'ബി.ജെ.പിക്ക് വോട്ടു ചെയ്ത നമ്മളെ വിഡ്ഢികളെന്നു വിളിച്ചതിന്റെ ഫലമാണിത്' നിപ സ്ഥിരീകരിച്ചതിനു പിന്നാലെ കേരളത്തിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍
Daily News
'ബി.ജെ.പിക്ക് വോട്ടു ചെയ്ത നമ്മളെ വിഡ്ഢികളെന്നു വിളിച്ചതിന്റെ ഫലമാണിത്' നിപ സ്ഥിരീകരിച്ചതിനു പിന്നാലെ കേരളത്തിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2019, 10:58 am

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ കേരളത്തിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍. കര്‍മ്മ ഫലമാണിതെന്നും ബി.ജെ.പിയ്ക്കു വോട്ടു ചെയ്ത നമ്മളെ വിഡ്ഢികളെന്നു വിളിച്ചതിനുള്ള ശിക്ഷയാണിതെന്നുമൊക്കെയാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്.

‘ എന്തുകൊണ്ട് എല്ലായ്‌പ്പോഴും കേരളത്തില്‍? ചെയ്ത പാപത്തിനുള്ള ശിക്ഷ അനുഭവിക്കുകയാണോ അവര്‍? അല്ലെങ്കില്‍ ഇപ്പോള്‍ നിപ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് ബി.ജെ.പിക്ക് വോട്ടു ചെയ്തതിന്റെ പേരില്‍ നമ്മളെ വിഡ്ഢികളെന്ന് കളിയാക്കുന്ന വേളയിലാണ്. കേരളം കര്‍മ്മഫലം അനുഭവിക്കുന്നു.’ എന്നാണ് നിപയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയ്ക്കു കീഴില്‍ ഒരാള്‍ കമന്റു ചെയ്തത്.

‘ഒരു പ്രശ്‌നവുമില്ല, യു.എ.ഇയില്‍ നിന്നും 700 കോടി രൂപ ഇങ്ങ് വരികയല്ലേ.’ എന്നാണ് മറ്റൊരു കമന്റ്.

‘അറബ് രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന ഈത്തപ്പഴത്തില്‍ നിന്നാണോ ഇത് വരുന്നത്?’ എന്നാണ് മറ്റൊരു പ്രചരണം.

ഇതിനെ വിദ്യാസമ്പന്നതയുമായി ബന്ധപ്പെടുത്തിയും ചിലര്‍ കേരളത്തെ പരിഹസിക്കുന്നുണ്ട്. ‘ഇവരുടെ സാക്ഷരത എവിടെ നില്‍ക്കുന്നുവെന്ന് കാണുന്നുണ്ടല്ലോ?’ എന്നാണ് ഇത്തരത്തില്‍ വന്ന ഒരു പ്രതികരണം.

‘യഥാര്‍ത്ഥത്തില്‍ വലിയ വിദ്യാഭ്യാസമുള്ള തലച്ചോറില്‍ നിന്നാണ് ഈ വൈറസ് വരുന്നത്’ എന്നാണ് മറ്റൊരു കമന്റ്.

ക്രിസ്തീയാചാര്യനായ തങ്കു ബ്രദറിനൊപ്പം പിണറായി വിജയന്‍ ഇരിക്കുന്ന ചിത്രം ഉപയോഗിച്ചും ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. ക്യാന്‍സര്‍വരെ മാറ്റുമെന്ന് അവകാശപ്പെടുന്ന തങ്കു ബ്രദറിനെക്കൊണ്ട് എന്തുകൊണ്ട് നിപാ വൈറസിനെ തുരത്തിക്കൂടായെന്നാണ് ഇവര്‍ ചോദിക്കുന്നത്.