| Saturday, 30th March 2024, 8:00 am

ഇന്നുവരെ ഒരാളുമെടുക്കാത്ത മഹത്യാഗം എന്നൊക്കെ തള്ളിയാല്‍ ആംഗീകരിക്കില്ല; ആടുജീവിതത്തിനെതിരെ കാവി സഹയാത്രികന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആടുജീവിതം സിനിമക്കെതിരെ വിമര്‍ശനവുമായി സംഘപരിവാര്‍ സഹയാത്രികന്‍ ഷാബു പ്രസാദ്. ആടുജീവിതത്തിന്റെ നിര്‍മാണത്തിനായി ബ്ലെസിയും പൃഥ്വിരാജും അടക്കമുള്ളവര്‍ എടുത്ത കഠിനധ്വാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു ഷാബു പ്രസാദിന്റെ വിമര്‍ശനം.

2018 മുതലാണ് ബ്ലെസിയും സിനിമയുമയി ബന്ധപ്പെട്ട മുഴുവന്‍ ടീമും ആടുജീവിതത്തിന് വേണ്ടി ഇറങ്ങിയതെന്നും ഒരാളും എടുക്കാത്ത മഹാത്യാഗം, അധ്വാനം എന്നൊക്കെ പറഞ്ഞാല്‍ അതിനെയെല്ലാം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാബു പ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു. ഏത് സിനിമക്ക് പിന്നിലും ഒരുപാട് പേരുടെ ഡെഡിക്കേഷനും അധ്വാനവുമുണ്ട്. അതൊക്കെ ഏറിയും കുറഞ്ഞും ആടുജീവിതത്തിലുമുണ്ടെന്ന് ഷാബു പറഞ്ഞു.

ആടുജീവിതത്തിനായി വര്‍ഷങ്ങള്‍ ചെലവഴിച്ച ബ്ലെസി അടക്കമുള്ളവരുടെ അധ്വാനത്തെ തള്ളിപറഞ്ഞുകൊണ്ടാണ് സംഘപരിവാര്‍ യാത്രികന്റെ വിമര്‍ശനം. 2018 മുതലാണ് സിനിമക്കായി ടീം ഇറങ്ങിതിരിച്ചതെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തില്‍ വെട്ടിലായത് ഷാബു പ്രസാദ് തന്നെയാണ്. പ്രതികരണത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ഷാബു ഫേസ്ബുക്കില്‍ നിന്ന് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പതിനാറ് കൊല്ലത്തെ കഠിനധ്വാനത്തിന്റെ ഫലമാണ് ആടുജീവിതം എന്നാണ് പ്രധാന ഹൈപ്പ്. എന്താണ് സത്യം…?

2008ലാണ് ബ്ലെസി ബെന്യാമിന്റെ കൈയില്‍ നിന്ന് നോവല്‍ സിനിമയാക്കാനുള്ള അവകാശം വാങ്ങുന്നതും പൃഥ്വിരാജിനെ കാസ്റ്റ് ചെയ്യുന്നതും. ബ്ലെസി സ്‌ക്രിപ്റ്റിന്റെ വര്‍ക്ക് തുടങ്ങി. അത് അങ്ങനെ പോയി… അതിനിടയില്‍ ബ്ലെസി ഭ്രമരം, പ്രണയം, കളിമണ്ണ് തുടങ്ങിയ സിനിമകള്‍ ചെയ്തു.

ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ് നേടിയ, മാര്‍ കൃസോസ്റ്റം തിരുമേനിയെപ്പറ്റിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഡോക്യുമെന്ററി ചെയ്തു. അതിന് ഒരുപാട് അവാര്‍ഡുകള്‍ കിട്ടി. ഇതിനിടയില്‍ ബ്ലെസി ആടുജീവിതം നിര്‍മിക്കാന്‍ പറ്റിയ പ്രൊഡ്യൂസര്‍മാരെ അന്വേഷിക്കുകയായിരുന്നു. 2015ലാണ് പ്രൊഡ്യൂസറെ ലഭിക്കുന്നത്.

2018ല്‍ ഷൂട്ടിങ് തുടങ്ങി. ജോര്‍ദാന്‍, അല്‍ജീരിയ മരുഭൂമികളില്‍ ആയിരുന്നു പ്രധാന രംഗങ്ങളെല്ലാം എടുത്തത്. അതിനിടയില്‍ കൊവിഡ് വന്നു. അങ്ങനെ കുറച്ചുകാലം പോയി. 2022ല്‍ ഷൂട്ടിങ് കഴിഞ്ഞു. ചുരുക്കത്തില്‍ ബ്ലെസിയും ടീമും ഈ പടത്തിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്തത് 2018 മുതലുള്ള സമയമാണ്.

അതത്ര ചെറുതാണ് എന്നൊന്നും പറയുന്നില്ല. പടത്തിന് ഹൈപ്പ് കൊടുക്കേണ്ടത് വിജയത്തിന് ആവശ്യമാണ്. ഒക്കെ ശരി.., ഏത് സിനിമക്ക് പിന്നിലും ഒരുപാട് പേരുടെ ഡെഡിക്കേഷനും അധ്വാനവുമുണ്ട് അതൊക്കെ ഏറിയും കുറഞ്ഞും ആടുജീവിതത്തിലുമുണ്ട്. അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു.

പക്ഷേ ഇന്നുവരെ ഒരാളും എടുക്കാത്ത മഹത്യാഗം, അധ്വാനം എന്നൊക്കെ തള്ളിയാല്‍ അംഗീകരിക്കാന്‍ കഴിയില്ല.

Content Highlight: Sanghparivar companion against Aadujeevitham

We use cookies to give you the best possible experience. Learn more