| Wednesday, 6th July 2022, 10:11 am

സ്വപ്‌ന സുരേഷിനെ പുറത്താക്കി എച്ച്.ആര്‍.ഡി.എസ്; സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേട്ടയാടുന്നുവെന്ന് ചീഫ് കോര്‍ഡിനേറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സംഘപരിവാര്‍ അനുകൂല എന്‍.ജി.ഒയായ എച്ച്.ആര്‍.ഡി.എസില്‍ (ദ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി) നിന്നും പുറത്താക്കി.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വേട്ടയാടുന്നുവെന്നും അതാണ് നടപടിയിലേക്ക് നയിച്ചതെന്നും എച്ച്.ആര്‍.ഡി.എസ് ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു.

”സ്വപ്‌ന സുരേഷിനെ എച്ച്.ആര്‍.ഡി.എസിന്റെ വിമന്‍ എംപവര്‍മെന്റ് ആന്‍ഡ് സി.എസ്.ആര്‍ ഡയറക്ടര്‍ എന്ന പദവിയില്‍ നിന്നും ഒഴിവാക്കാന്‍ എച്ച്.ആര്‍.ഡി.എസിന്റെ ഭരണസമിതി തീരുമാനമെടുത്തു.

എച്ച്.ആര്‍.ഡി.എസിന്റെ മുഴുവന്‍ സ്ഥാപനങ്ങളിലും എല്ലാ ഓഫീസുകളിലും എല്ലാ വകുപ്പുകളിലുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരന്തരമായി കയറിയിറങ്ങുകയാണ്. എച്ച്.ആര്‍.ഡി.എസിന്റെ പ്രവര്‍ത്തനങ്ങളെ അവസാനിപ്പിക്കുക എന്ന ഗൂഢ ലക്ഷ്യത്തോട് കൂടി, മൊഴി രേഖപ്പെടുത്തുക എന്ന പേരില്‍ നിരന്തരം ചോദ്യം ചെയ്ത് പ്രയാസങ്ങള്‍ സൃഷ്ടിക്കുകയാണ്.

ഇത് എച്ച്.ആര്‍.ഡി.എസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി വന്നതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ സ്വപ്‌ന സുരേഷിനെ ഞങ്ങള്‍ തന്നെ നല്‍കിയ ജോലിയില്‍ നിന്ന് ഒഴിവാക്കുവാന്‍ നിര്‍ബന്ധിതരായത്,” എച്ച്.ആര്‍.ഡി.എസ് ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു പത്രസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ ആണ് എച്ച്.ആര്‍.ഡി.എസ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സ്വപ്‌ന സുരേഷിന് എച്ച്.ആര്‍.ഡി.എസില്‍ ജോലി നല്‍കിയത്.

പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.എസില്‍ സി.എസ്.ആര്‍ ഡയറക്ടറായായിരുന്നു നിയമനം. പ്രതിമാസം 43,000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.

കോര്‍പറേറ്റ് കമ്പനികളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോന്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുക എന്നിവയായിരുന്നു സ്വപ്‌നയുടെ ചുമതല.

Content Highlight: Sanghparivar affiliated NGO HRDS expelled Swapna Suresh

We use cookies to give you the best possible experience. Learn more