| Monday, 29th January 2024, 8:34 am

ക്യാമ്പസിലെ 'രാം കെ നാം' പ്രദര്‍ശനം; വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമ, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂട്ടിക്കും: സംഘപരിവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ പണിത അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപതിഷ്ഠ ചടങ്ങിനിടെ ക്യാമ്പസില്‍ ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂട്ടിക്കുമെന്ന് സംഘപരിവാറിന്റെ ഭീഷണി.

വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനെതിരെ സംഘപരിവാര്‍ ഇതിനുമുമ്പും രംഗത്തെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ചെയര്‍മാനായ ആര്‍. മാധവനും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിലവില്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കിയ കേരളത്തിലെയും ബംഗാളിലെയും വിദ്യാര്‍ത്ഥികളെ ഭിക്ഷാടകരെന്ന് വിളിച്ചാക്ഷേപിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ട് പൂട്ടിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും സംഘപരിവാര്‍ നേതാവായ രവി പദ്വാള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു.

വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകളാണെന്നും ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇവര്‍ മോശം കാര്യങ്ങള്‍ ചെയ്യുകയാണെന്നും രവി പദ്വാള്‍ ആരോപണം ഉയര്‍ത്തി.

ജനുവരി 21ന് 30ഓളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ എത്തി ഭീഷണി മുഴക്കിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമസ്ത ഹിന്ദു ബാന്ധവ് സമാജിക് സന്‍സ്തയടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച ബാനറുകളും മറ്റും കത്തിച്ചതായും നശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാമക്ഷേത്രത്തില്‍ പ്രാണപതിഷ്ഠ ചടങ്ങ് നടന്ന ദിനത്തില്‍ ക്യാമ്പസില്‍ അതിക്രമിച്ചെത്തി പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

നിയമനത്തിന്റെ നൂലാമാലകള്‍ ഇല്ലാത്ത വകുപ്പുകള്‍ ചേര്‍ത്താണ് അതിക്രമിച്ചെത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തതെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

Content Highlight: Sanghparivar threatens to close Pune Film Institute

We use cookies to give you the best possible experience. Learn more