ദിസ്പുര്‍: അസമിലെ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകള്‍ക്കെതിരെ ഭീഷണി മുഴക്കി സംഘ്പരിവാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യേശുവിന്റെ പ്രതിമകള്‍ സ്ഥാപിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ ഭീഷണിയുമായി രംഗത്തെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മതപരമായ ചിഹ്നങ്ങളും വേഷവിധാനങ്ങളും പൂര്‍ണമായി നീക്കം ചെയ്തില്ലെങ്കില്‍ ഇതുവരെ നേരിട്ട രീതിയില്‍ ആയിരിക്കില്ല തങ്ങളുടെ പ്രതികരണമെന്ന് ബി.ജെ.പി ഭീഷണിപ്പെടുത്തി. അധികൃതര്‍ക്ക് അന്ത്യശാസനം നല്‍കിക്കൊണ്ട് സ്‌കൂളുകളുടെ മതിലുകളില്‍ സംഘ്പരിവാര്‍ പോസ്റ്ററുകള്‍ പതിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.
സമൂഹത്തില്‍ വിദ്വേഷം രൂപപ്പെടുത്താനുള്ള നടപടികളാണ് സ്‌കൂള്‍ അധികൃതര്‍ നടത്തുന്നതെന്നും ഇതിനുപിന്നില്‍ ഹിന്ദു ഇതര സംഘടനകളാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് സംഘപരിവാറിന്റെ വാദം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മത സ്ഥാപനമാക്കി മാറ്റുന്ന നീക്കം അവസാനിപ്പിക്കണമെന്ന് പോസ്റ്ററുകളില്‍ പറയുന്നു.
അതേസമയം സമാനമായ രീതിയില്‍ ഗുവാഹത്തിയിലെ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍, സെന്റ് മേരീസ് സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതിലുകളിലും സംഘ്പരിവാര്‍ ക്രിസ്ത്യന്‍ വിരുദ്ധ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
‘ഞങ്ങള്‍ ഒരു ന്യൂനപക്ഷമാണ്. നമ്മുടെ ആത്മാവും ദൗത്യവും ഉപയോഗിച്ച് സമൂഹത്തെ സേവിക്കുക എന്ന ദൗത്യം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. ആര്‍ക്ക് വേണ്ടിയും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഒന്നിനും വേണ്ടി ആരെയും പ്രേരിപ്പിക്കുന്നില്ല, തുറന്ന പുസ്തകം പോലെയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്,’ എന്ന് സംഘ്പരിവാര്‍ ഭീഷണിയില്‍ ഗുവാഹത്തിയിലെ ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രൊവിന്‍ഷ്യല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ മാത്യു പറഞ്ഞു.
ദിബ്രുഗഡിലെ ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂള്‍ ലിച്ചുബാരി, കാര്‍മല്‍ സ്‌കൂള്‍ ജോര്‍ഹട്ട് എന്നിവയുടെ അതിര്‍ത്തി ഭിത്തികളിലും ഇതേ രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏതാനും മാസങ്ങളായി ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകള്‍ക്കെതിരെ പല വിധത്തിലുള്ള ആക്രമണങ്ങള്‍ സംഘ്പരിവാര്‍ അഴിച്ചുവിടുന്നുണ്ട്.
Content Highlight: Sangh Parivar threatens schools under Christian management in Assam