| Friday, 28th December 2018, 9:11 am

സംഘപരിവാറിന്റെ അയ്യപ്പജ്യോതി; എന്‍.എസ്.എസില്‍ ഭിന്നത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന വനിതാ മതിലിനെതിരെ സംഘപരിവാര്‍ നടത്തിയ അയ്യപ്പജ്യോതിയോട് എന്‍.എസ്.എസ് സ്വീകരിച്ച സമീപനത്തില്‍ എന്‍.എസ്.എസില്‍ ഭിന്നത രൂക്ഷം. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍നിന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ അടക്കമുള്ള നിരവധി സമുദായ നേതാക്കള്‍ വിട്ടുനിന്നത് ഭിന്നതയുള്ളതിനാലാണെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്നായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബുധനാഴ്ച നടന്ന പരിപാടിയില്‍ നിന്ന് അദ്ദേഹം അവസാനനിമിഷം പിന്‍മാറിയിരുന്നു.

ALSO READ: ഐ.എസ് ബന്ധമാരോപിച്ചുള്ള റെയ്ഡ് എന്‍.ഐ.എയുടെ നാടകമോ?നാടന്‍തോക്കും ദീപാവലി പടക്കങ്ങളും ഉപയോഗിച്ചാണോ ഐ.എസ് ഇന്ത്യയെ തകര്‍ക്കുന്നതെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം സംഗീത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനിന്നവരുടെ കൂട്ടത്തില്‍പ്പെടുന്നു. കരയോഗങ്ങളില്‍നിന്ന് എതിര്‍സ്വരം ഉയര്‍ന്നതിനാലാണ് താലൂക്ക് പ്രസിഡന്റുമാര്‍ വിട്ടുനിന്നതെന്നാണ് സൂചന.

എന്‍.എസ്.എസ് കരയോഗങ്ങള്‍ക്കായി കര്‍മസമിതി നിശ്ചയിച്ചുകൊടുത്ത കേന്ദ്രങ്ങളില്‍ ജ്യോതി തെളിയിക്കാതെ സ്വന്തം നിലയ്ക്ക് സ്ഥലം തെരഞ്ഞെടുത്ത കരയോഗങ്ങളുമുണ്ട്. സമുദായാംഗങ്ങളുടെ വികാരം താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരെ അറിയിച്ചതായാണ് സൂചന.

ഇത് കണക്കിലെടുത്താണ് പെരുന്നയില്‍ എന്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ ജ്യോതി തെളിയിക്കുന്നതില്‍നിന്ന് ജനറല്‍ സെക്രട്ടറിയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും മാറിനിന്നത്. മന്നം സമാധിയില്‍ പതിവ് വിളക്ക് തെളിച്ചതേയുള്ളൂ. എന്‍.എസ്.എസിന്റെ നേതൃനിരയില്‍നിന്ന് ആരും അയ്യപ്പജ്യോതിയില്‍ പങ്കെടുത്തില്ല.

ALSO READ: ബി.ജെ.പി തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടത്തുന്നു, മറ്റാരില്‍ നിന്നും ഇത്തരം ആക്രമണം നേരിടേണ്ടിവന്നിട്ടില്ല: വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരത്ത് ശോഭ സുരേന്ദ്രന്റെ സത്യാഗ്രഹ പന്തലിന് മുന്നില്‍ ജ്യോതി തെളിക്കാനാണ് എം സംഗീത്കുമാറിനെ ക്ഷണിച്ചത്. നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലുക്ക് യൂണിയന്‍ ഭാരവാഹികളെയും വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

സെക്രട്ടറിയറ്റിന് മുന്നില്‍ ബി.ജെ.പിയുടെ കടുത്ത അനുഭാവികളായ സ്ത്രീകളാണ് ജ്യോതി തെളിക്കാന്‍ എത്തിയത്.

ബി.ഡി.ജെ.എസിന് പുറമെ എന്‍.എസ്.എസ് നേതാക്കള്‍ കൂട്ടത്തോടെ ചടങ്ങ് ഒഴിവാക്കിയതില്‍ ബി.ജെ.പി നേതൃത്വം അസ്വസ്ഥരാണ്. അതേസമയം വനിതാ മതിലില്‍ സഹകരിക്കുമെന്ന പ്രതികരണവുമായി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തിയിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more