസ്ഥാന തൊഴിലാളികളെ ഭയക്കുന്നോ കേരളം?’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കേസ് ഡയറി എന്ന പരിപാടി ഉദാഹരണമാണ്.

അതിഥി തൊഴിലാളികളുടെ കൊലപാതക രീതികള്‍ വിവരിച്ചു കൊണ്ടുള്ള പരിപാടിയായിരുന്നു ഇത്. കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വളരെ ചെറിയ ശതമാനം മാത്രം, അതായതു വിരലിലെണ്ണാവുന്ന ചില കേസുകള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ചാണ് അതില്‍ കൊലപാതക രീതികള്‍ അവതരിപ്പിച്ചത്. ബാലന്‍സ് ചെയ്യാനായി പരിപാടി അവസാനിക്കുന്ന സമയം ‘എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും താറടിച്ചു കാണിക്കുകയല്ല ചെയ്തത്’ എന്ന് അവതാരിക പറയുകയും ചെയ്തിട്ടുണ്ട്.

ഇതു മുഖ്യധാരാ മാധ്യമങ്ങളുടെ കാര്യം. സാമൂഹ്യ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ഇതിനെയും കവച്ചു വെയ്ക്കുന്നതാണ്. ഫേസ്ബുക്കിലെ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകള്‍ ഒന്നില്‍ വന്ന പോസ്റ്റ് ഇങ്ങനെയാണ്:

‘വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. നമ്മുടെ നാട്ടില്‍ എത്തിയിട്ടുള്ള ബംഗാളികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ അല്ല. മറിച്ച് ബംഗ്ലാദേശികളാണ്. അധികം പൊക്കം ഇല്ലാത്തവരും താടിയും മീശയും കുറഞ്ഞവരുമാണ് അവര്‍. ഇവര്‍ ബുദ്ധി കുറഞ്ഞവരും ആളുകളെ അതിക്രൂരമായി മര്‍ദ്ദിക്കുന്നവരും കൊല്ലുന്നവരും സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നവരുമാണ്.

അതിഥി തൊഴിലാളികള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ പോയവര്‍ക്ക് ഇവരെ പറ്റി കൃത്യമായ ധാരണ ഉണ്ടാകും. ഗള്‍ഫ് നാടുകളില്‍ ഇവര്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കൂട്ടമായി താമസിക്കുന്നവരും പരസ്പരം തല്ലു കൂടുന്നവരുമാണ്. എന്നാല്‍ എതിരാളികളെ ഇവര്‍ കൂട്ടമായി ആക്രമിക്കുകയും ചെയ്യും. ഗള്‍ഫിലെ അറബികളെ പോലും ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫിലൊക്കെ ഒറ്റത്തവണ ഇവര്‍ വന്നാല്‍ അഞ്ചും പത്തും വര്‍ഷം കഴിഞ്ഞാണു തിരിച്ചു പോവുക. ചിലര്‍ പോവുകയുമില്ല. നമ്മുടെ നാട്ടില്‍ ഇവര്‍ ഇങ്ങനെ നിന്നേക്കാം. ഗള്‍ഫ് നാടുകളില്‍ അധികാരമുള്ള അറബികളും മുന്നും പിന്നും നോക്കാതെ പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനികളും ബംഗ്ലാദേശികളോടു വളരെ ശ്രദ്ധിച്ചേ ഇടപെടാറുള്ളൂ.

ഇവരെ നാം വളരെയധികം കരുതിയിരിക്കണം. പ്രത്യേകിച്ചു നമ്മുടെ സഹോദരിമാര്‍. കാരണം, ഈ കൂട്ടര്‍ സ്ത്രീകളെ വളരെയധികം കാമാസക്തിയോടെയാണു നോക്കുക. തക്കം കിട്ടിയാല്‍ ഉപദ്രവിക്കുകയും ചെയ്യും. ഒറ്റയ്ക്കു വീട്ടില്‍ താമസിക്കുന്നവരും രാത്രികാലങ്ങളില്‍ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകളും എപ്പോഴും ശ്രദ്ധിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാരണം, ബംഗ്ലാദേശ് സര്‍ക്കാരിന്റെ കണക്കു പ്രകാരം ലക്ഷക്കണക്കിനു യുവാക്കള്‍ ആ രാജ്യത്തു നിന്ന് അപ്രത്യക്ഷരായിട്ടുണ്ട്. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പറഞ്ഞത്, ലക്ഷക്കണക്കിനു ബംഗ്ലാദേശികള്‍ ഭാരതത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ്. ഇപ്പോള്‍ തന്നെ നിര്‍മാണ മേഖലയില്‍ നമ്മുടെ നാട്ടുകാരുമായി ചില തര്‍ക്കങ്ങളും ചെറിയ അടിപിടികളും തുടങ്ങിയിട്ടുണ്ട്. നമ്മള്‍ സ്വയം കരുതിയിരിക്കുക. കേരളത്തില്‍ ഇതിനെ പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചിന്തിക്കാന്‍ ഒരുപാട് സമയമെടുക്കും. അതു നമുക്ക് ഏവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. ആയതിനാല്‍ ഏവരും നമ്മുടെ സുരക്ഷ ഉറപ്പ് വരുത്തുക. ഇത് ഒരു അപേക്ഷയായി കാണുക.’

ജിഷയുടെ കൊലപാതകി മുസ്‌ലിമായതിന്റെ പേരില്‍ മാത്രം കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ അവരിലേക്കു മാത്രമായി ഒതുക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയും ഇതിനു പിന്നിലുണ്ടെന്നു തെളിയിക്കുന്ന മറ്റൊരു പോസ്റ്റ് ഇതാണ്:

‘കശ്മീരില്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ചവന്‍ മനോരോഗി, ഫ്രാന്‍സില്‍ പൊലീസുകാരനെയുംവ ഭാര്യയെയും മകന്റെ മുന്നില്‍ വെച്ചു കുത്തിക്കൊന്നവന്‍ മനോരോഗി, അമേരിക്കന്‍ ടീച്ചറെ വെറുതെ കുത്തിക്കൊന്ന സ്ത്രീ മനോരോഗി, ഐ.എസ്, ബൊക്കോ ഹറാം പോലുള്ള ഇസ്‌ലാമിക ഭീകര സംഘടനകളിലെ ജിഹാദികള്‍ മനോരോഗികള്‍, ഇപ്പോള്‍ ജനനേന്ദ്രിയം വഴി കുടല്‍മാല വലിച്ചു പുറത്തിട്ട് ജിഷയെ കൊന്നവനും ലൈംഗിക വൈകൃതം കാണിക്കുന്ന മനോരോഗി. ഇതെന്താ ഒരു മത വിഭാഗത്തിലെ ഭൂരിപക്ഷവും ഇങ്ങനെ മനോരോഗികളാവുന്നത്?’

പ്രചാരണങ്ങളുടെ ലക്ഷ്യം രാഷ്ട്രീയം

ഏകദേശം 30 ലക്ഷത്തില്‍ അധികം അതിഥി തൊഴിലാളികളാണു കേരളത്തിന്റെ വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്നത്. അനധികൃതമായി കുടിയേറി വന്നവരാണ് ഇവരെന്ന പ്രചാരണമാണ് ആദ്യ ഘട്ടത്തില്‍ പ്രചരിക്കുക. എന്നാല്‍ ഇത് ഒരു കാരണവശാലും ശരിയല്ല. മലയാളി ഏജന്റ് മുഖേനയാണ് ഇതില്‍ ഭൂരിഭാഗവും ജോലിക്കായി എത്തുക. അങ്ങനെയല്ല എന്നുണ്ടെങ്കില്‍ ഇതു നിയമപ്രശ്‌നം ഉണ്ടാക്കും. ചെറിയൊരു ശതമാനം ഈ വഴിയല്ലാതെ കേരളത്തില്‍ എത്തുന്നുണ്ടെന്നത് അംഗീകരിച്ചാല്‍ പോലും കുടിയേറ്റക്കാരെന്ന വാദത്തെ ഖണ്ഡിക്കാന്‍ കഴിയും.

അതിഥി തൊഴിലാളികള്‍ ജോലിക്കിടെ

അടുത്ത ഘട്ടം ഇവരെ കൂട്ടത്തോടെ ബംഗാളികളും തുടര്‍ന്ന് ബംഗ്ലാദേശികളും അതുവഴി മുസ്‌ലിങ്ങളും ആക്കുകയാണു സംഘപരിവാറിന്റെ രീതി. എന്നാല്‍ ബംഗാളികള്‍ മാത്രമല്ല കേരളത്തില്‍ ജോലിക്കായി എത്തുന്നത്. ഗുജറാത്ത്, ഒഡിഷ, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, അസം, ദല്‍ഹി, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തില്‍ വര്‍ഷങ്ങളായി ജോലിയെടുക്കുന്നുണ്ട്.

കേരളത്തിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പത്തിലധികം വര്‍ഷങ്ങളായി ജോലി ചെയ്യുന്ന കര്‍ണാടക സ്വദേശികളെക്കുറിച്ച് ഈ മാസം ഡൂള്‍ന്യൂസ് ഒരു വീഡിയോ സ്‌റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. ഇതര സംസ്ഥാനക്കാരായിട്ടു കൂടി ‘ബത്തേരിയുടെ കാവല്‍ക്കാര്‍’ എന്നാണ് വയനാട്ടുകാര്‍ക്കിടയില്‍ ഇവര്‍ അറിയപ്പെടുന്നത്.

സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം കൃത്യമായി മനസ്സിലാക്കാതെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഈ പ്രചാരണം പലരും ഏറ്റെടുക്കുന്നതും കൂടുതല്‍ പ്രചരിപ്പിക്കുന്നതും.

പ്രചാരണങ്ങളില്‍ നഷ്ടപ്പെടുന്നത്

വിദ്വേഷ പ്രചാരണങ്ങളില്‍ കേരളത്തില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണു കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ പ്രളയം. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം വേണ്ട വിധത്തില്‍ ലഭിക്കാതെ പോയ വിഭാഗമായിരുന്നു അതിഥി തൊഴിലാളികള്‍. അതിഥി തൊഴിലാളികള്‍ ഏറ്റവും അധികം പണിയെടുക്കുന്ന ജില്ലകളാണ് എറണാകുളം, പത്തനംതിട്ട, വയനാട്, പാലക്കാട് എന്നിവിടങ്ങള്‍. ഇവിടങ്ങളില്‍ തന്നെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചതും.

എന്നാല്‍ ദുരന്ത സമയത്ത് അതിഥി തൊഴിലാളികള്‍ക്കു വേണ്ട പരിഗണന ലഭിച്ചില്ലെന്നതാണു വാസ്തവം. അവരോടു മലയാളികള്‍ പുലര്‍ത്തുന്ന രണ്ടാം കിട മനോഭാവവും വിദ്വേഷ പ്രചാരണത്തിന്റെ പ്രതിഫലനവും രക്ഷാപ്രവര്‍ത്തനത്തില്‍ കണ്ടു. തൊഴില്‍ ചൂഷണവും വംശീയ അധിക്ഷേപങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും എല്ലാം അടക്കം നിരവധി പ്രതികൂലാവസ്ഥകളെ തരണം ചെയ്താണ് അതിഥി തൊഴിലാളികള്‍ കേരളത്തില്‍ ജീവിച്ചു പോകുന്നതെന്ന് പ്രളയത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിച്ച സംഘത്തിലെ കെ. സഹദേവന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

പ്രളയ കാലത്ത് അതിഥി തൊഴിലാളികള്‍ കെ. സഹദേവനൊപ്പം

കേരളത്തിലെ അതിഥി തൊഴിലാളികള്‍ വളരെ ശോചനീയമായ തൊഴില്‍ സാഹചര്യങ്ങളിലാണു പലയിടങ്ങളിലും ജോലി ചെയ്യുന്നതും താമസിക്കുന്നതും. അഞ്ചു പേര്‍ താമസിക്കേണ്ട ഇടങ്ങളില്‍ 50 പേര്‍ താമസിച്ചും ആവശ്യത്തിനു ശുചിമുറി സൗകര്യമില്ലാത്ത വൃത്തിഹീനമായ സാഹചര്യങ്ങളിലും ആണ് ഇവര്‍ ജീവിക്കുന്നതെന്ന് ഡൂള്‍ന്യൂസില്‍ ഈ വര്‍ഷം ഡിസംബര്‍ ഏഴിനു പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ശ്രീനാഥ് നെന്മണിക്കര പറയുന്നു.

മാത്രമല്ല, മറ്റെവിടെ ജോലി ചെയ്താലും ഇവര്‍ക്കു ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ കേരളത്തില്‍ ഇവര്‍ക്ക് അന്യം നില്‍ക്കുന്നു. പി.എഫ് തുടങ്ങിയ അംഗീകൃത തൊഴിലാളികള്‍ക്കുള്ള ഒന്നും ഇവര്‍ക്കു ലഭിക്കുന്നില്ല. രാഷ്ട്രീയ-സാമൂഹ്യ-തൊഴില്‍ സംഘടനകള്‍ ഇവരുടെ പ്രശ്‌നങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നു. കഴിഞ്ഞ ഓണക്കാലത്ത് ഓട്-ടൈല്‍സ് കമ്പനികളില്‍ ജോലി ചെയ്യുന്ന 70 ശതമാനത്തിലേറെ അതിഥി തൊഴിലാളികളെ അവഗണിച്ച്, കേവലം 20 ശതമാനത്തില്‍ താഴെ വരുന്ന തൊഴിലാളികള്‍ മാത്രം ഓണം ബോണസ് നേടിയെടുത്തു എന്നു പറഞ്ഞു തൊഴിലാളി സംഘടനാ നേതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും പ്രസ്താവന വരെ ഇറക്കിയിരുന്നു.

ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍