ബുലന്ദ്ശഹര്‍: സംഘര്‍ഷമൊഴിവാക്കാന്‍ കണ്ടെടുത്ത പശുവിന്റെ അവശിഷ്ടം സംസ്‌ക്കരിക്കാനുള്ള
തങ്ങളുടെ ശ്രമം പ്രതിഷേധക്കാര്‍ തടഞ്ഞെന്ന് പശുമാംസം കണ്ടെടുത്ത മഹൗ ഗ്രാമത്തിലെ കരിമ്പ് പാടത്തിന്റെ ഉടമസ്ഥന്റെ ഭാര്യ. രാജകുമാര്‍ ചൗധരി എന്നയാളുടെ ഭാര്യയായ പ്രീതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താനും ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് സംസ്‌ക്കരിക്കാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം എടുത്ത് പൊലീസ് ഔട്ട്‌പോസ്റ്റിന് മുന്നില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പ്രീതി ദ ടെലഗ്രാഫിനോട് പറഞ്ഞു.
“രാവിലെ ഏഴുമണിയ്ക്ക് അറിയാത്ത ഒരു നമ്പറില്‍ നിന്ന് പാടത്ത് 25 പശുക്കളുടെ അവശിഷ്ടം കണ്ടെന്ന് ഭര്‍ത്താവിന് ഫോണ്‍ വന്നു. അവിടെ ചെന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. പശുക്കളുടെ തല കയറില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. നേരത്തെ അതവിടെ ഉണ്ടായിരുന്നില്ല. അരമണിക്കൂറിനകം വലിയ ആള്‍ക്കൂട്ടം എവിടെ എത്തിച്ചേരുകയാണുണ്ടായത്” പ്രീതി പറഞ്ഞു.
സംഭവത്തില്‍ അറസ്റ്റ് ഭയന്ന രാജകുമാര്‍ ചൗധരി ഇപ്പോള്‍ ഒളിലിലാണ്.
ബജ്‌റംഗദള്‍ ജില്ലാ കണ്‍വീനറായ യോഗേഷ് രാജും മറ്റ് വി.എച്ച്.പി, ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുമാണ് വിദ്വേഷപ്രചരണം നടത്തി സംഘര്‍ഷത്തിന് തുടക്കമിട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു. യോഗേഷ് രാജും ഇപ്പോള്‍ ഒളിവിലാണ്. ഇയാളുടെ പരാതിയിലാണ് ഇപ്പോള്‍ 11ഉം 12 ഉം വയസായ കുട്ടികളടക്കം 7 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
പശുവിന്റെ അവശിഷ്ടം കണ്ടെടുത്ത പാടം
പാടത്ത് എങ്ങനെയാണ് പശുവിന്റെ അവശിഷ്ടങ്ങള്‍ എത്തിയതെന്ന് അറിയില്ലെന്നും തലേദിവസം വരെ സ്ഥലത്ത് ഒന്നും കണ്ടിരുന്നില്ലെന്നും ഗ്രാമവാസികള്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം പശുക്കളുടെ അവശിഷ്ടം കണ്ടെടുത്തെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ യോഗേഷും പുറമേക്കാരായ അമ്പതോളം പേരും ആയുധ സജ്ജരായി എത്തിയെന്ന് മനോഹര്‍ സിങ് എന്ന പ്രദേശവാസി പറയുന്നു. അവര്‍ പിന്നീട് അവശിഷ്ടങ്ങള്‍ ട്രാക്ടറില്‍ കയറ്റിക്കൊണ്ടു പോയെന്നും മനോഹര്‍ സിങ് പറഞ്ഞു.
ബുലന്ദ്ശഹറില്‍ ഉണ്ടായത് കേവലം ക്രമസമാധാന പ്രശ്‌നമല്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി സിങും വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടന്ന സമയം സംശയാസ്പദമാണെന്നും എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും ഒ.പി സിങ് പറഞ്ഞു. ഡിസംബര്‍ 6 ബാബരിമസ്ജിദ് ധ്വംസനത്തിന്റെ വാര്‍ഷികമായതിനാല്‍ ആ സാഹചര്യവും പരിശോധിക്കുന്നുണ്ടെന്നും ഡി.ജി.പി പറഞ്ഞിട്ടുണ്ട്.