[share]
[] ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 1990ല്‍ കര്‍സേവകര്‍ വെടിയേറ്റ് മരിച്ചതിന് പിന്നില്‍ സംഘ്പരിവാര്‍ ആണെന്നും പ്രമുഖ ഇന്‍വെസ്റ്റിഗേഷന്‍ വെബ്‌സൈറ്റ് കോബ്ര പോസ്റ്റ് വെളിപ്പെടുത്തി. അശോക് സിംഗാള്‍, വിനയ് കത്യാര്‍ തുടങ്ങിയ നേതാക്കള്‍ രാജ്യത്ത് രാമക്ഷേത്ര പ്രസ്ഥാനം വളര്‍ത്താന്‍ രക്തസാക്ഷികളെ സൃഷ്ടിക്കാനാണിത് ചെയ്തതെന്ന് സാക്ഷി മഹാരാജ്, ഉമാഭാരതി എന്നീ സംഘ്പരിവാര്‍ നേതാക്കള്‍ കോബ്ര പോസ്റ്റിനോട് വെളിപ്പെടുത്തിയതാണ് റിപ്പോര്‍ട്ട്.
രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ ഗതിവേഗം കൂട്ടാന്‍ മനുഷ്യരക്തം വേണമെന്നാഗ്രഹിച്ച പ്രസ്ഥാനത്തിലെ ചില സ്ഥാപിത താല്‍പര്യക്കാരാണ് കര്‍സേവകരെ വെടിവെച്ചുകൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് സംഘ്പരിവാാറിന്റെ നേതാവായ സാക്ഷി മഹാരാജ് പറഞ്ഞു.
കുറച്ച് ആളുകള്‍ മരിക്കാതെ പ്രസ്ഥാനത്തിന് ഗതിവേഗം കിട്ടില്ലെന്ന് അശോക് സിംഗാള്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ മരിക്കുന്നത് ദുരന്തമായിരിക്കുമെന്ന് ഞാന്‍ പ്രതികരിച്ചു. എന്നാല്‍ അവര്‍ മരിക്കാതെ പ്രസ്ഥാനം പൂര്‍ണ്ണമാവില്ലെന്നായിരുന്നു അശോക് സിംഗാളിന്റെ മറുപടി. ഞങ്ങള്‍ക്കറിയാമായിരുന്ന ചിലര്‍ മറ്റു ചിലരെ ഒന്നിന് പിറകെ ഒന്നായി വെടിവെച്ചുവീഴ്ത്തി. രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ സ്ഥാപകരായതിനാല്‍ അവരുടെ പേരുകള്‍ ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഞങ്ങളുടെ ആള്‍ക്കാര്‍ തന്നെയാണ് ഇത് ചെയ്തതെന്ന് അന്ന് ഞങ്ങളറിഞ്ഞില്ല- സാക്ഷി മഹാരാജ് വെളിപ്പെടുത്തി.
താന്‍ ദൃക്‌സാക്ഷിയായ വെടിവെപ്പ് സാക്ഷി മഹാരാജ് വിശദീകരിക്കുന്നു: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവായിരുന്നില്ല കര്‍സേവകര്‍ക്കുനേരെ വെടിവെക്കാന്‍ ഉത്തരവിട്ടിരുന്നതെന്നും മറിച്ച് സംഘപരിവാറിന്റെ ആളുകളായിരുന്നെന്നാണ് മഹാരാജ് പറഞ്ഞത്.
മുലായമാണ് വെടിവെക്കാന്‍ ഉത്തരവിട്ടതെങ്കില്‍ തുടര്‍ന്ന് വന്ന ബി.ജെ.പി സര്‍ക്കാര്‍ വെടിവെച്ചവരെ പിടികൂടി ശിക്ഷിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ വെടിവെച്ചവരെ ബി.ജെ.പി സര്‍ക്കാര്‍ ഉയര്‍ന്ന പദവികള്‍ നല്‍കി ആദരിക്കുകയാണ് ചെയ്തത്. ജനക്കൂട്ടത്തിന് നേരെയായിരുന്നു വെടിവെപ്പ് എങ്കില്‍ എല്ലാ നാട്ടുകാരും കൊല്ലപ്പെടേണ്ടതല്ലേ? എന്നാല്‍ രാജസ്ഥാനിലെ മഹേന്ദ്രമാരെയും ബംഗാളിലെ കോതാരിമാരെയും മാത്രം തിരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നു- സാക്ഷി മഹാരാജ് പറഞ്ഞു.
നേതാക്കള്‍ ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നുവെന്നും ഞങ്ങളെ ചിലര്‍ ഉപയോഗിയ്ക്കുകയും ഉപയോഗ ശേഷം വലിച്ചെറിയുകയും ചെയ്‌തെന്നും രാമക്ഷേത്ര പ്രസ്ഥാനത്തിലെ സജീവ സാന്നിധ്യമായിരുന്ന ധര്‍മേന്ദ്ര സിങ് പറഞ്ഞു.
ബാബ്‌റി മസ്ജിദ് തകര്‍ത്തത് സംഘപരിവാര്‍ സംഘടനകളുടെ ആസൂത്രിതമായ നീക്കത്തിന്റെ ഫലമായിരുന്നുന്നെന്നും ആസൂത്രിതമായ ഈ ആക്രമണം അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നരസിംഹ റാവുവിന്റെ കൂടി അറിവോടെയായിരുന്നും കോബ്ര പേസ്റ്റ വെളിപ്പെടുത്തയിരുന്നു.
മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ് തുടങ്ങിയവര്‍ക്കും വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, ആചാര്യ ധര്‍മേന്ദ്ര തുടങ്ങിയ പ്രമുഖര്‍ക്കും ഇക്കാര്യം നേരത്തെ അറിയാമായിരുന്നു എന്നും കോബ്ര പോസ്റ്റ് അവകാശപ്പെടുന്നു.
രാമജന്മഭൂമി തകര്‍ത്ത സംഭവത്തലുള്‍പ്പെട്ട 23 പ്രധാന വ്യക്തികളെ കോബ്ര പോസ്റ്റ് അസോസിയേറ്റ് എഡിറ്റര്‍ കെ ആശിഷ് നേരിട്ട് ഇന്റര്‍വ്യൂ നടത്തിയാണ് കോബ്ര പോസ്റ്റ് ഈ വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്.