തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്കും സഹോദരനും നേരെ സംഘപരിവാര്‍ ആക്രമണം. ശ്രീകാര്യം ഇടവക്കോട് ദേവീപുരം താമസിക്കുന്ന അരുണ്‍ അരുണിമയേയും സഹോദരന്‍ ശ്യാം സ്റ്റീഫനേയുമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
ഇന്ന് വൈകീട്ടാണ് സംഭവം നടന്നതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തകര്‍ ക്യൂറിഥം ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. അരുണിമയും ശ്യാമും മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അരുണിമയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട പെണ്ണുകാണല്‍ ചടങ്ങ് നടക്കുന്ന സമയത്ത്, ചടങ്ങിനെത്തിയ മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തെറി പറഞ്ഞും ആക്ഷേപിച്ചും എത്തിയ നാല് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.
‘നിനക്കൊക്കെ മറ്റേ പണിയല്ലേ, നിന്നെയൊന്നും ജീവിക്കാന്‍ അനുവദിക്കില്ല’ എന്നു പറഞ്ഞും തെറി വിളിച്ചുമാണ് വീട്ടുകാരുടെ മുന്നില്‍ വച്ച് അരുണിമയേയും സഹോദരനേയും തല്ലിയത്. മര്‍ദ്ദനത്തില്‍ ശ്യാമിന് തലക്കും മുഖത്തും സാരമായ പരിക്ക് പറ്റിയിട്ടുണ്ട്.
ഇടിവള കൊണ്ടും കഠാരയുടെ പിന്‍ഭാഗം കൊണ്ടും മര്‍ദ്ദിക്കുകയും തുടര്‍ന്ന് തല പിടിച്ച് മതിലില്‍ രക്തം വരുന്ന വരെയും ഇടിക്കുകയും ചെയ്തതായി അരുണിമ പറയുന്നു. അരുണിമയുടെ മുഖത്തും വയറിനും മര്‍ദ്ദനമേറ്റു.
ട്രാന്‍സ്ജെന്‍ഡര്‍ ആയതിനാലാണ് തനിക്കും സഹോദരനും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതെന്നും അരുണിമ പറയുന്നു. അതേസമയം, ശ്രീകാര്യം പൊലീസ് മൊഴി രേഖപ്പെടുത്തി.