| Saturday, 6th October 2018, 1:39 pm

പൊന്നാനിയില്‍ കടലില്‍ രൂപപ്പെട്ട മണല്‍ത്തിട്ട രാമസേതുവെന്ന് സംഘപരിവാര്‍; പ്രചരണം ഏറ്റുപിടിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍സണ്‍ട്ടന്റ് രവി രഞ്ജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രളയത്തിന് ശേഷം പൊന്നാനിയില്‍ കടലില്‍ രൂപപ്പെട്ട മണല്‍ത്തിട്ട രാമസേതുവാണെന്ന വ്യാജ സന്ദേശം ടിറ്ററില്‍ വൈറലാകുന്നു. മണല്‍ത്തിട്ട രാമസേതുവാണെന്ന തരത്തിലാണ് സൈബര്‍ ലോകത്ത് പ്രചരിപ്പിക്കുന്നത്. ബി.ജെ.പിയുടെ പ്രമുഖ നേതാക്കാളും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍സണ്‍ട്ടന്റ് രവി രഞ്ജന്‍ അടക്കം വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. രാമസേതുവിനെ ദേശീയ പൈതൃകമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച സുബ്രഹ്മണ്യന്‍ സ്വാമിക്ക് നന്ദിയുണ്ടെന്ന് പറഞ്ഞ രവി രഞ്ജന്റെ ട്വീറ്റ് രണ്ടായിരത്തോളം പേര്‍ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.


കേരളത്തില്‍ പ്രളയത്തിന് ശേഷം മലപ്പുറം പൊന്നാനി അഴിമുഖത്ത് മണല്‍ അടിഞ്ഞുകൂടി രൂപപ്പെട്ട തുരുത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ മണല്‍ത്തിട്ട രാമന്‍ നിര്‍മ്മിച്ചതാണെന്നും ലങ്കയിലേക്കുള്ള വഴിയാണെന്നുമാണ് ട്വിറ്ററിലെ പോസ്റ്റുകള്‍.

രാമായണപ്രകാരം ശ്രീരാമന്‍ ലങ്കയിലേക്ക് പോകാനായി കടലില്‍ നിര്‍മിച്ച വഴിയാണ് രാമസേതു. രാമായണത്തില്‍ പറയുന്നത് വെറുമൊരു ഐതിഹ്യമല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേയെന്ന് രവി രഞ്ജന്‍ ചോദിക്കുന്നു.

അതേസമയം, ഈ പ്രചരണം തെറ്റാണെന്നും കടലില്‍ കാണുന്നത് വെറും മണല്‍തിട്ടയാണെന്നും നിരവധിയാളുകള്‍ രവി രഞ്ജന്റെ ട്വീറ്റിന്റെ അടിയില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.


കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുള്ള പ്രതിഭാസത്തില്‍ വേലിയിറക്ക സമയത്താണ് മണല്‍ത്തിട്ട വീതിയില്‍ കാണപ്പെട്ടത്. പൊന്നാനി ബിച്ചില്‍നിന്നും കടലിനുള്ളിലേക്ക് കിലോമീറ്ററുകള്‍ നീണ്ട മണല്‍തിട്ട കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എപ്പോള്‍ വേണമെങ്കിലും അപ്രത്യക്ഷമാകാവുന്ന മണല്‍ത്തിട്ടയാണെന്നും അതിനാല്‍ ആളുകള്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more