ന്യൂദല്‍ഹി: വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെത്തിയില്ലെങ്കില്‍ കള്ളവോട്ട് ചെയ്യണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ബി.ജെ.പി സ്ഥാനാര്‍ഥയുടെ ആഹ്വാനം. ഉത്തര്‍പ്രദേശിലെ ബദായൂം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ സംഘ്മിത്ര മൗര്യയാണു വിവാദപ്രസ്താവന നടത്തിയത്.
എല്ലാവരും വോട്ട് ചെയ്യേണ്ടതാണെന്നും അതുണ്ടാകാത്തതിനാല്‍ കള്ളവോട്ട് വേണ്ടിവരുമെന്ന് ഇവര്‍ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ പറയുന്നു. എല്ലായിടത്തും കള്ളവോട്ടുണ്ടാകുന്നുണ്ട്. ആ സാഹചര്യം മുതലെടുക്കണമെന്നും രഹസ്യമായി അതു ചെയ്യണമെന്നും അവര്‍ വീഡിയോയില്‍ പറയുന്നു.
ഈ വിഷയത്തെക്കുറിച്ച് ഇതുവരെ അറിവില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ദിനേശ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പ്രതികരിച്ചു.
ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മകളാണു സംഘ്മിത്ര.
തെരഞ്ഞെടുപ്പുകാലത്ത് ആരെങ്കിലും ഗുണ്ടായിസം കാണിച്ചാല്‍ പേടിക്കേണ്ടെന്നും അതിനേക്കാള്‍ വലിയ ഗുണ്ടയാണു താനെന്നും സംഘ്മിത്ര പറഞ്ഞതു കഴിഞ്ഞമാസം ഏറെ ചര്‍ച്ചയായിരുന്നു.
ബദായൂം മണ്ഡലത്തില്‍ ഏപ്രില്‍ 23-നാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര യാദവാണ് സംഘ്മിത്രയുടെ പ്രധാന എതിരാളി.