| Tuesday, 1st April 2025, 9:46 am

എമ്പുരാനെതിരായ സംഘപരിവാര്‍ ആക്രമണം; രാജ്യസഭയിലും ലോക്‌സഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എമ്പുരാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പാര്‍ലമെന്റിലെ ഇരുസഭകളിലും അടിയന്തരപ്രമേയത്തിന് നോട്ടീസ്. കോണ്‍ഗ്രസ് എം.പിയായ ഹൈബി ഈഡന്‍ ലോക്‌സഭയിലും സി.പി.ഐ.എം എം.പിയായ എ.എ. റഹീം രാജ്യസഭയിലും നോട്ടീസ് നല്‍കി.

എമ്പുരാനെതിരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണം ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ടാണ് എ.എ. റഹീം നോട്ടീസ് നല്‍കിയത്. ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയാണെന്നും എ.എ. റഹീം വിമര്‍ശിച്ചു. സ്വാതന്ത്രത്തോട് കൂടി സിനിമ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നും അതിനാല്‍ തന്നെ സഭയില്‍ എമ്പുരാന്‍ ചര്‍ച്ചക്കെടുക്കണമെന്നാണ് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടത്.

ഇതിനുപുറമെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ കുനാല്‍ കമ്രക്കെതിരായ അറസ്റ്റ് നടപടിയും എ.എ. റഹീം ചൂണ്ടിക്കാട്ടി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അവഹേളിച്ച സംഭവത്തില്‍ സ്പീക്കര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം എമ്പുരാനും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും എതിരായ സൈബര്‍ ആക്രമണം സംഘപരിവാര്‍ ഇപ്പോഴും തുടരുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം എമ്പുരാന്റെ എഡിറ്റ് ചെയ്ത പതിപ്പ് ഇന്ന് (ചൊവ്വ) തിയേറ്ററുകളിലെത്തും. 2002ലെ ഗുജറാത്ത് കലാപത്തിലേക്ക് കൈചൂണ്ടുന്ന ദൃശ്യങ്ങള്‍ അടക്കം 17 രംഗങ്ങള്‍ വെട്ടിമാറ്റിയതിന് ശേഷമുള്ള പതിപ്പാണ് തിയേറ്ററുകളിലെത്തുന്നത്.

മലയാളത്തിലെ എക്കാലത്തെയും ബിഗ്ബഡ്ജറ്റ് ചിത്രമായ എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തിയത്.

റിലീസ് ചെയ്ത് വെറും 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ കയറാനും അഞ്ച് ദിവസത്തിനുള്ളിൽ 200 കോടി ക്ലബിൽ ഇടം പിടിക്കാനും എമ്പുരാന് കഴിഞ്ഞിരുന്നു. എന്നാല്‍ വ്യാപകമായ സംഘപരിവാര്‍ ആക്രമണമാണ് സിനിമയ്ക്ക് നേരെ ഉണ്ടായത്.

പിന്നാലെ ഖേദപ്രകടനവുമായി സിനിമയിലെ പ്രധാന കഥാപാത്രമായ അബ്രാം ഖുറേഷിയെ അവതരിപ്പിച്ച മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ഖേദപ്രകടനം. തുടര്‍ന്ന് ഈ പോസ്റ്റ് സംവിധായകന്‍ പൃഥ്വിരാജും നിര്‍മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂരും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോഴും സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെ വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇന്നലെ (തിങ്കള്‍) ബി.ജെ.പി നേതാവ് അഡ്വ. ഗോപാലകൃഷ്ണന്‍ പൃഥ്വിരാജിന്റെ പങ്കാളിയും ബി.ബി.സി മുന്‍ മാധ്യമപ്രവര്‍ത്തകയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍ അര്‍ബന്‍ നെക്‌സലാണെന്ന് പ്രസ്താവന നടത്തിയിരുന്നു.

ഒന്നിലധികം തവണയാണ് ആര്‍.എസ്.എസ് മുഖമാസികയായ ഓര്‍ഗനൈസര്‍ പൃഥ്വിരാജിനെതിരെ രംഗത്തെത്തിയത്. പൃഥ്വിരാജിനെ ഹിന്ദുവിരുദ്ധനായും മറ്റും പ്രഖ്യാപിച്ചായിരുന്നു ഓര്‍ഗനൈസറിന്റെ വിമര്‍ശനം.

Content Highlight: Sanghparivar attack on Empuran; Notice for urgent resolution in RajyaSabha and LokSabha

We use cookies to give you the best possible experience. Learn more