| Thursday, 14th September 2023, 8:46 am

നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിയത് അഞ്ച് കോടി; മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധയായ സംഘപരിവാര്‍ നേതാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഘപരിവാര്‍ നേതാവ് ചൈത്ര കുന്താപുര അറസ്റ്റില്‍. സംഘപരിവാര്‍ വേദികളിലെ പ്രാസംഗികയും മുസ്‌ലിം വിഭാഗത്തിന് നേരെ നിരന്തരം വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ നേതാവാണ് ചൈത്ര കുന്താപുര.

ചൈത്ര കുന്താപുരക്ക് പുറമെ കൂട്ടുപ്രതികളായ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറ് പേര്‍കൂടി അറസ്റ്റിലായിട്ടുണ്ട്.

മുംബൈയിലെ വ്യവസായിയും ബില്ലവ സമുദായ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഗോവിന്ദ ബാബു പൂജാരിയാണ് ചൈത്ര കുന്താപുരക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബെയ്ന്തൂര്‍ സീറ്റീല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാമെന്നും ജയിപ്പിച്ച് എം.എല്‍.എ ആക്കാമെന്നും വാഗ്ദാനം ചെയ്താണ് പരാതിക്കാരനില്‍ നിന്നും ചൈത്രയും സംഘവും പണം തട്ടിയത്.

എന്നാല്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പണം തിരിച്ചു ലഭിക്കുമെന്ന പ്രതീക്ഷയില്‍ നേരത്തെ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇനിയും പണം ലഭിക്കാതതിന് പിന്നാലെയാണ് ഗോവിന്ദ ബാബു ബന്ദേപാളയ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ബെംഗളൂരുവിലെ ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച ചൈത്ര കുന്താപുരയെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിന് സമീപത്ത് നിന്നുമാണ് ചൈത്രയെ പിടികൂടിയത്. പൊതുരംഗത്ത് നിന്നും കുറച്ചുനാളായി അപ്രത്യക്ഷയായിരുന്ന ചൈത്ര കുന്താപുര മാസ്‌ക് ധരിച്ചായിരുന്നു എത്തിയിരുന്നത്.

സംഘപരിവാറുകാരായ അഭിനവ ഹാലശ്രീ സ്വാമിജി, രമേഷ് ചിക്കമംഗളൂരു, നായക്, ധന്‍രാജ്, ജഗന്‍ കഡൂര്‍, ശ്രീകാന്ത്, പ്രസാദ് ബൈന്ദൂര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 2022 ജൂലായ് മുതല്‍ 2023 മാര്‍ച്ച് വരെ പല ഘട്ടങ്ങളായാണ് ചൈത്രയുടെ നേതൃത്വത്തിലുള്ള സംഘം ഗോവിന്ദ് ബാബുവില്‍നിന്ന് പണം വാങ്ങിയത്.

കേസില്‍ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ചൈത്ര കുന്താപുര യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ അഭയം തേടിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇക്കാരണത്താല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് അന്വേഷണ ഉഗ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബി.ജെ.പി.-ആര്‍.എസ്.എസ്. നേതാക്കളുമായി ചൈത്ര അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് തട്ടിപ്പ് നടത്താന്‍ സഹായകമായി.

കര്‍ണാടകയിലെ സ്പന്ദന ടി.വി.യിലെ മുന്‍ അവതാരക കൂടിയായായ ചൈത്ര കുന്താപുര പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി വിവാദത്തിലായിരുന്നു. കര്‍ണാടകയില്‍ ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത് പരിപാടികളിലെ പ്രധാന പ്രഭാഷകയാണ്.

2021ല്‍ ബജ്‌റംഗ്ദള്‍ വേദിയിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ സൂറത്കല്‍ ചൈത്രക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content highlight: Sangh Parivar leader arrested in case of extorting Rs 5 crore by offering Assembly seat

We use cookies to give you the best possible experience. Learn more