കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ഭരണപ്രദേശമായ മാഹിയിലെ സ്‌കൂളില്‍ ഹിന്ദുത്വ നേതാവ് വി.ഡി സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാന്‍ സംഘപരിവാര്‍ ഭീഷണി.
പന്തക്കല്‍ ഐ.കെ.കുമാരന്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംഭാവന ചെയ്ത 75 സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ശിക്ഷയില്‍ നിന്ന് ഇളവുവാങ്ങിയ ഹിന്ദുമഹാസഭാ നേതാവായ സവര്‍ക്കറുടെ ഫോട്ടോയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.
നേരത്തെ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയെങ്കിലും വലിയ പ്രതിഷേധമുണ്ടായതോടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ സവര്‍ക്കറുടെ ചിത്രം വീണ്ടും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ മാഹി ചീഫ് എജ്യൂക്കേഷന്‍ ഓഫീസര്‍ ഉത്തമ രാജിനെ തടഞ്ഞുവെച്ചു.
പരിശോധിച്ച് ഉചിതമായ നടപടി സ്വകരിക്കാമെന്ന ഉറപ്പിലാണ് ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്. ഓഗസ്റ്റ് 13ന് ഗാന്ധിയന്‍ കിഴന്തൂര്‍ പത്മനാഭന്റെ നേതൃത്വത്തില്‍ അമര്‍ജ്വാലയെന്ന പേരില്‍ ജാഥയായെത്തി മറ്റ് ചിത്രങ്ങള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചിരുന്നു. ഇത് വിവാദമായതോടെ ചിത്രം എടുത്തുമാറ്റി. ഇത് പുനഃസ്ഥാപിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ചിത്രം എടുത്തുമാറ്റിയവര്‍ക്കെതിരേ നടപടിയെടുക്കക്കണമെന്നും ആവശ്യമുണ്ട്.