കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ നിന്ന് കരകയറുകയാണ് കേരളം. ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളും, ആയിരക്കണക്കിന് കോടി രൂപയുടെ ഭീമമായ നഷ്ടവും സംസ്ഥാനം ഏത് വിധത്തിലാണ് അതിജീവിക്കുക എന്നത് ഇനിയും ധാരണയെത്താത്ത കാര്യമാണ്.
എന്നാല്‍ ജനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രംശസനീയമാണ്. ക്യാംപുകളില്‍ വളന്റീയര്‍മാരായും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ലോഭമായി സംഭാവന നല്‍കിയും ജനങ്ങള്‍ മികച്ച പിന്തുണ ഭരണകൂടത്തിന് നല്‍കി. എന്നാല്‍ അവിടേയും ചില ഇത്തിള്‍ക്കണ്ണികളെ സംസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ജനങ്ങള്‍ മുഴുവന്‍ ഒത്തൊരുമയോടെ നിന്നപ്പോള്‍ സ്വാര്‍ത്ഥമായ രാഷ്ട്രീയ ലാഭത്തിനായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ മുതലെടുക്കാന്‍ ശ്രമിച്ചവരാണവര്‍.
ആലപ്പുഴയിലെ ചെങ്ങന്നൂരില്‍ നിന്നുമാണ് ഇത്തരത്തിലുള്ള ഒടുവിലത്തെ വേദനാജനകമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ക്യാംപ് നിവാസികള്‍ വേദനയോടെ പറയുന്ന ആ കഥ ഇങ്ങനെ
ചെങ്ങന്നൂരില്‍ ദുരിതാശ്വാസത്തിനായി വരുന്ന സാധനങ്ങള്‍ സംഘപരിവാര്‍ പിടിച്ചെടുക്കുന്നു. മറ്റ് പ്രദേശങ്ങളില്‍ നിന്ന് കല്ലിശ്ശേരി കുറ്റിത്തോടേക്ക് വരുന്ന ആവശ്യസാധനങ്ങളാണ് ഇത്തരത്തില്‍ സംഘപരിവാര്‍ പിടിച്ചെടുത്ത് സമീപത്തുള്ള പനവാതിക്കല്‍ ക്ഷേത്രത്തിലേക്ക് മാറ്റുന്നത്.
ഇതരമതസ്ഥര്‍ക്ക് ആവശ്യസാധനങ്ങള്‍ എത്താതിരിക്കാനാണ് ഇവര്‍ ഇത്തരം അക്രമം കാണിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്ത് സംഘപരിവാറിന് സ്വാധീനം കൂടുതലായത് കൊണ്ട് ഇവരെ എതിര്‍ക്കാന്‍ പ്രദേശത്തുള്ളവര്‍ക്ക് ഭയമാണെന്നും നാട്ടുകാര്‍ പറയുന്നു.
പമ്പയുടെ അടുത്തുള്ള സ്ഥലമായത് കൊണ്ട് ഇവിടുത്തെ കിണറുകളെല്ലാം മലിനജലം കയറി നിറഞ്ഞിരിക്കുകയാണെന്നും, കുടിക്കാന്‍ വെള്ളമില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഈ പ്രദേശത്തേക്ക് ആവശ്യസാധനങ്ങളുമായി വരുന്നവരോട് “ഫ്‌ലഡ് റിലീഫ്” എന്ന ബോര്‍ഡോ, ഫ്‌ലക്‌സോ വെയ്ക്കരുത് എന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇങ്ങനെ വരുന്ന സാധനങ്ങള്‍ ഒക്കെ ഇവര്‍ പിടിച്ചെടുക്കുകയാണ്.
സാധനങ്ങളുമായി കുറ്റിത്തോടേക്ക് പോയ റോബിന്‍ സംഭവത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്.
“”ഞങ്ങളിപ്പോള്‍ കല്ലിശ്ശേരി കുറ്റിത്തോട് എന്ന സ്ഥലത്ത് ഫുഡ് കൊടുക്കാന്‍ വേണ്ടി പോയതാണ്, പമ്പയുടെ അടുത്തുള്ള സ്ഥലമാണ്. അവിടെ അവര്‍ ഓംകാരം എഴുതിയ കാവിത്തുണി ഒക്കെ കെട്ടിയ വണ്ടിയില്‍ വന്ന് ഈ സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ തടയുകയാണ്. എന്നിട്ട് സാധനങ്ങള്‍ പിടിച്ചെടുത്ത് അമ്പത്തിനകത്തേക്ക് കയറ്റുകയാണ്. അവിടെ അകത്തോട്ട് ഉള്ള സ്ഥലത്ത് ഹിന്ദുക്കളല്ലാത്ത ആളുകളൊക്കെ ഉണ്ട് അവര്‍ക്കൊന്നും സാധനം കിട്ടാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ ഇത് ചെയ്യുന്നതെന്നാണ് അവിടുത്തുകാര്‍ പറയുന്നത്.””
കൃത്യമായും സംഘപരിവാര്‍ ആണ് ഈ പ്രവര്‍ത്തനങ്ങളുടെ പിന്നിലെന്ന് പ്രദേശവാസികളും, സന്നദ്ധ പ്രവര്‍ത്തകരും ഉറപ്പിച്ച് പറയുന്നുണ്ട്. സംഘടനയുടെ പ്രദേശത്തെ പ്രമുഖ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്നത്. ക്യാംപുകളില്‍ കഴിയുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇവരെ ഭയന്ന് തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും സാധിക്കുന്നില്ല.
ഇന്നലെ തിരുവന്‍വണ്ടൂരും ക്യാംപിലേക്ക് വരുന്ന സാധനങ്ങള്‍ സേവഭാരതി പ്രവര്‍ത്തകര്‍ പിടിച്ചെടുക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. സാധനങ്ങള്‍ പിടിച്ചെടുത്ത ശേഷം തങ്ങളുടേത് എന്ന അവകാശവാദത്തൊടെ വിതരണം ചെയ്യുകയായിരുന്നു ഇവര്‍. ആളുകളെ രക്ഷപ്പെടുത്താന്‍ ഒരു വ്യക്തി നല്‍ കിയ വള്ളം തങ്ങളുടെ ആളുകളെ മാത്രം രക്ഷിക്കാനായി സേവാഭാരതി പ്രവര്‍ത്തകര്‍ വിനിയോഗിച്ചതായും നാട്ടുകാര്‍ പരാതി ഉയര്‍ത്തി.
ആവശ്യസാധനങ്ങള്‍ പോലും എത്തിക്കാന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഇവിടുത്തുകാര്‍.