| Thursday, 3rd January 2019, 6:34 pm

ഹര്‍ത്താലില്‍ തകര്‍ത്തത് 100 കെ.എസ്.ആര്‍.ടി.സി ബസുകള്‍; ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടം ഈടാക്കുമെന്ന് തച്ചങ്കരി, ബാങ്ക് അക്കൗണ്ട് പൊലീസിന് കൈമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംഘപരിവാര്‍ ഇന്ന് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നേരെ വ്യാപകമായ ആക്രമണമാണ് ഉണ്ടായതെന്ന് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി. സംസ്ഥാനത്ത് 100 ബസ്സുകളാണ് രണ്ട് ദിവസത്തിനിടെ തകര്‍ക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

അക്രമത്തെത്തുടര്‍ന്ന് കോര്‍പ്പറേഷനുണ്ടായ നഷ്ടം 3.35 കോടിരൂപയാണ്.ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിലും ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുമാണ് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ആക്രമിക്കപ്പെട്ടത്.

തകര്‍ക്കപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അണിനിരത്തിക്കൊണ്ടുള്ള വിലാപയാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ടോമിന്‍ തച്ചങ്കരി നാശനഷ്ടങ്ങളുടെ കണക്കുകള്‍ വിശദീകരിച്ചത്.

ALSO READ: സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെ പാലക്കാട് എല്‍.ഡി.എഫ് പ്രതിഷേധം; ബി.ജെ.പി ഓഫീസിന് നേരെ കല്ലേറ്

ബസ്സുകള്‍ തകര്‍ക്കപ്പെട്ടതുമൂലം ഉണ്ടായ നഷ്ടം മാത്രമാണ് വിലയിരുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വീസുകള്‍ മുടങ്ങുന്നതുമൂലം ഉണ്ടായകുന്ന നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കും. ബസ്സുകള്‍ നന്നാക്കി സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍കഴിയുന്ന തരത്തിലാക്കാന്‍ ദിവസങ്ങളോ മാസങ്ങളോ വേണ്ടിവന്നേക്കാം.

വോള്‍വോ, സ്‌കാനിയ തുടങ്ങിയ ബസ്സുകളുടെ സ്പെയര്‍പാര്‍ട്സുകള്‍ വിദേശത്തുനിന്ന് എത്തിക്കേണ്ടിയും വന്നേക്കാം. ഇതുമൂലം ബസ്സുകള്‍ നന്നാക്കാന്‍ കാലതാമസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബസുകള്‍ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കുമെന്ന് തച്ചങ്കരി പറഞ്ഞു. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസിന് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more