| Saturday, 10th December 2022, 9:37 am

നിങ്ങളുടെ കരിയര്‍ തകര്‍ക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്; ഉണ്ണി മുകുന്ദന് പിന്തുണയുമായി സംഘപരിവാര്‍ അനുകൂലികള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷെഫീക്കിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ബാല നടത്തിയ ആരോപണത്തില്‍ ഉണ്ണി മുകുന്ദന് പിന്തുണയുമായി സംഘപരിവാര്‍ അനുകൂലികള്‍. ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്കോ സംവിധായകനോ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കോ പ്രതിഫലം നല്‍കിയില്ലെന്നും എന്നാല്‍ നടിമാര്‍ക്കെല്ലാം കൃത്യമായി പ്രതിഫലം നല്‍കിയിരുന്നുവെന്നാണ് ബാല ആരോപിച്ചത്.

ബാലയുടെ ആരോപണങ്ങള്‍ തള്ളി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത് വന്നിരുന്നു. ബാലക്ക് പ്രതിഫലം നല്‍കിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ഉണ്ണി പങ്കുവെച്ചിരുന്നു. തുടര്‍ന്ന് ഉണ്ണിക്ക് പിന്തുണയുമായി പ്രമുഖ സംഘപരിവാര്‍ അനുകൂലികള്‍ കമന്റ് ബോക്‌സിലെത്തി.

‘ബാലക്ക് പതിനായിരം ദിവസക്കൂലി കൊടുത്താല്‍ മതി എന്ന് ഇന്‍ഡസ്ട്രി മുഴുവന്‍ അറിഞ്ഞു എന്നതാണ് ഈ വിവാദത്തിന്റെ ആകെ ടേക്ക് എവേ.
എറുന്നൂട്ടി നാല്പതു കോടി രജനികാന്ത് പ്രോജക്ട് എന്നൊക്കെ തള്ളി നടന്ന മനുഷ്യനായിരുന്നു,’ എന്നാണ് ബി.ജെ.പി നേതാവ് ശങ്കു ടി. ദാസ് കമന്റ് ചെയ്തത്.

‘പൊളിച്ചു ഡിയര്‍
ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ. ഈ സ്‌റ്റേറ്റ്‌മെന്റ് പബ്ലിക്കായി ഇട്ടില്ലെങ്കിലും നിങ്ങളാണ് ശരിയെന്ന് ഞങ്ങള്‍ക്ക് അറിയാം. എങ്കിലും ചിലരെങ്കിലും ഈ വാര്‍ത്ത വായിച്ച് തെറ്റിദ്ധരിച്ചു എങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്. നിങ്ങളുടെ കരിയര്‍ തകര്‍ക്കുവാന്‍ ആരൊക്കെയോ പുറകില്‍ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. എല്ലാ വിധ ആശംസകളും,’ സന്തോഷ് പണ്ഡിറ്റ് കുറിച്ചു.

‘ഈ സ്റ്റേറ്റ്‌മെന്റിന്റെ ആവശ്യം ഒന്നും ഇല്ല ഭായ്. ആരോപണം ഉന്നയിക്കുന്ന ബാലയുടെ ശരീരഭാഷ കണ്ടാല്‍ അറിയാം അയാള്‍ പറയുന്നത് പച്ചക്കള്ളമാണെന്ന്. അയാളെ പ്രോത്സാഹിപ്പിക്കാന്‍ കുറെ കമന്റോളികളും ഉണ്ട്. നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പോകൂ മച്ചാനെ,’ ശ്രീ ചെറായി കമന്റ് ചെയ്തു.

ഉണ്ണി മുകുന്ദനെ അനുകൂലിച്ച് മറ്റ് സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നും കമന്റുകളുണ്ട്. ബാലയ്ക്ക് പ്രതിഫലം നല്‍കിയെന്നും രണ്ട് ലക്ഷം രൂപയാണ് നല്‍കിയതെന്നുമാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ അമ്മ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നല്‍കിയിരുന്നുവെന്നും സംവിധായകന്‍ അനൂപ് പന്തളവും ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്തും അടക്കമുള്ള അണിയറക്കാര്‍ പ്രതികരിച്ചിരുന്നു.

Content Highlight: Sangh Parivar supporters supported Unni Mukundan in the allegation made by actor Bala

We use cookies to give you the best possible experience. Learn more