| Thursday, 13th December 2018, 2:16 pm

തോറ്റത് മോദിയുടെ കുഴപ്പം കൊണ്ടല്ല; ഇന്ത്യക്കാരുടെ ദുശീലം കാരണം; തോല്‍വിക്കു പിന്നാലെ ന്യൂയോര്‍ക്ക് ടൈംസിന്റെ പേരില്‍ വ്യാജപ്രചരണവുമായി സംഘപരിവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഇന്ത്യന്‍ വോട്ടര്‍മാരെ കുറ്റപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസിന്റെ പേരില്‍ വ്യാജ പ്രചരണം. ഇന്ത്യക്കാരുടെ വോട്ടിങ് പാറ്റേണില്‍ നിന്നും വ്യക്തമാകുന്ന കുറച്ചു പാഠങ്ങള്‍ എന്ന പേരില്‍ ന്യൂയോര്‍ക്ക് ടൈംസ് ന്യൂസില്‍ വന്ന കുറിപ്പ് എന്ന പേരിലാണ് സോഷ്യല്‍ മീഡിയവഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്.

നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്കായി പ്രചരണം നടത്തുകയും പിന്നീട് ബി.ജെ.പിയില്‍ നിന്നു വിട്ടുപോരുകയും ചെയ്ത ശിവം ശങ്കര്‍ സിങ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെയാണ് ഇത്തരമൊരു പ്രചരണം വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെടുത്തിയത്.

എന്തും വില കുറച്ചു കിട്ടണമെന്നതാണ് ഇന്ത്യക്കാരുടെ പ്രശ്‌നം. ഈ ശീലമാണ് മോദിയെപ്പോലുള്ള ഭരണകൂടത്തെ ഇന്ത്യന്‍ ജനത ഇപ്പോള്‍ തള്ളിപ്പറയാന്‍ കാരണമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തലെന്നാണ് പ്രചരണം.

വ്യാജപ്രചരണം ഇങ്ങനെ:

ധനകമ്മിയെക്കുറിച്ച് ഇന്ത്യന്‍ ജനത മനസിലാക്കുന്നില്ല. അത് 2.4% അല്ലെങ്കില്‍ 3.4% ആയാലും അവര്‍ക്കു പ്രശ്‌നമല്ല. സബ്‌സിഡി അല്ലെങ്കില്‍ സൗജന്യം എന്നതിനര്‍ത്ഥം ആരെങ്കിലും കടംവാങ്ങുന്നു, ഇത് ആരെങ്കിലും തിരിച്ചടക്കണം എന്നതാണെന്ന് അവര്‍ മനസിലാക്കുന്നില്ല.

ഇന്ത്യന്‍ ജനത ജി.ഡി.പി നിരക്കിനെക്കുറിച്ചും ബോധവാന്മാരല്ല. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ജി.ഡി.പി യു.കെ, ജപ്പാന്‍, യു.എസ്.എ എന്നീ രാജ്യങ്ങളെ മറികടന്ന് 3.8ല്‍ നിന്നും 7.4 ആയി വര്‍ധിച്ചതൊന്നും അവര്‍ക്കു പ്രശ്‌നമല്ല.

ഇന്ത്യന്‍ ജനത എല്ലായ്‌പ്പോഴും പരാതിപ്പെട്ടുകൊണ്ടിരിക്കും. അത് ഉള്ളിവിലയെക്കുറിച്ചല്ലെങ്കില്‍, പരിപ്പുവിലയെക്കുറിച്ച്. അതുമല്ലെങ്കില്‍ പെട്രോള്‍ ഡീസല്‍ വിലയെക്കുറിച്ച്. അവര്‍ക്ക് എന്തും വില കുറച്ചു കിട്ടണം. അതേസമയം കര്‍ഷകരുടെ ചരക്കിന് കൂടുതല്‍ വിലയും വേണം.

ഇന്ത്യന്‍ ജനതയോട് പഴയ ശീലങ്ങള്‍ മാറ്റാന്‍ പറഞ്ഞിട്ട് കാര്യമില്ല. സര്‍ക്കാറിന്റെ ജോലിയാണ് എല്ലാം മാറ്റേണ്ടത്.

ഇന്ത്യന്‍ ജനതയ്ക്ക് ഓര്‍മ്മ അധികകാലം നില്‍ക്കില്ല. ചെറിയ കാഴ്ചപ്പാടാണ് അവര്‍ക്ക്. അവര്‍ പഴയതെല്ലാം മറക്കുകയും മാപ്പു കൊടുക്കുകയും ചെയ്യും.

അവര്‍ ജാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടു ചെയ്യുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന ശത്രുവാണ് ജാതീയത. അത് ഇന്ത്യന്‍ യുവതയുടെ വളര്‍ച്ച മുരടിപ്പിക്കുകയും വിഭജിക്കുകയും ചെയ്യുന്നു. പാകിസ്ഥാനും ചൈനയും അവരുടെ ആളുകളുടെ സഹായത്തോടെ ഇന്ത്യയില്‍ ജാതീയത പ്രോത്സാഹിപ്പിക്കുകയാണ്. കാരണം ഓപ്പണ്‍ മാര്‍ക്കറ്റ്, ജി.ഡി.പിയെന്നിവയില്‍ ഇന്ത്യയെയാണ് നേരിട്ട് ആശ്രയിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്ത്യന്‍ പ്രതിരോധ വ്യവസ്ഥ വളരെ ശക്തിപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ മേല്‍ കൈകടത്താന്‍ ആവുന്നില്ല. അതിനാല്‍ അവര്‍ ഇന്ത്യന്‍ വ്യവസ്ഥിതിയെ തകര്‍ക്കാന്‍ കോടികള്‍ ഫണ്ടു ചെയ്യുകയാണ്. മോദി മാത്രമേ അതിനെതിരെ പോരാടുന്നുള്ളൂ. പക്ഷേ ഇന്ത്യക്കാര്‍ ഇതറിയുന്നില്ല.

കാലങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ശേഷിക്കുന്ന അഞ്ചുമാസവും മോദി തുടരുകയാണെങ്കില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തോല്‍ക്കും. മരിച്ച പട്ടാളക്കാരന് രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാനാവില്ല. അടുത്ത വര്‍ഷവും തിരിച്ചുവരണമെങ്കില്‍ അദ്ദേഹം ജീവിച്ചിരിക്കണം. അതിനാല്‍ ശേഷിക്കുന്ന അഞ്ചുമാസം അദ്ദേഹം ഒരു രാഷ്ട്രീയക്കാരനാവണം. പൊതുജനം കുറഞ്ഞ വിലക്ക് പെട്രോളും ഡീസലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അത് നല്‍കണം. കര്‍ഷകര്‍ കടം എഴുതി തള്ളണമെന്ന് പറയുന്നുണ്ടെങ്കില്‍ തള്ളണം.

അവര്‍ക്ക് സബ് കാ സാത്ത് സബ് കാ വികാസ് എന്നതിനെക്കുറിച്ചൊന്നും അറിയില്ല.

ഭരണാധികാരിയെന്നതില്‍ നിന്നും അവധിയെടുത്ത് മോദി അഞ്ചുമാസം രാഷ്ട്രീയക്കാരനാകണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. 2019ലെ ജയത്തിനുശേഷം വീണ്ടും ഭരണാധികാരിയാവണം. കാരണം ഇന്ത്യയ്ക്ക് മോദിയെന്ന ഭരണാധികാരിയ്ക്കു കീഴിലേ വളരാന്‍ കഴിയൂ. അല്ലാതെ മോദിയെന്ന രാഷ്ട്രീയക്കാരനു കീഴിലല്ല.

ന്യൂയോര്‍ക്ക് ടൈംസ് എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more