അയ്യപ്പ ഭക്തനെ അടിച്ചുകൊന്നത് പൊലീസ്; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: പൊലീസ് വിശദീകരണത്തിനു ശേഷവും വ്യാജ പ്രചരണം ഏറ്റുപിടിച്ച് ശ്രീധരന്‍പിള്ള
Kerala News
അയ്യപ്പ ഭക്തനെ അടിച്ചുകൊന്നത് പൊലീസ്; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: പൊലീസ് വിശദീകരണത്തിനു ശേഷവും വ്യാജ പ്രചരണം ഏറ്റുപിടിച്ച് ശ്രീധരന്‍പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd November 2018, 11:18 am

തിരുവനന്തപുരം: നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ അയ്യപ്പ ഭക്തന്‍ കൊല്ലപ്പെട്ടെന്ന വ്യാജ പ്രചരണം ഏറ്റുപിടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും. ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്ന് വ്യക്തമായതോടുകൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാണ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരിക്കുന്നത്.

ശിവദാസ് മരണപ്പെട്ടത് പൊലീസ് നടപടിയില്‍ അല്ലെന്ന തെളിവ് സഹിതമുള്ള പത്തനംതിട്ട പൊലീസ് മേധാവിയുടെ വിശദീകരണം വന്നതിനു ശേഷമാണ് ശ്രീധരന്‍പിള്ള വ്യാജ പ്രചരണം ഏറ്റുപിടിച്ചിരിക്കുന്നത്. ശബരിമലയെ മുന്‍നിര്‍ത്തിയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന പൊലീസിന്റെ മുന്നറിയിപ്പ് വകവെക്കാതെയാണ് ശ്രീധരന്‍പിള്ള ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.


“കഴിഞ്ഞ പതിനേഴാം തിയ്യതി മുതല്‍ കാണാതായ ശിവദാസന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലാണ് പ്ലാപ്പള്ളി വനത്തില്‍ നിന്നും കണ്ടെടുത്തത്. അയ്യപ്പന്റെ ചിത്രം വെച്ച് സൈക്കിളില്‍ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് നിരപരാധിയായ ശിവദാസനെ പിണറായിയുടെ പോലീസ് അക്രമിച്ചതും അടിച്ചു കൊന്നതും. ശിവദാസിനെ കാണാതായ നാള്‍ മുതല്‍ ഈ കേസ് ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണം എന്ന് നേരത്തെ തന്നെ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

ജഡം കിട്ടിയതോടെ ബി.ജെ.പി ഉന്നയിച്ച സംശയങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ ഇനി ഒട്ടും അമാന്തിക്കരുത്. അയ്യപ്പഭക്തന്റെ അരുംകൊലയുടെ ഉത്തരവാദിതത്തില്‍ നിന്നും പൊലീസിലെ ക്രിമിനലുകളെ കയറൂരിവിട്ട് പിണറായി വിജയന് കൈകഴുകാന്‍ ആവില്ല. എത്രയുംവേഗം മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും” ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം, ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തിയ്യതി മുതലാണ് ശിവദാസിനെ കാണാതായത്. ശബരിമലയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. 19ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായും വീട്ടുകാര്‍ പറയുന്നുണ്ട്.
പത്തനംതിട്ട നിലക്കല്‍ റൂട്ടില്‍ ളാഹയിലാണ് മൃതദേഹം കണ്ടെത്തിയത്.

നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍- പമ്പ റൂട്ടിലാണ്. നിലക്കല്‍ പമ്പ റൂട്ടില്‍ നടന്ന പ്രശ്നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന സംശയം തീരുന്നേ ഇല്ല. മരിച്ചയാളുടെ മോപ്പഡ് (മോട്ടര്‍സൈക്കിള്‍) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്.


പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. അതും ഓടി വന്നതാണോ. ഇതാണ് രീതി, നുണ പ്രചരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുക, അതു വഴി കലാപം ഉണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം” ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ ഐ.പി.എസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അതേസമയം, അയ്യപ്പഭക്തന്റെ കൊലക്കുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പറഞ്ഞ് കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. അയ്യപ്പഭക്തന്റെ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണെന്നും ഇനിയും പിണറായി വിശ്വാസികളെ കൊന്നൊടുക്കാന്‍ കോപ്പുകൂട്ടുന്നുണ്ടെന്നുമാണ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ സുരേന്ദ്രന്‍ ആരോപിച്ചിരുന്നത്.