|

അട്ടപ്പാടിയില്‍ സംഘപരിവാര്‍ അനുകൂലികളായ സവര്‍ണര്‍ ദളിതര്‍ക്ക് പൊതുശ്മശാനം നിഷേധിക്കുന്നു

ഷഫീഖ് താമരശ്ശേരി

അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ആലമരം ശ്മശാനത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ചക്‌ലിയര്‍ക്ക് മാത്രമായി പൊതുശ്മശാനം നിഷേധിക്കുന്നതായി പരാതി. മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നത് സവര്‍ണവിഭാഗങ്ങള്‍ കായികമായി തടയുകയാണെന്നും ഇതോടെ മൃതദേഹങ്ങള്‍ റോഡരികിലെ പുറമ്പോക്കില്‍ സംസ്‌കരിക്കേണ്ട സ്ഥിതിയിലാണ് തങ്ങളെന്നും ദളിത് കുടുംബങ്ങള്‍ പറയുന്നു.

പുതൂര്‍ പഞ്ചായത്തിലെ ഉമ്മത്താമ്പടിയിലുള്ള ചക്‌ലിയ കോളനിയിലെ കുടുംബങ്ങള്‍ക്കാണ് മുന്‍കാലങ്ങളില്‍ അവര്‍ ആശ്രയിച്ചിരുന്നതും മറ്റ് വിഭാഗങ്ങള്‍ ഇപ്പോഴും ആശ്രയിച്ചുവരുന്നതുമായ ആലമരം ശ്മശാനം നിഷേധിക്കപ്പെടുന്നത്. മേല്‍ജാതിക്കാരെന്ന് അവകാശപ്പെടുന്ന ബി.ജെ.പി അനുഭാവികളായ കൗണ്ടര്‍, തേവര്‍ വിഭാഗക്കാരാണ് ചക്‌ലിയരുടെ മൃതദേഹം ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത് തടയുന്നതെന്നാണ് ഉമ്മത്താമ്പടി കോളനിയിലെ ചക്‌ലിയ വിഭാഗങ്ങള്‍ പറയുന്നത്.

എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിട്ടും അവര്‍ ഈ വിഷയത്തില്‍ സവര്‍ണ വിഭാഗങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചക്‌ലിയര്‍ പറയുന്നു. കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്ന, ഈ പ്രദേശങ്ങളിലെ ഭൂവുടമകള്‍ കൂടിയായ സവര്‍ണരെ ഭയന്നാണ് തങ്ങള്‍ ജീവിക്കേണ്ടി വരുന്നതെന്നും പരാതിപ്പെടാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും ചക്‌ലിയ കുടുംബങ്ങള്‍ പറയുന്നു.

പുതൂര്‍ ഉമ്മത്താമ്പടി കോളനിയിലെ ശകുന്തള എന്ന ചക്‌ലിയ സ്ത്രീ ഹൃദയസമ്പന്ധമായ രോഗങ്ങളെത്തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവിടെ പ്രശ്‌നങ്ങളാരംഭിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിനായി മഞ്ചേരിയില്‍ നിന്നും ആംബുലന്‍സില്‍ ആലമരം ശ്മശാനത്തിലെത്തിച്ചപ്പോള്‍ ബി.ജെ.പി അനുഭാവികളായ കൗണ്ടര്‍, തേവര്‍ വിഭാഗക്കാര്‍ വന്ന് റോഡില്‍ വെച്ച് ആംബുലന്‍സ് തടയുകയും സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയുമായിരുന്നുവെന്ന് കോളനിവാസികള്‍ പറയുന്നു.

ചക്‌ലിയര്‍ക്ക് മൃതദേഹം സംസ്‌കരിക്കാന്‍ സ്വന്തമായി ഭൂമിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ മൃതദേഹവുമായി തങ്ങള്‍ ഏറെ വലഞ്ഞുവെന്നും ആലമരം ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത് അനുവദിക്കാന്‍ സവര്‍ണ വിഭാഗങ്ങളോട് ഏറെ അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ അനുവദിച്ചില്ലെന്നും ഒടുവില്‍ മൃതദേഹം അഴുകാന്‍ തുടങ്ങിയപ്പോള്‍ റോഡരികിലെ പുറമ്പോക്കില്‍ സംസ്‌കരിക്കുകയായിരുന്നുവെന്നും ചക്‌ലിയ വിഭാഗത്തില്‍ നിന്നുള്ള ആദിവാസി പ്രൊമോട്ടര്‍ മരതകം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആലമരം ശ്മശാനം പൊതു ശ്മശാനമല്ലെന്നും തങ്ങളുടെ സ്വകാര്യ ഭൂമിയിലാണത് സ്ഥിതിചെയ്യുന്നതെന്നുമാണ് മേല്‍ജാതിക്കാരെന്ന് പറയപ്പെടുന്നവര്‍ ഉന്നയിക്കുന്ന വാദം. എന്നാല്‍ ഈ വാദം തെറ്റാണെന്നും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 12 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് ശ്മശാനം നവീകരിച്ചതിന്റെ വിവരാവകാശ രേഖകള്‍ കയ്യിലുണ്ടെന്നുമാണ് പ്രദേശവാസിയായ പുഷ്പന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ശ്മശാനം സ്വകാര്യ വ്യക്തികളുടേതാണെങ്കില്‍ പിന്നെ എന്തിന് 12 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ആലമരം ശ്മശാനത്തിനായി ചിലവഴിച്ചു എന്ന ചോദ്യത്തിന് പഞ്ചായത്ത് അധികൃതര്‍ ഉത്തരം പറയേണ്ടി വരുമെന്നും പുഷ്പന്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് പുതൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി അനിലിനെ ഡൂള്‍ന്യൂസ് ബന്ധപ്പെട്ടിരുന്നു. ആലമരം ശ്മശാനം സ്വകാര്യ വ്യക്തികള്‍ വാങ്ങിയ സ്ഥലത്താണെന്നും ഇപ്പോഴും ‘ജനറല്‍ ആളുകള്‍ക്കൊന്നും അവിടെ കുഴപ്പമില്ല’ എന്നുമായിരുന്നു ജ്യോതി അനില്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. അങ്ങനെയെങ്കില്‍ അത് ജാതിവിവേചനമല്ലേ എന്ന ചോദ്യത്തിന് ജ്യോതി അനില്‍ നല്‍കിയ മറുപടി ‘ജനറല്‍ ആളുകള്‍ മേടിച്ച സ്ഥലത്ത് ഞങ്ങള്‍ക്ക് എസ്.സി എസ്.ടിക്കാരെ അടക്കാന്‍ പറ്റുമോ’ എന്നായിരുന്നു. എങ്കില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്വകാര്യശ്മശാനത്തിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് തുകയനുവദിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് അവര്‍ കൃത്യമായ മറുപടി നല്‍കാതിരിക്കുകയും നിങ്ങള്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കരുത് എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയുമാണുണ്ടായത്.

ശകുന്തളയുടെ മരണശേഷം വേറെയും രണ്ട് മരണങ്ങള്‍ ഉമ്മത്താമ്പടിയിലെ കോളനിയില്‍ സംഭവിച്ചിരുന്നുവെന്നും അപ്പോഴെല്ലാം സവര്‍ണരെ ഭയന്ന് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാതെ റോഡരികിലെ പുറമ്പോക്കില്‍ തന്നെ അടക്കുയായിരുന്നുവെന്നും മരിച്ചാല്‍ ശവമടക്കാന്‍ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്നുമാണ് ചക്‌ലിയ കുടുംബങ്ങള്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയ കൗണ്ടര്‍, തേവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ ഭൂരിപക്ഷമായി താമസിക്കുന്ന ഈ മേഖലയില്‍ ചക്‌ലിയ വിഭാഗങ്ങള്‍ നേരിടുന്ന ജാതീയ വിവേചനങ്ങളെക്കുറിച്ച് നേരത്തെയും ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചായക്കടകളില്‍ ചക്‌ലിയര്‍ക്ക് മാത്രം പ്രത്യേക ഗ്ലാസ്സുകളില്‍ ചായകൊടുക്കുന്നതും പൊതുകിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ സമ്മതിക്കാതിരിക്കുന്നതും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുന്നതുമടക്കമുള്ള നിരവധി വിവേചനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ചക്‌ലിയ കുടുംബങ്ങള്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dalits are denied entry to the common graveyard in Attapadi, Sangh Parivar supported Upper Castes behind

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

Video Stories