| Thursday, 3rd January 2019, 11:29 am

കോഴിക്കോട് നഗരത്തില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച് സംഘപരിവാര്‍; മുഖം മറച്ച് കല്ലും വടിയും പട്ടികയുമായി വ്യാപക ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ വ്യാപക ആക്രമണം. കോഴിക്കോട് നഗരത്തില്‍ ബി.ജെ.പിയുടെ പ്രധാന നേതാക്കള്‍ പ്രകടനം നടത്തുകയും അതേസമയം മിഠായിത്തെരുവില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച് മുഖം മറച്ച് വടിയും കല്ലും പട്ടികയുമായി വിവിധ സംഘപരിവാര്‍ സംഘടനയിലെ വലിയൊരു ആള്‍ക്കൊട്ടം ജനങ്ങളെ വിരട്ടി ഓടിച്ചും കടകള്‍ തകര്‍ത്തും വ്യാപക ആക്രമണം അഴിച്ചു വിടുന്നുണ്ട്.

മാധ്യമങ്ങളുടേയും പൊലീസിന്റേയും ശ്രദ്ധ നഗരത്തിലെ പ്രകടനത്തിലായിരിക്കെയാണ് ഇവര്‍ മിഠായിത്തെരുവില്‍ വ്യാപക അക്രമം അഴിച്ചു വിടുന്നത്. മാനാഞ്ചിറയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.


സംരക്ഷണം നല്‍കുമെന്ന പൊലീസ് വാഗ്ദാനം ലംഘിക്കപ്പെട്ടെന്നും അക്രമികളെ പിടിച്ച് കൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും വ്യാപാരികള്‍ ആരോപിച്ചു.

ഹര്‍ത്താലിനെതിരെ പ്രതിഷേധിച്ചാണ് മിഠായിത്തെരുവില്‍ വ്യാപാരികള്‍ കടകള്‍ തുറന്നിരുന്നത്. വ്യാപാര മേഖലയെ തന്നെ തകര്‍ക്കുന്നതാണ് ഇത്തരം ഹര്‍ത്താലുകള്‍ എന്നും 2500 കോടി രൂപയുടെ നഷ്ടമാണ് ഒരു ദിവസത്തെ ഹര്‍ത്താലിലൂടെ വ്യാപാരികള്‍ക്ക് ഉണ്ടാകുന്നതെന്നും കടകള്‍ തുറന്ന വ്യാപാരികള്‍ പറഞ്ഞിരുന്നു.

ഇത് തുടക്കം മാത്രമാണെന്നും ഇന്ന് കച്ചവടം നടക്കില്ലെന്ന് അറിയാമെങ്കിലും പ്രതിഷേധമായിട്ടാണ് കടകള്‍ തുറക്കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി. നസിറുദ്ദീന്റെ കോഴിക്കോട് മിഠായിത്തെരുവിലുള്ള കടയാണ് ആദ്യം തുറന്നത്.

We use cookies to give you the best possible experience. Learn more