| Friday, 3rd September 2021, 2:34 pm

പൊലീസിലെ സംഘപരിവാര്‍ സാന്നിധ്യം; ആനി രാജയുടെ വിമര്‍ശനം സി.പി.ഐ.എം - ബി.ജെ.പി ബാന്ധവത്തിന്റെ തെളിവെന്ന് കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസില്‍ ആര്‍.എസ്.എസ് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സി.പി.ഐ നേതാവ് ആനി രാജയുടെ വിമര്‍ശനം സി.പി.ഐ.എം – ബി.ജെ.പി ബാന്ധവത്തിന്റെ തെളിവാണെന്ന് കെ. മുരളീധരന്‍ എം.പി.

തിരുവനന്തപുരത്ത് കെ.എസ്.യുവിന്റെ ഏകദിന ഉപവാസ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വോട്ടുവാങ്ങിയാണ് തെരഞ്ഞെടുപ്പില്‍ ഇടതുക്ഷം ജയിച്ചതെന്ന തങ്ങളുടെ ആരോപണത്തിന് അടിവരയിടുന്നതാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞു.

കേരള പൊലീസില്‍ പോലും ആര്‍.എസ്.എസ് പിടിമുറുക്കിയിരിക്കുകയാണ്. ആ വിഭാഗം സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദ്രോഹിക്കുന്നു. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാലപീഡനത്തിന് നേതൃത്വം നല്‍കുന്നത് ഈ വിഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് ആനി രാജ രംഗത്ത് എത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ ആരോപിച്ചിരുന്നു.

പൊലീസില്‍ ഇതിനായി ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും ആനി രാജ പറഞ്ഞിരുന്നു. . കേരളത്തിലെ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേകവകുപ്പും മന്ത്രിയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ആനി രാജയ്‌ക്കെതിരെ സി.പി.ഐ സംസ്ഥാന നേതൃത്വം രേഖാമൂലം പരാതി നല്‍കിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജക്കാണ് കാനം രാജേന്ദ്രന്‍ കത്തയച്ചത്.

ആനി രാജയുടെ നടപടി പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമാണെന്നു കത്തില്‍ പറയുന്നു. ഏതെങ്കിലും സംസ്ഥാനത്തെ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ പാര്‍ട്ടി ഘടകവുമായി ആലോചിക്കണമെന്നും ആനിരാജ ഇതു ലംഘിച്ചെന്നും കാനം രാജേന്ദ്രന്‍ അയച്ച കത്തില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Sangh Parivar presence in police; Annie Raja’s criticism is proof of CPI (M) -BJP relationship Says K Muraleedharan

We use cookies to give you the best possible experience. Learn more