| Wednesday, 31st August 2022, 8:37 am

മാഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വി.ഡി സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാന്‍ സംഘപരിവാര്‍ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ഭരണപ്രദേശമായ മാഹിയിലെ സ്‌കൂളില്‍ ഹിന്ദുത്വ നേതാവ് വി.ഡി സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാന്‍ സംഘപരിവാര്‍ ഭീഷണി.

പന്തക്കല്‍ ഐ.കെ.കുമാരന്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംഭാവന ചെയ്ത 75 സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ശിക്ഷയില്‍ നിന്ന് ഇളവുവാങ്ങിയ ഹിന്ദുമഹാസഭാ നേതാവായ സവര്‍ക്കറുടെ ഫോട്ടോയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

നേരത്തെ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയെങ്കിലും വലിയ പ്രതിഷേധമുണ്ടായതോടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ സവര്‍ക്കറുടെ ചിത്രം വീണ്ടും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ മാഹി ചീഫ് എജ്യൂക്കേഷന്‍ ഓഫീസര്‍ ഉത്തമ രാജിനെ തടഞ്ഞുവെച്ചു.

പരിശോധിച്ച് ഉചിതമായ നടപടി സ്വകരിക്കാമെന്ന ഉറപ്പിലാണ് ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്. ഓഗസ്റ്റ് 13ന് ഗാന്ധിയന്‍ കിഴന്തൂര്‍ പത്മനാഭന്റെ നേതൃത്വത്തില്‍ അമര്‍ജ്വാലയെന്ന പേരില്‍ ജാഥയായെത്തി മറ്റ് ചിത്രങ്ങള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചിരുന്നു. ഇത് വിവാദമായതോടെ ചിത്രം എടുത്തുമാറ്റി. ഇത് പുനഃസ്ഥാപിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ചിത്രം എടുത്തുമാറ്റിയവര്‍ക്കെതിരേ നടപടിയെടുക്കക്കണമെന്നും ആവശ്യമുണ്ട്.

അതേസമയം, സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോയും ഉള്‍പ്പെടുത്തണമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മാഹി ബ്ലോക്ക്‌കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു

മഹാത്മാഗാന്ധിയെ വധിച്ച കേസില്‍ ആറാം പ്രതിയായി വിചാരണ നേരിട്ട വ്യക്തിയാണദ്ദേഹം. ഇത്തരം ഒരാളുടെ ചിത്രം സ്വാതന്ത്ര്യ സമര നേതാവെന്ന നിലയില്‍ പുതു തലമുറക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണ്. സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിക്കു മുന്നില്‍ അധികൃതര്‍ മുട്ടുമടക്കരുതെന്ന് മാഹി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോയും ഉള്‍പ്പെടുത്തണമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മാഹി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

CONTENT HIGHLIGHTS:  Sangh Parivar threatens to install VD Savarkar’s picture in government school in Mahi

We use cookies to give you the best possible experience. Learn more