കോഴിക്കോട്: കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ദേശീയതലത്തില്‍ സംഘപരിവാറിന്റെ വ്യാജ പ്രചരണം. ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെ ചിത്രം കേരളത്തില്‍ മുസ്‌ലീങ്ങളാല്‍ ആക്രമിക്കപ്പെട്ട ഹിന്ദു സ്ത്രീയെന്ന തരത്തില്‍ പ്രചരിപ്പിച്ചാണ് സംഘപരിവാര്‍ വിദ്വേഷം സൃഷ്ടിക്കുന്നത്.
സോഷ്യല്‍ മീഡിയകള്‍ വഴി സംഘപരിവാര്‍ വ്യാജപ്രചരണങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ശംഖ്‌നാഥ് പോലുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വ്യാജ പ്രചരണം.
ആക്രമിക്കപ്പെട്ട ഹിന്ദു സ്ത്രീയുടെ ചിത്രവും തകര്‍ക്കപ്പെട്ട ഒരു കൃഷ്ണവിഗ്രഹത്തിന്റെ ചിത്രവും ഒരുമിച്ചു ചേര്‍ത്താണ് പ്രചരണം. കേരളത്തില്‍ മുസ്‌ലീങ്ങള്‍ ക്ഷേത്രം ആക്രമിച്ച് ഹിന്ദു സ്ത്രീയെ ക്രൂരമായി ആക്രമിച്ചുവെന്ന് പറഞ്ഞാണ് ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
“ഷോക്കിങ്: മതേതര കേരളത്തില്‍ മുസ്‌ലീങ്ങളാല്‍ ആക്രമിക്കപ്പെട്ട പ്രതിമയും ക്ഷേത്രവും പ്രായമായ ഹിന്ദു യുവതിയും. എന്തുകൊണ്ടാണ് ബോളിവുഡ് മിണ്ടാതിരിക്കുന്നത്?” എന്നാണ് ശംഖ്‌നാദ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
“പൂജ ചെയ്തതിന്റെ പേരില്‍ കേരളത്തില്‍ ഹിന്ദു യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വിഗ്രഹം തകര്‍ക്കുകയും ചെയ്തു, ശാന്തി ദൂതന്മാര്‍” എന്നു പറഞ്ഞും ചിലര്‍ ഈ ചിത്രം ട്വീറ്റു ചെയ്യുന്നുണ്ട്.
“#HinduDeniedEquality” എന്ന ഹാഷ്ടാഗിലാണ് വ്യാജപ്രചരണം നടക്കുന്നത്.
2017 ഒക്ടോബര്‍ എട്ടിന് സപ്‌റ്റോദിശ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്ന ബംഗ്ലാദേശി യുവതിയുടെ ഫോട്ടോയാണ് വ്യാജപ്രചരണത്തിനായി സംഘപരിവാര്‍ ഉപയോഗിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ തെക്കു കിഴക്കന്‍ മേഖലയിലുളള ഛാട്ടോഗ്രാം എന്ന ജില്ലയിലെ നോര്‍ത്തേണ്‍ ബാംബൂ സ്‌റ്റേഷനിലെ യുവതിയുടെ ചിത്രമാണിതെന്നാണ് 2017ലെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. മകന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ അമ്മയെന്നു പറഞ്ഞുകൊണ്ടാണ് ഈ ചിത്രം അന്ന് ഷെയര്‍ ചെയ്തത്.