ന്യൂദല്‍ഹി: ഫോട്ടോഷോപ്പിനും വ്യാജ വാര്‍ത്തകള്‍ക്കും ശേഷം വ്യാജ ട്വിറ്റര്‍ ട്രെന്‍ഡ് ഉണ്ടാക്കാനാണ് ഹിന്ദുത്വ “സൈബര്‍ പോരാളികളുടെ” ശ്രമം. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും വിദ്വേഷ സന്ദേശങ്ങള്‍ പടര്‍ത്തുന്നതിനും പേരു കേട്ട സംഘപരിവാറിന്റെ സൈബര്‍ വിംഗിന്റെ പുതിയ പരിപാടിയെ പക്ഷെ നേരത്തേ തന്നെ സൈബര്‍ ലോകം കയ്യോടെ പിടികൂടുകയായിരുന്നു.
ട്രോള്‍ എ ഭക്ത് എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇക്കാര്യം തെളിയിക്കുന്ന ലിങ്കുകള്‍ പുറത്ത് വിട്ടത്. റോഹിങ്ക്യന്‍ ജനതയ്ക്ക് എതിരെ ട്വിറ്ററിലുയര്‍ന്ന് വന്ന ട്രെന്‍ഡില്‍ കൃത്രിമമായി നിരവധി ഹാഷ്ടാഗുകളാണ് ട്വീറ്റ് ചെയ്യപ്പെട്ടത്. #RohingyaTerrorReality എന്ന ഹാഷ് ടാഗ് ഇന്നലെ ഇന്ത്യന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.
ടൈംസ് നൗ ചാനല്‍ കൊണ്ടുവന്ന ഈ ഹാഷ് ടാഗില്‍ റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ ഇന്ത്യക്ക് ഭീഷണി ആണെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഒരേ പേരിലുള്ള വിവിധ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒരേ സന്ദേശം പോസ്റ്റ് ചെയ്ത് കൃത്രിമമായി ട്രെന്‍ഡ് ഉണ്ടാക്കി എടുക്കുകയായിരുന്നു.
“സസ്വദേശ്” എന്ന പേരിന്റെ വിവിധ വകഭേദങ്ങള്‍ പേരായുള്ള ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ട്വീറ്റുകള്‍. വന്ദന സസ്വദേശ്, പ്രിയ സസ്വദേശ്, രമേശ് സസ്വദേസ് തുടങ്ങിയ നൂറ് കണക്കിന് അക്കൗണ്ടുകളാണ് കൃത്രിമ ട്വീറ്റിനായി ഉപയോഗിച്ചിരിക്കുന്നത്. രണ്ടോ മൂന്നോ സെക്കന്‍ഡുകള്‍ ഇടവിട്ട് ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് നിരന്തരം ഒരേ ഹാഷ്ടാഗ് തന്നെ പോസ്റ്റ് ചെയ്താണ് ട്രെന്‍ഡ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരെ, #IndiaRejectRahul എന്ന ട്വീറ്റ് ട്രെന്‍ഡ് ചെയ്യിക്കാനും ഇതേ രീതി തന്നെയാണ് ഉപയോഗിച്ചിരുന്നത്.