ശബരിമലയില്‍ വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ചേര്‍ന്ന് കൊച്ചിയില്‍ “ആപ്പോ ആര്‍ത്തവം” എന്ന പേരില്‍ സാമൂഹ്യ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ആര്‍ത്തവമായതിനാല്‍ ചായ്പില്‍ താമസിക്കേണ്ടി വന്ന് ഗജ കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ട തമിഴ്നാട് സ്വദേശിയായ വിജയലക്ഷ്മിയുടെ പേര് ആര്‍പ്പോ ആര്‍ത്തവത്തിന്റെ വേദിക്ക് നല്‍കുന്നു.
നവോത്ഥാന നായകന്മാരായ ശ്രീനാരായണഗുരു, അംബേദ്കര്‍, അയ്യങ്കാളി, പി. കൃഷ്ണപിള്ള എന്നിവരുടെ ചിത്രങ്ങള്‍ സജീകരിച്ച ആര്‍പ്പോ ആര്‍ത്തവത്തിന്റെ കൊച്ചിയിലെ വേദിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നിരവധിയാളുകള്‍ ഒഴുകി എത്തുന്നു.
ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചതിന്റെയും, മാലയിട്ട് വ്രതമെടുത്ത് ശബരിമല ദര്‍ശനം നടത്താന്‍ തയ്യാറെടുക്കുന്ന യുവതികള്‍ക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ സഹായം ചെയ്ത് കൊടുത്തതിന്റേയും പേരില്‍ അപര്‍ണ്ണാ ശിവകാമിയുടെ വീട് അക്രമിക്കപ്പെട്ട ശേഷം ജനാധിപത്യ വിശ്വാസികള്‍ ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച “ആര്‍പ്പോ ആര്‍ത്തവ” ത്തില്‍ മുന്നിട്ട് നിന്നത് ശബരിമലയില്‍ പോകാന്‍ ശ്രമിച്ചതിന്റെ പേരിലും പോകുമെന്ന നയം വ്യക്തമാക്കിയതിന്റെ പേരിലും നിരന്തര അക്രമണങ്ങള്‍ നേരിടുന്ന ബിന്ദു തങ്കം കല്ല്യാണിയും, റഹ്നാ ഫാത്തിമയും അപര്‍ണ്ണയുമടങ്ങുന്ന സ്ത്രീകളാണ്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ അനുകൂലിച്ച നിരവധി യുവതികളാണ് പലതവണയായി തീവ്ര ഹിന്ദുത്വ സംഘടനകളുടെയും, സംഘപരിവാര്‍ സംഘടനകളുടെയും ആക്രമണങ്ങള്‍ക്ക് ഇരയായത്.
ശബരിമല ദര്‍ശനത്തിന് ശ്രമിച്ച യുവതികളെ, ദര്‍ശനത്തിന് പോകുമെന്ന നിലപാട് വ്യക്തമാക്കിയ യുവതികളെ അക്രമം കൊണ്ട് നേരിടുന്ന ഈ ഭീകരതയുടെ ഏറ്റവും പുതിയ ഇരയാണ് അപര്‍ണ്ണ ശിവകാമി. രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു.
കേരളത്തില്‍ കലാപമുണ്ടാക്കാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ട് തല്‍ക്കാലം ശബരിമലയില്‍ പോകുന്നതില്‍ നിന്നും പിന്‍വാങ്ങുന്നു എന്നും മണ്ഡലകാലം കഴിയുന്നതിനു മുമ്പേ മലകയറുമെന്നും യുവതികള്‍ എറണാകുളത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ശബരിമല സന്ദര്‍ശനത്തിന് ശേഷം മാത്രമേ മാല അഴിക്കൂ എന്നും യുവതികള്‍ വ്യക്തമാക്കിയിരുന്നു.
വാര്‍ത്താ സമ്മേളനത്തിന് നേതൃത്വം നടത്തിയ അപര്‍ണ ശിവകാമിയുടെ വീടിനു നേരെയാണ് ഇതോടെ ആക്രമണം നടന്നത്. “അക്രമകാരികള്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസികളുടെ വണ്ടികളൊക്കെ സേഫാണ്. 3 വലിയ കരിങ്കല്‍ കഷ്ണങ്ങള്‍ മുറ്റത്ത് കിടക്കുന്നുണ്ട്. മുറിയിലേയ്ക്ക് കല്ലുകളൊന്നും വീണിട്ടില്ല. ചില്ല് മുറിയിലാകെ ചിതറിത്തെറിച്ചിട്ടുണ്ട്. വഴിയില്‍ നിന്ന് ബൈക്ക് സ്റ്റാര്‍ട്ടാക്കി പോകുന്ന ശബ്ദം കേട്ടിരുന്നു”- ആക്രമണം നടന്ന വിവരം അപര്‍ണ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത് ഇങ്ങനെ ആണ്.
വാര്‍ത്താസമ്മേളനം നടന്ന പ്രസ് ക്ലബിന് മുന്നില്‍ നാമജപക്കാര്‍ അന്ന് തന്നെ സംഘര്‍ഷമുണ്ടാക്കിയിരുന്നു. വാര്‍ത്താ സമ്മേളനം കഴിഞ്ഞു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് അപര്‍ണ ശിവകാമിയുടെ വീടിനു നേരെ ആക്രമണം നടന്നത്.
ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തെ അനുകൂലിച്ച അപര്‍ണ്ണ നേരിട്ട അക്രമം ഒരു ഒറ്റപ്പെട്ട സംഭവമല്ല. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്ക് ശേഷം തുലാമാസ പൂജയ്ക്ക് ശബരിമല കയറാനെത്തിയത് ബിന്ദു തങ്കം കല്യാണി, രഹ്ന ഫാത്തിമ, മഞ്ജു, സുഹാസിനി, മേരി സ്വീറ്റി, കവിത, സരിത സരസ്വതി ബാലന്‍ എന്നീ 8 സ്ത്രീകളാണ് സമാന രീതിയില്‍ സംഘപരിവാറില്‍ നിന്നും തീവ്ര ഹിന്ദുത്വ സംഘടനകളില്‍ നിന്നും ആക്രമണം നേരിട്ടത്. മാലയിട്ട് വ്രതമെടുത്ത് ശബരിമല സന്ദര്‍ശനം പ്രഖ്യാപിച്ച രേഷ്മാ നിഷാന്ത്, സൂര്യ ദേവാര്‍ച്ചന എന്നിവര്‍ ഇപ്പോഴും നിരന്തരം വേട്ടയാടപ്പെടുന്നു.
ഇതില്‍ ബിന്ദു, രേഷ്മ,സൂര്യ എന്നിവര്‍ക്ക് നേരെയുള്ള സംഘപരിവാറിന്റെ ആക്രമണം ഇപ്പോഴും തുടരുകയാണ്. വീടാക്രമിച്ചും സൈബര്‍ ആക്രമണം നടത്തിയും സംഘപരിവാര്‍ ഭീകരത ഇപ്പോഴും അവരെ വിടാതെ പിന്തുടരുന്നുണ്ട്. അതിനുദാഹരണമാണ് ബിന്ദു ജോലി ചെയ്യുന്ന അഗളി ഗവണ്‍മെന്റ് സ്‌കൂളിലേക്ക് നാമജപ ഘോഷയാത്ര നടന്നത്.
“ശബരിമലയില്‍ നിന്ന് തിരികെ എത്തിയ എനിക്ക് നേരെ വധ ഭീഷണി ഉയരുകയും താമസിച്ചിരുന്ന വാടക വീട് ഒഴിഞ്ഞു കൊടുക്കേണ്ടിവരികയും ചെയ്തു. അതോടെ ജീവന് ഭീഷണി ഉണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും പൊലീസിനോട് ആവശ്യപ്പെടേണ്ടി വന്നു. പിന്നീട് പൊലീസ് സംരക്ഷണയിലായിരുന്നു താമസം.”
“അതിനിടയില്‍ എന്റെ മാതാപിതാക്കള്‍ എന്റെ പ്രവൃത്തിയില്‍ മാപ്പ് ചോദിച്ചതായി പ്രചരണങ്ങള്‍ ഉണ്ടായി. ജീവന് ഭീഷണിയാകുമെന്ന ഘട്ടത്തില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വീട്ടുകാര്‍ സംഘപരിവാര്‍ ഭീഷണിക്കു വഴങ്ങിയത്. ഞാന്‍ ശബരിമലയില്‍ പോയതിന് പരിഹാരം ചെയ്യാന്‍ ശബരിമലയില്‍ പോകണമെന്നാണ് ബി.ജെ.പി നേതാക്കള്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടത്”
“ഞാന്‍ മാവോയിസ്റ്റാണെന്നും എന്റെ പേര് ബിന്ദു സക്കറിയയാണെന്നുമടക്കമുള്ള വ്യാജപ്രചരണം നടത്തിയ ജനം ടി.വിക്കെതിരെയും സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയും സുപ്രീംകോടതിയെ സമീപിക്കാനാന്ന് തീരുമാനം. സ്ഥലം മാറ്റം ലഭിച്ച് അട്ടപ്പാടി അഗളി ഗവണ്‍മെന്റ് സ്‌കൂളിലേക്ക് പോയ എന്നെ അവിടേയും ആക്രമിക്കാന്‍ സംഘപരിവാര്‍ ലക്ഷ്യമിടുന്നുണ്ട്. ജോലിക്കെത്തിയതറിഞ്ഞ് അയ്യപ്പസേവാസമിതിയുടെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി സ്‌കൂള്‍ പ്രവേശനകവാടത്തിലെത്തി. പ്രവേശനകവാടത്തിലും നാമജപങ്ങളുമായി പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരുന്നു.”
“എന്നാല്‍ എനിക്ക് ജോലി ചെയ്യാന്‍ എല്ലാ സൗകര്യങ്ങളും ചെയ്യണമെന്ന് സര്‍ക്കാര്‍ സ്‌കൂളിനോട് ആവശ്യപ്പെട്ടിരുന്നു. ഞാന്‍ അഗളി സ്‌കൂളിലെത്തുന്നു എന്നറിഞ്ഞപ്പോഴേക്കും സംഘപരിവാര്‍ പ്രശ്‌നങ്ങളുണ്ടാക്കിത്തുടങ്ങിയിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതരും അധ്യാപക-രക്ഷാകര്‍തൃ സംഘടനയുമെല്ലാം എനിക്ക് വേണ്ട പിന്തുണ നല്‍കിയിരുന്നു”” ബിന്ദു തങ്കം കല്യാണി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പിന്നീട് അഗളി ഗവണ്‍മെന്റ് സ്‌കൂളിലേക്ക് നാമജപ ഘോഷയാത്ര നടത്താനായിരുന്നു സംഘപരിവാറിന്റെ നീക്കം. അതിനായി കര്‍മ്മ സേന എന്ന പേരില്‍ തയ്യാറാക്കിയ നോട്ടീസ് അഗളിയിലും പരിസരപ്രദേശങ്ങളിലുമായി ഇവര്‍ വിതരണം ചെയ്തുവെന്നും ബിന്ദു പറഞ്ഞു. “ഇവിടെ എത്തിയതിന് ശേഷമുള്ള ആദ്യ ദിവസങ്ങളിലെ ചെറിയ പ്രശ്‌നങ്ങളൊഴികെ മറ്റ് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല. അങ്ങനെ നമ്മള്‍ സമാധാനപരമായി നില്‍ക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടുകാണില്ല. അതുകൊണ്ട് വിദ്യാര്‍ഥികളെ മുന്‍നിര്‍ത്തിയാണ് സംഘപരിവാര്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയായിട്ടാണ് ഞാന്‍ ഇവിടെ തുടരുന്നത് എന്നാണ് നോട്ടീസില്‍ അവര്‍ പറയുന്നത്. ബിന്ദു കൂട്ടിച്ചേര്‍ത്തു.
“കര്‍മസേന എന്ന പേരില്‍ ആദിവാസികള്‍ നടത്തുന്ന പ്രക്ഷോഭമാണിതെന്നാണ് അവര്‍ പുറത്ത് പ്രചരിപ്പിട്ടുള്ളത്. എന്നാല്‍ ആദിവാസികളെ മുന്‍നിര്‍ത്തി സംഘപരിവാര്‍ നടത്തിയ ആക്രമണം മാത്രമാണിത്. നാമജപ ഘോഷയാത്ര നടത്തുന്നു എന്ന പേരില്‍ നോട്ടീസ് ഇറക്കിയവരില്‍ ആരും ആദിവാസി വിഭാഗത്തിലുള്ളവരല്ല എന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. നോട്ടീസില്‍ പേരെഴുതിയിട്ടുള്ള കറുപ്പുസ്വാമി, സുരേഷ് ഇവരെയൊന്നും എനിക്കറിയില്ല. എന്നാല്‍ നാട്ടുകാര്‍ അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരല്ല.”” ബിന്ദു പറഞ്ഞു.
Also Read : പ്രവര്‍ത്തകരോട് ശബരിമലയില്‍ സംഘടിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ബി.ജെ.പി സര്‍ക്കുലര്‍; നിഷേധിക്കാതെ നേതാക്കള്‍
സുപ്രീം കോടതിയെ മറയാക്കി സര്‍ക്കാരും പൊലീസും സ്‌പോണ്‍സര്‍ ചെയ്ത് ശബരിമലയില്‍ പോയ ബിന്ദു സക്കറിയ അട്ടപ്പാടിയില്‍ എത്തിയിട്ടുണ്ടെന്നും അത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നുമാണ് നോട്ടീസിലുള്ളത്. അവരെ ഇവിടെ നിന്നും സ്ഥലംമാറ്റി അയ്യപ്പവിശ്വാസികളോട് നീതി പുലര്‍ത്തുവാന്‍ ബഹുജനപ്രക്ഷോഭം നടത്തുകയാണ് എന്നും നോട്ടീസില്‍ പറയുന്നു. കര്‍മ്മ സേന പ്രതിനിധികളായി രണ്ട് പേരുടെ പേരും നമ്പറുമടക്കം നോട്ടീസില്‍ നല്‍കിയിട്ടുണ്ട്.
സുപ്രീംകോടതി വിധിപ്രകാരമുള്ള ഭരണഘടനാപരമായ ഒരു സ്ത്രീയുടെ അവകാശത്തിന് വേണ്ടി നിന്നു എന്നതിനാണ് സംഘപരിവാറില്‍ നിന്നും ഞാന്‍ നിരന്തരം വേട്ടയാടപ്പെടുന്നത്. ഒരു ദളിത് സ്ത്രീ കൂടിയായതിനാലാണ് തനിക്കെതിരെ സംഘപരിവാര്‍ ഇത്രമേല്‍ വിദ്വേഷപരമായ പ്രചരണങ്ങളും ആക്രമണങ്ങളും തുടര്‍ച്ചയായി നടത്തുന്നതെന്നും സുരക്ഷയാവശ്യപ്പെട്ടുകൊണ്ട് അഗളി പോലീസ് സ്റ്റേഷനില്‍ ഇതിനകം പരാതി നല്‍കിയിട്ടുണ്ടായിരുന്നുവെന്നും ബിന്ദു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
എല്ലാ പ്രായത്തിലുമുളള യുവതികള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചുവെങ്കിലും ഇതുവരേയും ഒരു യുവതിക്ക് പോലും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സാധിച്ചിട്ടില്ല. ഇതിനോടകം നിരവധി പേര്‍ എത്തിയെങ്കിലും പ്രതിഷേധം മൂലവും പൊലീസ് ഇടപെടല്‍ മൂലവും എല്ലാവര്‍ക്കും മടങ്ങേണ്ടി വന്നു. മണ്ഡലമകര വിളക്ക് കാലത്ത് ദര്‍ശനത്തിനായി 800 ലധികം യുവതികളാണ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിനിയായ രേഷ്മ നിഷാന്തും ശബരിമലയിലേക്ക് പോകുമെന്ന നിലപാടില്‍ ഉറച്ച് നിന്നതോടെ ഇവര്‍ക്ക് നേരിടേണ്ടി വന്നതും വ്യാപകമായ അക്രമണമാണ്.
“സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഞാന്‍ ശബരിമലയിലേക്ക് പോകാന്‍ മാലയിട്ടതായി വെളിപ്പെടുത്തി രംഗത്ത് വന്നത്. വിശ്വാസിയായ ഞാന്‍ എല്ലാവിധ ആചാരവിധികളോടും കൂടി 41 ദിവസത്തെ വ്രതം അനുഷ്ടിച്ച്, മത്സ്യ മാംസാദികള്‍ വെടിഞ്ഞ് ഇരുമുടിക്കെട്ട് നിറച്ച് ശബരിമലയിലേക്ക് എത്തും എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി വെളിപ്പെടുത്തിയത്. എന്റെത് വിപ്ലവം അല്ലെന്നും ഈശ്വര വിശ്വാസത്തിന്റെ ഭാഗമായാണ് ശബരിമലയില്‍ പോകുന്നതെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു.”
“മാത്രമല്ല, വര്‍ഷങ്ങളായി ശബരിമലയ്ക്ക് പോകാന്‍ സാധിക്കില്ലെങ്കിലും മാലയിടാതെ മണ്ഡല വ്രതം അനുഷ്ഠിക്കുന്ന വ്യക്തി കൂടിയാണ് ഞാന്‍. പക്ഷെ എന്റെ വെളിപ്പെടുത്തല്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. എനിക്ക് നേരെ സംഘപരിവാറുകള്‍ തെറിവിളിയും കൊലവിളിയുമായി രംഗത്തിറങ്ങി. ശബരിമലയിലേക്ക് പുറപ്പെടുന്നു എന്ന വിവരം അറിഞ്ഞായിരിക്കണം പ്രതിഷേധക്കാര്‍ സംഘടിച്ചതും വീട്ടിലേക്ക് എത്തിയതും. എന്നാല്‍ സംഭവം ഞാന്‍ കണ്ണപുരം പൊലീസില്‍ അറിയിച്ചതോടെ അവര്‍ വീട്ടിലെത്തി. ആ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങളും കുട്ടികളും ബന്ധുക്കളും ഭയപ്പെട്ടിരുന്നു എന്നതാണ് സത്യം. അയ്യപ്പഭക്തരെന്ന പേരില്‍ ഒരു കൂട്ടര്‍ എന്റെ വീട്ട് വളപ്പില്‍ അതിക്രമിച്ച് കയറി വീട് വളഞ്ഞ് ആക്രമിക്കുകയും കൊലവിളി മുഴക്കുകയും ചെയ്താല്‍ ആരായാലും കുറച്ചൊന്ന് ഭയപ്പെടുമല്ലോ. തുടര്‍ന്ന് ഞാന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഭീഷണികള്‍ ഉയര്‍ന്നപ്പോഴും വ്രതവുമായി മുന്നോട്ട് പോകാനും ശബരിമലയിലെത്താനും ഞാന്‍ ഉറപ്പിച്ചിരുന്നു.”
“എന്നാല്‍ കണ്ണൂരിലെ ഒരു സ്വകാര്യ കോളേജിലെ അധ്യാപികയായ എനിക്കും സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് നിഷാന്തിനും ജോലിക്ക് പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് പിന്നീട് ഉണ്ടായത്. വീട് വളഞ്ഞ് സംഘപരിവാര്‍ സംഘടനകളും തീവ്ര ഹിന്ദുത്വ സംഘടനകളും പ്രതിഷേധിച്ചതോടെ എനിക്ക് സുരക്ഷ നല്‍കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് കൊണ്ടൊന്നും ഞങ്ങള്‍ക്ക് സ്വതന്ത്രമായി പുറത്തിറങ്ങാന്‍ സാധിച്ചില്ല. ഏത് സമയത്തും ഞങ്ങള്‍ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നു. നിരന്തരമുള്ള ഫോണ്‍കോളുകളും ഭീഷണികളുമായിരുന്നു പിന്നീട് ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. സൈബര്‍ അക്രമണങ്ങളും തെറിവിളികളും സഹിക്കാവുന്നതിനേക്കാള്‍ ഇത്രയോ അധികമായിരുന്നു. കുടുംബത്തേയും കുട്ടികളേയും പോലും അവര്‍ വെറുതേ വിട്ടിരുന്നില്ല. അന്ന് ആരംഭിച്ച ഭീഷണി ഇന്നും പല രീതിയില്‍ തുടര്‍ന്ന് പോരുന്നുമുണ്ട്. ജോലിക്കാര്യത്തില്‍ ആയാലും പുറത്ത് പോകുന്ന വിഷയത്തില്‍ ആയാലും അത് തുടരുന്നു” രേഷ്മ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
“ശബരിമലയിലേക്ക് എത്രയും പെട്ടെന്ന് പുറപ്പെടാനായിരുന്നു അന്നൊക്കെ എന്റെ തീരുമാനം. എന്നാല്‍ നിലവിലെ അവസ്ഥ കണക്കിലെടുത്ത് യാത്ര ഉപേക്ഷിക്കുകയായിരുന്നു. സംഘപരിവാറിന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഞാന്‍ അടങ്ങുന്ന സ്ത്രീകള്‍ കാരണമാകരുതെന്നത് കൊണ്ടാണ് വാര്‍ത്താ സമ്മേളനത്തില്‍ താത്കാലം ശബരിമലയിലേക്ക് ഇല്ലെന്ന നിലപാട് ഞങ്ങള്‍ വ്യക്തമാക്കിയത്. അതിനര്‍ത്ഥം ആ യാത്ര പൂര്‍ണ്ണമായും വേണ്ടന്നു വച്ചു എന്നല്ല. ശബരിമല സന്ദര്‍ശനത്തിന് ശേഷം മാത്രമേ മാല അഴിക്കൂ എന്നും ഞങ്ങള്‍ അന്ന് വ്യക്തമാക്കിയിരുന്നതാണ്.”
Read More : വടകരയുടെ നഗരവല്‍ക്കരണവും വര്‍ധിച്ചു വരുന്ന മാലിന്യപ്രതിസന്ധിയും
സമാനമായ രീതിയില്‍ അതിക്രമിക്കപ്പെടുകയും ജോലി പോലും നഷ്ടമാവുകയും ചെയ്ത യുവതിയാണ് കോഴിക്കോട് സ്വദേശിനി സൂര്യ ദേവാര്‍ച്ചന. നിരന്തരം തുടരുന്ന സംഘപരിവാര്‍, തീവ്ര ഹിന്ദുത്വ സംഘടനാ ഭീഷണികള്‍ക്ക് ഒടുവിലും ശബരിമലയ്ക്ക് പോകാനുള്ള നിലപാടില്‍ മാറ്റമില്ലെന്ന് സൂര്യ ദേവാര്‍ച്ചന വ്യക്തമാക്കിയിരുന്നു.
” ശബരിമലയിലേക്ക് പോകാനൊരുങ്ങിയതിന്റെ പേരില്‍ എനിക്ക് ജോലി നഷ്ടപ്പെട്ടു. ശാരീരികാവസ്ഥയെച്ചൊല്ലി അയിത്തം കല്‍പ്പിക്കുന്ന അനീതിയെ അംഗീകരിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കില്ല. മാലയിട്ട് വ്രതമെടുത്തുകൊണ്ടിരിക്കുന്ന ഒരു അയപ്പഭക്തയും വിശ്വാസിയുമാണ് ഞാന്‍. അപ്പോള്‍ ശബരിമലയില്‍ പോകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലല്ലോ! അത് നേരത്തെ സുവ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല ശാസ്താവിനെ കാണണം. അനുഗ്രഹം നേടണം. വിശ്വാസി എന്ന നിലയ്ക്ക് ശബരിമല ചവിട്ടി സന്നിധാനത്ത് എത്തി അയ്യപ്പനെ കാണാനുള്ള ഭരണഘടനാപരമായ അവകാശം എനിക്കുണ്ട്. അത് എന്റെ മൗലികാവകാശമാണ്. പരമോന്നത നീതിന്യായപീഠം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അതനുവദിച്ച് തന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ വിശ്വാസപരമായ എന്റെ അവകാശത്തെ എനിക്ക് അനുഭവിക്കാനുള്ള അവസരം ഞാന്‍ വിനിയോഗിക്കാനാണ് ശബരിമല യാത്ര. അഥവാ എന്റെ വിശ്വാസം എനിക്ക് സംരക്ഷിച്ച് കിട്ടണം. ആചാരങ്ങളുടെ പേരില്‍ ഇനിയും മാറിനില്‍ക്കാന്‍ തയ്യാറല്ല.” സൂര്യ പറയുന്നു.
സ്ത്രീകളെ കൂകിവിളിച്ചും തല്ലിയും ഭയപ്പെടുത്തിയും തെറിവിളിച്ചും വീടുകയറി ആക്രമിച്ചും, അശ്ലീലങ്ങള്‍ പറഞ്ഞുപരത്തിയും നുണകളാവര്‍ത്തിച്ചും കൊലവിളിനടത്തുന്ന ഗുണ്ടാ സംഘങ്ങളുടേത് വിശ്വാസമാണോ. ഒരു മനുഷ്യനുപോലും ആപത്തുണ്ടാകരുതേ എന്നാഗ്രഹിക്കുന്നതും, സര്‍വ്വചരാചരങ്ങള്‍ക്കും ഐശ്വര്യമുണ്ടാകട്ടെ എന്നും തനിക്കും കുടുംബത്തിനും രാജ്യത്തിനും നാട്ടുകാര്‍ക്കും ഒക്കെയും നന്മയുണ്ടാവട്ടെ എന്നും ആഗ്രഹിക്കുന്നതല്ലേ വിശ്വാസം. അതിനായി മലകയറുന്ന അയ്യപ്പഭക്തകളുടേതല്ലേ വിശ്വാസം. അതിനെ എതിര്‍ക്കാന്‍ പ്രതിഷേധക്കാരായെത്തുന്ന ഇവര്‍ക്ക് നാണമില്ലേ? ഇവരുടെ അളവുകോലെന്ത്? ഇവര്‍ ആരുടെ പിന്‍തലമുറക്കാരാണ്? സൂര്യ ചോദിക്കുന്നു.
“ശബരിമലയിലേക്ക് പോകുക തന്നെ ചെയ്യും. അത് ഏതൊക്ക രീതിയില്‍ ഏങ്ങനെയൊക്കെ ഇവര്‍ പ്രതിഷേധിച്ചാലും എതിര്‍ക്കാന്‍ ശ്രമിച്ചാലും. ശബരിമല സന്ദര്‍ശനം പരസ്യമായി പ്രഖ്യാപിച്ചതോടെ ജോലി നഷ്ടപ്പെട്ടു. നിരന്തരം വേട്ടയാടപ്പെട്ടു. നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. ഫോണ്‍ പോലും ഉപയോഗിക്കാന്‍ കഴിയാത്ത വിധം ആരൊക്കെയോ അസഭ്യം പറഞ്ഞു. സൈബര്‍ അക്രമണം നേരിട്ടു. ഇപ്പോഴും തുടരുന്നു. എന്നാലും ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്‍മാറില്ല. കാരണം ഇവരുടെ ഒന്നും പ്രശ്നം യുവതികളുടെ ശബരിമല പ്രവേശനമല്ല. രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ്. ” സൂര്യ ദേവാര്‍ച്ചന വ്യക്തമാക്കി.
സമാനമായ രീതിയില്‍ സംഘപരിവാര്‍ ശക്തികളില്‍ നിന്നും തീവ്ര ഹിന്ദുത്വ സംഘടനകളില്‍ നിന്നും ആക്രമണം നേരിടുകയും വീട് അക്രമിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് മോഡലും ആക്റ്റിവിസ്റ്റുമായ റഹ്നാ ഫാത്തിമ. റഹ്ന ശബരിമലയില്‍ എത്തിയെന്ന വാര്‍ത്ത പുറത്തു വന്ന അതേ സമയത്തില്‍ തന്നെ റഹ്നയുടെ കൊച്ചിയിലെ താമസസ്ഥലം ഒരു സംഘം ആളുകള്‍ അക്രമിച്ചിരുന്നു. ബി.എസ്.എന്‍.എലിലെ ജീവനക്കാറിയായ റഹ്നയെ ജോലിയില്‍ നിന്നും പുറത്താക്കണമെന്നാവശ്വപ്പെട്ടു കൊണ്ടുള്ള കത്തുകള്‍ അയക്കുകയും നിരന്തര സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ടവര്‍ക്ക്.
അതേ സമയം, ശബരിമലയില്‍ എത്തിയ റഹ്നയുടെ ഇരുമുടി കെട്ടില്‍ സാനിറ്ററി നാപ്കിന്‍ ആണെന്നടക്കമുള്ള വാര്‍ത്തകളാണ് ചില സംഘപരിവാര്‍ അനുകൂല വാര്‍ത്താ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.