| Monday, 18th September 2017, 8:03 pm

'തെണ്ടികളുടെ ദൈവം'; അമ്പലവും പ്രതിഷ്ഠയുമില്ലാത്ത ഓച്ചിറ ആല്‍ത്തറയെ കുറിച്ചുള്ള പരിപാടിയ്ക്ക് ബിജു മുത്തത്തിയ്ക്കും കൈരളിയ്ക്കുമെതിരെ സംഘപരിവാറിന്റെ കൊലവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഓച്ചിറയിലെ പ്രശസ്തമായ പ്രതിഷ്ടയില്ലാത്ത അമ്പലത്തെ കുറിച്ചുള്ള പരിപാടി സംപ്രേക്ഷണം ചെയ്ത കൈരളി ചാനലിനും സംവിധായകന്‍ ബിജു മത്തത്തിക്കുമെതിരെ സംഘപരിവാറിന്റെ ഭീഷണി.

കൈരളി ചാനലിലെ പ്രതിവാര പരിപാടിയായ കേരള എക്‌സ്പ്രസിലായിരുന്നു ഓച്ചിറയിലെ അമ്പലത്തെ കുറിച്ച് അവതരിപ്പിച്ചത്. പ്രതിഷ്ഠയും അമ്പലവുമില്ലാതെ ആല്‍ത്തറയില്‍ അഗതികള്‍ക്ക് അഭയം കൊടുക്കുന്ന വിശാലാര്‍ത്ഥത്തിലുള്ള അഗതി മന്ദിരമായാണ് ഓച്ചിറ പരബ്രഹ്മത്തെ പരിപാടിയില്‍ അവതരിപ്പിച്ചത്.

“കേരളത്തിലെ വളരെ പഴയ ബുദ്ധമത കേന്ദ്രമായിരുന്നു ഓച്ചിറ. ക്ഷേത്രവും പ്രതിഷ്ഠയുമില്ലാത്ത ആരാധനാ സങ്കല്‍പ്പം. അത് ഓങ്കാര മൂര്‍ത്തിയായ പരബ്രഹ്മമോ പരമശിവനോ ആയത് പില്‍ക്കാല ചരിത്രപരിണാമമാണ്. കുടില്‍കെട്ടി ഭജനംപാര്‍പ്പാണ് ഓച്ചിറയിലെ പ്രധാന പ്രാര്‍ത്ഥന”. ഓച്ചിറ അമ്പലത്തിന്റെ ഈ ചരിത്രം പറഞ്ഞ പരിപാടിയുടെ പേര് ” തെണ്ടികളുടെ ദൈവം” എന്നായിരുന്നു. ഇതിനെതിരെയാണ് സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുന്നത്.


Also Read:  വേങ്ങര ഉപതെരഞ്ഞെടുപ്പ്; ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി ജില്ലാനേതൃത്വം


ഹിന്ദുമതത്തെ അപമാനിച്ചെന്നും ഓച്ചിറ പരബ്രഹ്മത്തെ അവഹേളിച്ചെന്നുമാണ് സംഘപരിവാറിന്റെ ആരോപണമെന്ന് പരിപാടിയുടെ സംവിധായകനായ ബിജു മുത്താത്തി ഡൂള്‍ ന്യൂസിനോട് പറഞ്ഞു. അതേസമയം തെണ്ടി എന്നത് തെറിപ്രയോഗമല്ലെന്നും എല്ലാ മനുഷ്യരുടേയും അവസാനത്തെ അവസ്ഥയാണിതെന്നും അത് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നിന്നും മനസിലാകുമെന്നും ബിജു ഡൂള്‍ ന്യൂസിനോട് വ്യക്തമാക്കുന്നു.

മോഹന്‍ലാല്‍ നായകായ പാദമുദ്ര എന്ന ചിത്രത്തില്‍ ഓച്ചിറയിലെ പ്രതിഷ്ടയില്ലാത്ത അമ്പലത്തെ കുറിച്ച് പറയുന്ന ഡയലോഗില്‍ നിന്നുമാണ് പരിപാടിയ്ക്ക് ഈ പേര് സ്വീകരിച്ചതെന്നും അതല്ലാതെ ക്ഷേത്രത്തേയോ ഹിന്ദുമതത്തേയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അത്തരം ആരോപണങ്ങള്‍ പരിപാടി കാണാത്തവരാണ് നടത്തുന്നതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ക്ഷേത്രത്തിലെത്തുന്ന അഗതികള്‍ക്ക് വേണ്ട ഭക്ഷണവും ചികിത്സയും നല്‍കുന്നത്. കാലങ്ങളായി ക്ഷേത്രത്തിന്റെ നടത്തിപ്പിലേക്ക് കടന്നു ചെല്ലാന്‍ സംഘപരിവാറിന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ സി.പി.ഐ.എം നേതൃത്വം പാര്‍ട്ടി ചാനലിലൂടെ ക്ഷേത്രത്തേയും ഹിന്ദുമതത്തേയും അപമാനിച്ചുവെന്ന് വരുത്തി തീര്‍ക്കാനും അതുവഴി ക്ഷേത്രത്തിന്റെ നടത്തിപ്പ് അവകാശം കൈയ്യാളാനുമാണ് ശ്രമിക്കുന്നതെന്നും ബിജു ആരോപിക്കുന്നു.

ഓച്ചിറയില്‍ നിന്നും അഗതികളെ പുറത്താക്കി അവിടെ അമ്പലം പണിയാനാണ് സംഘപരിവാറിന്റെ ശ്രമമെന്നും ബിജു പറയുന്നു.

പരിപാടി ഇന്നലെ സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ നിരവധി സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും മറ്റുമായി ബിജുവിനെതിരെ വധഭീഷണിയടക്കം വന്നു കൊണ്ടിരിക്കുകയാണ്. അമ്പിളി ആര്‍ നായര്‍ ശ്രീദേവി എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ബിജുവിന്റെ മൊബൈല്‍ നമ്പര്‍ അടക്കം പോസ്റ്റു ചെയ്തുകൊണ്ടാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.

ഇത് മന:പൂര്‍വ്വം ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതിനു വേണ്ടി നല്കിയ പേരാണ്, ക്ഷേത്രത്തില്‍ നിരവധി അഗതികളുണ്ട്, അത് എല്ലാവര്‍ക്കും അറിയാവുന്നതാണ്, “അഗതികളുടെ അമ്പലം” എന്നും പറയാറുണ്ട്, “തെണ്ടികളുടെ ദൈവം” എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല, മദര്‍ തേരേസയെ “അഗതികളുടെ അമ്മ” എന്നാണ് ലോകം വാഴ്ത്തുന്നത്, ഒരിക്കലും തെണ്ടികളുടെ അമ്മ എന്ന് നാം ആരും മനസില്‍ പോലും ചിന്തിച്ചിട്ടില്ല.” എന്നു പറഞ്ഞാണ് അമ്പിളിയുടെ പോസ്റ്റ്. ഇതിനെതിരെ എല്ലാ ഹിന്ദുക്കളും പ്രതികരിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.


Don”t Miss:  സെവാഗ് മണ്ടത്തരം വിളിച്ചു പറയുകയാണ്; സെവാഗിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി ഗാംഗുലി


എന്നാല്‍ ഓച്ചിറയിലെ പ്രതിഷ്ടയില്ലാത്ത ക്ഷേത്രത്തെ പരിപാടിയില്‍ അവഹേളിച്ച് കാണിക്കുന്നില്ലെന്നതാണ് വാസ്തവം. ഓച്ചിറ ആല്‍ത്തറയിലെ മനുഷ്യരും അനാഥത്വത്തിന്റെയും അതിലൂടെയുള്ള ഈശ്വര അന്വേഷണങ്ങളുടേയും ജീവിത കഥകളാണ് പരിപാടിയില്‍ പറയുന്നത്. രണ്ട് ആല്‍ത്തറകളും ഏതാണ്ട് അന്‍പത് ഏക്കറോളം വരുന്ന മൈതാനവുമാണ് ക്ഷേത്രം. ക്ഷേത്രത്തിനു ശ്രീകോവിലില്ല, പ്രതിഷ്ഠയില്ല. ലോകത്തെവിടെയും തെണ്ടിത്തിരിയാന്‍ ഭാഗ്യമോ ശാപമോ കിട്ടിയ മനുഷ്യര്‍ക്കുള്ളതാണ് ഇവിടമെന്നാണ് ക്ഷേത്രത്തെ കുറിച്ച് പറയുന്നത്.

മലയാളിയുടെ അവസാനത്തെ അഭയകേന്ദ്രങ്ങളാണ് അഗതി മന്ദിരങ്ങള്‍. അവിടെ പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ, ധനികനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ ഒരു ജാതിമത ചിന്തയും ബാങ്ക് ബാലന്‍സുകളും ഇന്‍ഷുറന്‍സ് പോളിസികളും രക്ഷയ്ക്കില്ലാതെ അനാഥത്വത്തിലേയ്ക്ക് നിപതിക്കുന്ന മലയാളി ഏറ്റവും അവസാനം വിളിക്കുന്ന ദൈവത്തിന്റെ പേരാണ് ഓച്ചിറ പരബ്രഹ്മ മൂര്‍ത്തി. കേരളമിന്ന് അനാഥ മന്ദിരങ്ങളും അഗതി മന്ദിരങ്ങളും കൊണ്ട് നിറയുമ്പോള്‍ ഓച്ചിറയിലെ കാരുണ്യമൂര്‍ത്തിയുടെ തട്ടകം ഓച്ചിറ വിട്ട് കേരളം മുഴുവന്‍ പരക്കുമെന്നും പരിപാടിയില്‍ പറയുന്നു.

എന്നാല്‍ ഭീഷണികളില്‍ പിന്നോട്ട് പോകില്ലെന്നും പേര് പ്രേക്ഷകര്‍ക്ക് നിര്‍ദ്ദേശിക്കാവുന്ന തരത്തില്‍ പരിപാടി വീണ്ടും ടെലികാസ്റ്റ് ചെയ്യുമെന്നും ബിജു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more