സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം സംഘപരിവാര്‍; സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി
Kerala News
സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം സംഘപരിവാര്‍; സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 8:27 am

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്തുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ സംഘപരിവാറാണെന്ന് കാണിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

വിധി പുറപ്പെടുവിച്ചതു മുതല്‍ സംസ്ഥാനത്തുണ്ടായ ആസൂത്രിതമായ അക്രമ പരമ്പരയെക്കുറിച്ചും ശബരിമലയില്‍ വിവിധ തീര്‍ത്ഥാടന സമയങ്ങളില്‍ നട തുറന്നപ്പോള്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ അതിക്രമങ്ങളെക്കുറിച്ചും ഭക്തരായ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമങ്ങളെക്കുറിച്ചും ഉള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

ALSO READ: ദുരുദ്ദേശപരമായ ഹരജി; ഒടുക്കം പിഴയടച്ച് തടിതപ്പി ശോഭാ സുരേന്ദ്രന്‍

നിലയ്ക്കലിലും പമ്പയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്ന മര്‍ദ്ദനങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നടന്ന ഹര്‍ത്താലുകളില്‍ പൊലീസുകാര്‍ക്കും നിരപരാധികളായ മറ്റു പലര്‍ക്കും മാരകമായ പരിക്കേല്‍ക്കുന്ന സ്ഥിതിയുണ്ടായി. കെ.എസ്.ആര്‍.ടി.സി ബസും, സര്‍ക്കാര്‍ ഓഫീസുകളും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും വീടുകളും, കച്ചവട സ്ഥാപനങ്ങളും തകര്‍ക്കുകയും ചെയ്യുന്ന അവസ്ഥയും സംസ്ഥാനത്തുണ്ടായി.

ഹര്‍ത്താലുകളോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് 1137 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. 10024 പ്രതികളെ തിരിച്ചറിഞ്ഞതില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനകളില്‍ പെടുന്നവരാണ്. മറ്റു സംഘടനകളില്‍ പെടുന്നവര്‍ 831 ആണ്.

ALSO READ: സംഘര്‍ഷ സമയത്ത് മാത്രം ഒ.ബി.സിക്കാരെ ഉപയോഗിക്കുന്നു; ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു

തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷം, മണ്ഡല-മകരവിളക്ക് എന്നീ സമയങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന മുപ്പതോളം സ്ത്രീകളെ തടയാനും മറ്റുമായി പ്രതിഷേധക്കാര്‍ രംഗത്തിറങ്ങുകയുണ്ടായി. ഇതില്‍ 5 പേര്‍ പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തകരായിരുന്നു. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്.

28.09.2018 ന് സുപ്രീംകോടതി വിധി വന്നതിനുശേഷം സമര്‍പ്പിച്ച വിവിധ ഹരജികള്‍ ജനുവരി 22 ന് കേള്‍ക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കുമ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം 28.09.2018 ലെ വിധിക്ക് യാതൊരു സ്റ്റേയുമില്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്ന കാര്യം സൂചിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ALSO READ: ഗാന്ധിയും അംബേദ്കറും ഇന്ത്യക്ക് ആവശ്യം; ദേവാലയങ്ങളിലെ എല്ലാ ഭാഗത്തും പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി ലഭിക്കണം: രാമചന്ദ്ര ഗുഹ

വിവിധ വിശേഷ സമയങ്ങളില്‍ ശബരിമലയിലും വിവിധ പ്രദേശങ്ങളിലുമായി നടന്ന അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് 2012 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. അതില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ 10561 പേരാണ്. ഇവരില്‍ സംഘപരിവാര്‍ സംഘടനകളില്‍ പെട്ടവര്‍ 9489 ഉം മറ്റുള്ളവര്‍ 1072 ഉം ആണ്.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് മാത്രം വിവിധ അക്രമ സംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 1137 കേസുകളില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ 10024 പേരാണ്. ഇവരില്‍ 92 ശതമാനം പേരും സംഘപരിവാര്‍ സംഘടയില്‍പ്പെട്ടവരാണ്. അക്രമങ്ങള്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 7 പൊലീസ് സ്റ്റേഷനുകളിലായി 15 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ALSO READ: അലോക് വര്‍മ്മയെ പുറത്താക്കിയത് സംശയാസ്പദം, അന്വഷണം വേണം; സച്ചിന്‍ പൈലറ്റ്

വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അക്രമങ്ങളുടെ ചിത്രങ്ങളും മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കാര്യങ്ങളുടെയും വിശദാംശങ്ങളടങ്ങിയ സിഡികളും റിപ്പോര്‍ട്ടിന്റെ ഭാഗമായി നല്‍കിയിട്ടുണ്ട്.

രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഉണ്ടായ അക്രമപരമ്പരകളുടെയും വിശദമായ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി കൈമാറിയത്. 03.01.2019 ലെ ഹര്‍ത്താല്‍ ദിനത്തില്‍ മാത്രമുണ്ടായ നഷ്ടം 2.32 കോടി രൂപയുടേതാണ്. ഇത് സംബന്ധിച്ച കണക്കും ഗവര്‍ണ്ണര്‍ക്ക് കൈമാറിയിട്ടുണ്ട്.

WATCH THIS VIDEO: