പമ്പ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതീ പ്രവേശത്തിനെതിരെ നിലയ്ക്കലിലും പമ്പയിലും സമരം നടത്തിയിരുന്നവര്‍ അഴിച്ചുവിട്ടത് വന്‍ ആക്രമണം. രാവിലെ മുതല്‍ ഹിന്ദു ഐക്യവേദിയുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ എത്തിയിരുന്നു. ഉച്ചയോടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയുമടക്കമുള്ളവര്‍ നിലയ്ക്കലില്‍ നിന്നും പിന്‍മാറി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ അക്രമാസക്തരാകുകയും ആക്രമണങ്ങള്‍ അഴിച്ചുവിടുകയുമായിരുന്നു.
പമ്പയിലേയ്ക്ക് പോകുകയായിരുന്ന 13 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അക്രമകാരികള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഇലവുങ്കലില്‍ പൊലീസ് വാഹനം കൊക്കയിലേക്ക് മറിച്ചിട്ടു. മാധ്യമസ്ഥാപനങ്ങളുടെ വാഹനം അടിച്ചും എറിഞ്ഞും തകര്‍ത്തു. സംഘപരിവാര്‍ സംഘടനകളുടെ പിന്‍ബലത്തില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ നിലയ്ക്കലിലെത്തി ബസ്സില്‍ പോകാന്‍ ശ്രമിച്ച യുവതികളെ ബലംപ്രയോഗിച്ച് പിടിച്ചിറക്കി. പമ്പയേയും നിലയ്ക്കലിനേയും കലാപഭൂമിയാക്കിയായിരുന്നു ആക്രമണം.
പമ്പയിലേക്കുപോയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയായിരുന്നു ആദ്യം അക്രമം അഴിച്ചുവിട്ടത്. ഇംഗ്ലീഷ് വാര്‍ത്താചാനലുകളുടെ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ എത്തിയ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ന്യൂസ് മിനിറ്റിലെ റിപ്പോര്‍ട്ടര്‍ സരിതയടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു. റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടര്‍ പൂജാ പ്രസന്നയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.
ശരണം വിളിയോടൊപ്പം അസഭ്യവര്‍ഷവും നടത്തിയാണ് മാധ്യമാപ്രവര്‍ത്തകര്‌റെ അക്രമകാരികള്‍ ക്രൂരമായി ഉപദ്രവിച്ചത്. ആള്‍ക്കൂട്ടം തങ്ങളെ കൃത്യമായ തയ്യാറെടുപ്പോടെ ആക്രമിക്കുകയായിരുന്നു എന്ന് രക്ഷപ്പെട്ടെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. തങ്ങളുടെ മുടി പിടിച്ചു വലിക്കുകയും പുറകില്‍ ചവിട്ടുകയും ചെയ്തു എന്നും അവര്‍ കുറിപ്പുകളില്‍ വ്യക്തമാക്കിയിരുന്നു.
നിലയ്ക്കലില്‍ വെച്ചാണ് റിപ്പബ്ലിക് ടി.വിയുടെ കാറിന് നേരെ ആക്രമണമുണ്ടായത്. കാറിന്റെ ചില്ലും കണ്ണാടിയും തകര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനല്‍, ഏഷ്യാനെറ്റ്, മാതൃഭൂമി എന്നീ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി. പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പൊലീസ് വാഹനത്തിന് നേരെയും കല്ലേറുമുണ്ടായി. എ.ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
കൂടാതെ ശബരിമല വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കാനും സാധനസാമഗ്രികള്‍ നശിപ്പിക്കാനും ആക്രമികള്‍ പദ്ധതിയിട്ടിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സ്വമേധയാ മലയിറങ്ങി. പക്ഷേ, പോലീസ് മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ ശബരിമലയില്‍ നിന്നും ഒഴിപ്പിച്ചുവെന്ന നുണപ്രചരണമാണ് സംഘപരിവാര്‍ നടത്തിയത്.
അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്താമെന്ന് ഐജി എസ് ശ്രീജിത്ത് ഉറപ്പു നല്‍കിയിരുന്നു. എന്നിരുന്നാലും ഒരു കലാപത്തിനുള്ള സാധ്യത തങ്ങളായിട്ട് സൃഷ്ടിക്കേണ്ടെന്ന തീരുമാനത്തില്‍ ഇവര്‍ മലയിറങ്ങുകയായിരുന്നു. ശബരിമലയില്‍ നിന്നും മടങ്ങേണ്ടി വന്ന മധ്യമപ്രവര്‍ത്തകരിലൊരാളായ സനോജ് സുരേന്ദ്രന്‍ ഇതേക്കുറിച്ച് പറയുന്നത് സന്നിധാനത്ത് നിന്ന് ഞങ്ങള്‍ മല ഇറങ്ങിയത് വേദനയോടെയാണെന്നാണ്. സംഘപരിവാര്‍ നടത്തുന്ന കള്ളപ്രചരണങ്ങള്‍ക്കൊപ്പം വ്യാജവാര്‍ത്തകള്‍ നല്‍കാന്‍ ഇവര്‍ തങ്ങളെയും പ്രേരിപ്പിച്ചതായി സനോജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു.
കൂടാതെ ശബരിമലയില്‍ അക്രമകാരികള്‍ നടത്തുന്ന പ്രശ്‌നങ്ങള്‍ സജീവമായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകള്‍ തയ്യാറാക്കി “ഇവരെ സൂക്ഷിക്കുക” എന്ന സന്ദേശ നല്‍കി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് ഈ മാധ്യമപ്രവര്‍ത്തകരാണെന്നും ഇവരെ സൂക്ഷിക്കണമെന്നുമാണ് സന്ദേശങ്ങള്‍. ഇവര്‍ക്കെതിരെ ആക്രമണം നടത്തണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട് ചിലര്‍.
നിലയ്ക്കലില്‍ അക്രമം അഴിച്ചുവിട്ട സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് തുടര്‍ച്ചയായി ലാത്തിച്ചാര്‍ജ് നടത്തി. കല്ലേറില്‍ പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു. പമ്പയില്‍ നാമജപ പ്രതിഷേധം നടത്തിയവരെ നീക്കാന്‍ പൊലീസ് നടത്തിയ ശ്രമം കല്ലേറിലും ലാത്തിച്ചാര്‍ജിലും കലാശിച്ചു. സ്ത്രീകളടക്കം ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. പമ്പയില്‍ നാമജപസമരം നടത്തിയവരെ പൊലീസ് നീക്കി. അവഗണിച്ചവരെ ബലം പ്രയോഗിച്ച് നീക്കാന്‍ തുടങ്ങിയതോടെ ചിതറിയോടിയവര്‍ പൊലീസിനെ കല്ലെറിഞ്ഞു. ഒന്നരമണിക്കൂറോളം പണിപെട്ടാണ് പൊലീസ് അക്രമകാരികളെ നിയന്ത്രിച്ചത്.
സംഘര്‍ഷം രൂക്ഷമായതോടെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച മുതല്‍ നിരോധനാഴ്ച പ്രഖ്യാപിച്ചു. ഒരുവിധത്തിലുള്ള പ്രതിഷേധവും അനുവദിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്.