| Friday, 9th June 2023, 8:39 am

ഒഡീഷ അപകടത്തിന് കാരണം 'ജിഹാദിയായ സ്റ്റേഷന്‍ മാസ്റ്റര്‍ ഷെരീഫ്'; വീണ്ടും മതവിദ്വേഷ പ്രചരണം; ഫാക്ട് ചെക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് വീണ്ടും സംഘി പ്രൊഫൈലുകളുടെ മതവിദ്വേഷ വ്യാജ പ്രചരണം.

പ്രചരണം എന്ത്

280 പേര്‍ മരിക്കാനിടയായ അപകടത്തിന്റെ സാഹചര്യമുണ്ടാക്കിയത് ഷെരീഫ് അഹമ്മദ് എന്ന മുസല്‍മാനാണെന്നും അയാള്‍ ഒളിവിലാണെന്നും പറഞ്ഞാണ് പ്രചരണം.

മുഹമ്മദ് ഷെരീഫ് ബഹനാഗ ബസാര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററാണെന്നും അപകടത്തില്‍ ഇയാള്‍ക്ക് പ്രത്യേക റോളുണ്ടെന്നും ഫോട്ടോ സഹിതമാണ് പ്രചരിപ്പിക്കുന്നത്. ബാലസോറിലെ ട്രെയിന്‍ അപകടത്തിന് പിന്നിലെ പ്രധാന പ്രതിയാണ് മുഹമ്മദ് ഷെരീഫ് അഹമ്മദെന്നും ഈ പ്രൊഫൈലുകള്‍ അവകാശപ്പെടുന്നു.

പ്രചരണം ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും

ട്വിറ്ററിലും ഫേസ്ബുക്കിലൂടെയുമാണ് ഈ വ്യാജ പ്രചരണം നടക്കുന്നത്. ട്വിറ്ററില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രചരിപ്പിക്കുന്നതിന്റെ മലയാള പരിഭാഷ കേരളത്തിലെ തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളും ഏറ്റെടുത്തിട്ടുണ്ട്. മഹാഭാരത് തൃശൂര്‍ എന്ന പേജില്‍ നിന്ന് വന്ന പോസ്റ്റ്.

‘280 പേരെ കൊല്ലുകയും 900 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ട്രെയിന്‍ അപകടത്തിന്റെ കാരണം മനുഷ്യരൂപത്തിലുള്ള ഈ പിശാച് ഷെരീഫ് അഹമ്മദ് ആയിരുന്നു. ഒറീസയിലെ ബഹനാഗ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിന്‍ നില്‍ക്കുന്ന ലൂപ്പ് ലൈനിലേക്ക് മനപൂര്‍വം എക്സ്പ്രസ് ട്രെയിനിന് സിഗ്‌നല്‍ നല്‍കിയത് ഈ മഹാപാപിയായിരുന്നു.

അപകടത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത് മുതല്‍ മുഹമ്മദ് ഷെരീഫ് അഹമ്മദ് ഒളിവിലാണ്. ഈ ജിഹാദി ഒരു മതഭ്രാന്തനാണ്. ബാലസോറിലെ ക്രൂരമായ ട്രെയിന്‍ അപകടത്തിന് പിന്നിലെ പ്രധാന പ്രതിയാണ് മുഹമ്മദ് ഷെരീഫ് അഹമ്മദ്. ഇപ്പോള്‍ ഇയാള്‍ ഒളിവിലാണ്. ഇവന്റെ പിന്നില്‍ ഗൂഢാലോചന നടത്തിയവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ തുടരുകയാണ്.’

സത്യാവസ്ഥ

ഈ പ്രചരണവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാവുന്ന ഒരു വസ്തുതയും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അപകടകാരണം വ്യക്തമായി വിശദീകരിക്കാം എന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

ബഹനാഗ ബസാര്‍ സ്റ്റേഷന്റെ ഉദ്യോഗസ്ഥരുടെ ലിസ്റ്റ്(കടപ്പാട് ഇന്ത്യ ടുഡെ)

ഇന്ത്യ ടുഡെയുടെ ഫാക്ട് ചെക്ക് റിപ്പോര്‍ട്ട് അനുസരിച്ച് അപകടം നടന്ന സ്റ്റേഷനില്‍ ഷെരീഫ് അഹമ്മദ് എന്ന് പറയുന്ന ഒരാള്‍ ജോലി ചെയ്യുന്നതായി രേഖകളിലില്ല. മുഹമ്മദ് ഷെരീഫ് എന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ഒളിവില്‍ പോയി എന്ന പ്രചരണത്തിനെക്കുറിച്ച് വിശ്വസനീയമായ ഒരു വാര്‍ത്തയും തങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറുന്നു.

ഇതിന് മുമ്പും പ്രചരണം

ബാലസോര്‍ അപകടം നടന്ന സ്ഥലത്തിന്റെ ആകാശ ദൃശ്യത്തില്‍ കാണുന്ന ഒരു കെട്ടിടം മുസ്‌ലിം പള്ളിയാണെന്നും അതുകൊണ്ട് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ് ദുരന്തത്തിന് ഉത്തരവാദികളെന്നുമായിരുന്നു നേരത്തെ നടന്ന പ്രചരണം. സംഭവം നടന്നത് വെള്ളിയാഴ്ച ആയത് കൊണ്ട് ‘ഇന്നലെ വെള്ളിയാഴ്ച’ എന്ന ഹാഷ് ടാഗോടെയായിരുന്നു ഈ വ്യജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്.

പ്രചരണത്തിന് ഉപയോഗിക്കുന്ന കെട്ടിടം ബഹനങ്കയിലെ ഇസ്‌കോണ്‍ ക്ഷേത്രമാണെന്ന് മാധ്യമങ്ങള്‍ ഫാക്ട് ചെക്കിങ്ങിലൂടെ കണ്ടെത്തിയിരുന്നു. ഇത് എഡിറ്റ് ചെയ്ത് മസ്ജിദാക്കിയാണ് മുസ്‌ലിങ്ങളാണ് അപകടത്തിന് കാരണമായതെന്ന് ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ചിരുന്നത്.

Content Highlight:  Sanghi profiles again spread hateful fake propaganda, train accident in Odisha’

We use cookies to give you the best possible experience. Learn more