സംഘപരിവാറും ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയ ഹര്‍ത്താലും
Focus on Politics
സംഘപരിവാറും ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയ ഹര്‍ത്താലും
ഷഫീഖ് സല്‍മാന്‍ കെ
Monday, 23rd April 2018, 4:57 pm

സോഷ്യല്‍മീഡിയ ഹര്‍ത്താല്‍ എന്ന അഭൂതപൂര്‍വവും വിചിത്രവുമായ ഒരു കാര്യത്തെ ചുറ്റിപ്പറ്റിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമുക്ക് ചുറ്റും ചര്‍ച്ചകള്‍ അരങ്ങേറുന്നത്. പലവിധ ഹര്‍ത്താലുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്, എന്നാല്‍ സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ എന്നൊന്ന് ആദ്യമായി കേള്‍ക്കുകയാണ്.

ജനകീയ ഹര്‍ത്താല്‍ എന്നാണ് ആദ്യം ചിലര്‍ വിളിച്ചത്. എന്നാല്‍ പിന്നീട് ചില രാഷ്ട്രീയ സംഘടനകളുടെ പരോക്ഷമായ ഇടപെടലും സമ്മതവും ഇതിനു പിന്നിലുണ്ടെന്നു മനസ്സിലായതോടെ, ആ പേരു അപ്രത്യക്ഷമാവുകയായിരുന്നു. ആരാണ് അങ്ങനെ ഒരു വാക്കിനു രൂപം നല്‍കിയതെന്നു അറിയില്ല. എന്തായാലും സോഷ്യല്‍ മീഡിയ വഴി, രാഷ്ട്രീയ പാര്‍ട്ടികളുടെ ദൃശ്യതയുള്ള ഇടപെടലില്ലാതെ, സംഘടിക്കപ്പെട്ട ഹര്‍ത്താല്‍ എന്നതുകൊണ്ടാകും അങ്ങനെ ഒരു പേരു നല്‍കിയത്.

 

വിമര്‍ശനവിധേയമാക്കേണ്ട നിരവധി തലങ്ങള്‍ ഈ പ്രതിഭാസത്തിനുണ്ട്. പെട്ടെന്നു മനസ്സിലേയ്ക്ക് വരുന്നത് മൂന്നു കാര്യങ്ങളാണ്. ഒന്ന്, സമൂഹത്തിന്റെ ഒരു പൊതുപ്രശ്‌നത്തെ അട്ടിമറിക്കാന്‍ വര്‍ഗീയ സംഘടനകള്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. രണ്ടാമത്തെ കാര്യം ഹിന്ദുത്വ രാഷ്ട്രീയം എങ്ങനെ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സാങ്കേതികവിദ്യകളെ ഉപയോഗിക്കുന്നു എന്നതാണ്. ഈ സംഭവം അടിവരയിടുന്ന മൂന്നാമത്തെ വളരെ പ്രധാനപ്പെട്ട കാര്യം, ഇന്റര്‍നെറ്റും ജനാധിപത്യവും തമ്മിലുണ്ടെന്ന് കൊട്ടിഘോഷിക്കപ്പെട്ടിട്ടുള്ള ബന്ധത്തെ പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ട സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്.

 

കശ്മീര്‍ പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ രാഷ്ട്രീയവും ഹര്‍ത്താല്‍ എന്ന അട്ടിമറിയും

സംഘപരിവാര്‍ എന്ന പ്രസ്ഥാനത്തെ പൊതുവേ വര്‍ഗീയ സംഘടന എന്നു വിളിക്കാറുണ്ട്. അതു ശരിയുമാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെയാണ് അവരുടെ രാഷ്ട്രീയം എന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ നാസികളെപ്പോലെ അവരുടെ പരിപൂര്‍ണ്ണമായ ഉന്മൂലനമാണ് സംഘ് ലക്ഷ്യം വയ്ക്കുന്നതെന്നു പറയാന്‍ സാധിക്കില്ല. പകരം, അവരെ നിരന്തരമായി അക്രമിക്കുകയും ഭീതിയിലാഴ്ത്തുകയും ചെയ്തുകൊണ്ട്, അവരുടെ പരിപൂര്‍ണമായ കീഴ്‌പ്പെടല്‍ അല്ലെങ്കില്‍ വിധേയത്വം നേടിയെടുക്കുക എന്നതാണ് സംഘിന്റെ രീതി. എന്നാല്‍ ഇതു ന്യൂനപക്ഷങ്ങള്‍ക്കെതിരെ മാത്രമല്ല, തങ്ങളുടെ രാഷ്ട്രീയ പദ്ധതിയില്‍ വിശ്വാസമില്ലാത്ത ആര്‍ക്കെതിരെയും അവര്‍ പ്രയോഗിക്കുന്ന ഒന്നാണ്. ഗോവിന്ദ് പന്‍സരേയും ധാബോല്‍ക്കറും ഗൗരി ലങ്കേഷും കമ്മ്യൂണിസ്റ്റുകാരുമൊന്നും മുസ്‌ലീംങ്ങള്‍ ആയതുകൊണ്ടല്ലല്ലോ കൊല്ലപ്പെടുന്നത്.

 

ഇതില്‍ നിന്നും മനസ്സിലാക്കാവുന്നത്, സംഘും ഹിന്ദുത്വരാഷ്ട്രീയത്തിന്റേയും ഏറ്റവും അടിസ്ഥാന ലക്ഷ്യം ജനാധിപത്യത്തിന്റെ അന്ത്യമാണെന്നതാണ്. ജനാധിപത്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഇന്ത്യ കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയ മുന്നേറ്റമാണ് സംഘപരിവാറിന്റേത്. അതിന്റെ തീവ്രദേശീയത മുറ്റി നില്‍ക്കുന്ന പ്രത്യശാസ്ത്രപ്രചരണത്തിനു ആവശ്യമായ നരേറ്റീവുകളില്‍ അപരസ്ഥാനത്ത് നിര്‍ത്താന്‍ കണ്ടെത്തിയ വില്ലന്മാരില്‍ ഏറ്റവും പ്രബലം മുസ്‌ലീംങ്ങള്‍ ആണെന്നേയുള്ളൂ.

എന്നാല്‍, വിധേയത്വം പ്രഖ്യാപിച്ചാല്‍ മുസ്‌ലീംങ്ങള്‍ക്കായാലും പുലര്‍ന്നു പോകാം. മുസ്‌ലീം രാഷ്ട്രീയ മഞ്ച് എന്ന സംഘപരിവാറില്‍ അഫിലിയേറ്റ് ചെയ്ത മുസ്‌ലീം സംഘടന വ്യക്തമാക്കുന്നത് ഈ യാഥാര്‍ഥ്യമാണ്. നേരത്തെ പറഞ്ഞ പോലെ ആ വിധേയത്വം സൃഷ്ടിക്കുന്നതിനാണ് സംഘ് വയലന്‍സ് ഉപയോഗിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ സംഘ്പരിവാര്‍ ഒരു സാധാരണ വര്‍ഗീയ സംഘടനയല്ല. ജനാധിപത്യമെന്ന മഹത്തായ ഒരു സങ്കല്പത്തെ ഇല്ലാതാക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരു ഫാസിസ്റ്റ് പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ അത് അഴിച്ചു വിടുന്ന അക്രമങ്ങള്‍, ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്നതല്ല. ജനാധിപത്യവിശ്വാസികളെ ഒന്നടങ്കം അസ്വസ്ഥമാക്കുന്നതാണ്. ഭീതിയിലാഴ്ത്തുന്നതാണ്. ആയതിനാല്‍, സംഘിനു നേരെ ഉയര്‍ന്നു വരേണ്ട ചെറുത്ത് നില്‍പ് ഏതെങ്കിലും പ്രത്യേക ഐഡന്റിറ്റിയെ മുന്‍നിര്‍ത്തിയല്ല ഉണ്ടാകേണ്ടത്. അതൊരു സമൂഹം ഒന്നാകെ ഏറ്റെടുക്കേണ്ടതാണ്.

 

കശ്മീര്‍ പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ കാരണം ഹിന്ദുത്വ രാഷ്ട്രീയവും, അതിനെതിരെ ഉയരേണ്ടത് നാനാവിഭാഗം മനുഷ്യരേയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സെക്യുലര്‍ രാഷ്ട്രീയവുമാണ്. കൊല്ലപ്പെട്ട കുട്ടി മുസ്‌ലീം ആയതുകൊണ്ടാണ് കൊല്ലപ്പെട്ടതെന്നത് യാഥാര്‍ഥ്യമായിരിക്കെത്തന്നെ, അതിനെതിരെ ഉയര്‍ന്ന പ്രതിഷേധം എല്ലാ വിഭാഗം മനുഷ്യരും ഒരുമിച്ചു ചേര്‍ന്നു പടുത്തതായിരുന്നു. കാരണം അപരങ്ങളെ മുന്‍നിര്‍ത്തിയുള്ള എക്‌സ്‌ക്‌ളുസിവിറ്റിയുടെ രാഷ്ട്രീയം ഈ പ്രശ്‌നങ്ങളെ മൂര്‍ച്ഛിപ്പിക്കുകയേ ഉള്ളൂ. അങ്ങനെ സംഘിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുന്ന സമയത്താണ്, ഇതൊരു വര്‍ഗീയ പ്രശ്‌നമാണെന്ന് ലഘൂകരിക്കുന്ന മട്ടില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യപ്പെടുന്നത്.

അതാകട്ടെ, മുസ്‌ലീംങ്ങള്‍ കൂടുതല്‍ പാര്‍ക്കുന്ന ഇടങ്ങളില്‍, തീവ്രവാദസ്വഭാവമുള്ള ചില സംഘടനകളുടെ പിന്തുണയോടെ അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ട്, ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടാണ് നടന്നത്. സംഘടനാതീതമായ ഹര്‍ത്താല്‍ എന്നു വിശേഷിപ്പിക്കുന്നതോടെ, അതൊരു സമുദായം നടത്തിയ അക്രമമായി വ്യാഖ്യാനിക്കപ്പെട്ടു. പ്രശ്‌നം അത്തരത്തില്‍ വഴി തിരിച്ചു വിട്ടതോടെ, കശ്മീര്‍ വിഷയത്തില്‍ വര്‍ഗീയത ആരോപിച്ചു വിഷയം കത്തിക്കുകയാണെന്നുള്ള സ്വന്തം വാദം കൂടുതല്‍ ശക്തപ്പെടുത്താന്‍ സംഘപരിവാറിനു സാധിച്ചു.

ആ സമയത്ത് കറങ്ങി നടന്ന വാട്ട്‌സാപ്പ്, ഫേസ്ബുക്ക് കണ്ടന്റുകള്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. ഒരു കുട്ടിയുടെ കൊലപാതകത്തെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്ന വാദക്കാരെ ചെറിയ രീതിയിലൊന്നുമല്ല ഈ ഹര്‍ത്താല്‍ സഹായിച്ചത്. അങ്ങനെ പൊതുസമൂഹത്തിന്റെ ഒരു പ്രശ്‌നത്തെ ഒരു പ്രത്യേക ഐഡന്റിയുടെ പ്രശ്‌നമായി ചുരുക്കുകയും, ആ പ്രതിഷേധത്തെ ഒന്നടങ്കം ദുര്‍ബലപ്പെടുത്തുകയും ചെയ്തു.

സംഘപരിവാര്‍ രാഷ്ട്രീയവും ഇന്റര്‍നെറ്റും

ഈ വിഷയത്തിലെ മറ്റൊരു പ്രാധാന പ്രശ്‌നം സംഘപരിവാര്‍ കുറച്ചു കാലമായി നടത്തുന്ന ഓണ്‍ലൈന്‍ പ്രൊപഗണ്ടകള്‍ ഇതിനകത്ത് പ്രവര്‍ത്തിച്ച രീതിയാണ്. അതു വെളിവാക്കപ്പെട്ടത്, ഹര്‍ത്താലിനും അക്രമങ്ങള്‍ക്കും ആഹ്വാനം ചെയ്ത വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അറസ്റ്റോടെയാണ്.

അമിത് മാളവ്യ, ബി.ജെ.പി ഐ.ടി സെല്‍മാധാവി

ഈ പ്രശ്‌നത്തില്‍ ആര്‍.എസ്.എസ് നേരിടുന്ന വിമര്‍ശനങ്ങള്‍ വഴിതിരിച്ചു വിടാന്‍ ഇതിലും നല്ല തന്ത്രം വേറെയില്ലായിരുന്നു. അതിനു ഇന്റര്‍നെറ്റ് പോലെ അനായാസേന ഉപയോഗിക്കാവുന്ന മറ്റൊരു മീഡിയവും ഇല്ലായിരുന്നു. ഇന്റര്‍നെറ്റിനെ രാഷ്ട്രീയ പ്രൊപഗണ്ടയ്ക്കു വേണ്ടി ഉപയോഗിക്കുന്ന കാര്യത്തില്‍ ഹിന്ദുത്വരാഷ്ട്രീയത്തോളം വിജയിച്ച വേറൊന്നും ഇന്ത്യയുടെ ചരിത്രത്തില്‍ ഇല്ല. മറ്റാരേക്കാളും മുന്‍പ് ഇന്റര്‍നെറ്റിന്റെ പൊട്ടന്‍ഷ്യല്‍ തിരിച്ചറിയാന്‍ അവര്‍ക്കായിട്ടുണ്ട്. സമാനമായ ഐഡിയോളജി പേറുന്ന, ചിതറി നില്‍ക്കുന്ന മനുഷ്യരെ ഒരുമിപ്പിക്കാനും, ഒത്തൊരുമിച്ചു പ്രവര്‍ത്തിപ്പിക്കാനും നവമാധ്യമങ്ങളുടെ സമര്‍ഥമായ ഉപയോഗത്തിലൂടെ അവര്‍ക്കായി.

പ്രിന്റ്-ടെലിവിഷന്‍ മാധ്യമങ്ങള്‍ പൊതുവേ ലിബറല്‍ സ്വഭാവം നിലനിര്‍ത്തിയിരുന്ന ഒരു കാലത്ത്, സ്വന്തം ആശയപ്രചരണത്തിനു പറ്റിയ മാര്‍ഗമായി ഇന്റര്‍നെറ്റിനെ കണ്ടെത്തുകയായിരുന്നു എന്ന് ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവിയായ അമിത് മാളവിയ തന്നെ പറഞ്ഞിട്ടുണ്ട്. ഈ ഒരു തിരിച്ചറിവിനെത്തുടര്‍ന്നു വ്യാപകമായ ഇടപെടലുകള്‍ക്ക് അവര്‍ തുടക്കം കുറിച്ചു. കോണ്‍ഗ്രസിന്റെ അഴിമതി രാഷ്ട്രീയത്തിനു ബദലായി തീവ്രദേശീയതയില്‍ പ്രതീക്ഷയര്‍പ്പിച്ച വിദ്യാസമ്പന്നരായ മധ്യവര്‍ഗം ബി.ജെ.പിയുടെ വക്താക്കളായി മാറുകയും രാഷ്ട്രീയപ്രചരണത്തിനു ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു.

ബി.ജെ.പി ഇവരെ ആളും അര്‍ഥവും നല്‍കി സഹായിക്കാന്‍ തുടങ്ങി. എക്‌സ്‌പേര്‍ട്ടുകളെ റിക്രൂട്ട് ചെയ്ത് വളരെ പ്രൊഫഷണല്‍ ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതോടൊപ്പം നീതി സെണ്ട്രല്‍, സ്വരാജ്യമാഗ്, സെന്റര്‍ റൈറ്റ്, ഓപ് ഇന്‍ഡ്യ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ഓണലൈന്‍ പോര്‍ട്ടലുകളും സോഷ്യല്‍ മീഡിയ പേജുകളും ഗ്രൂപ്പികളും സ്ഥാപിക്കപ്പെട്ടു. വ്യത്യസ്ത ക്‌ളാസ്, ഐഡന്റിറ്റി, ഡെമൊഗ്രഫി ഒക്കെ അടിസ്ഥാനമാക്കി വിവിധതരം ആളുകള്‍ക്ക് അനുയോജ്യവും ആകര്‍ഷകവുമായ കണ്ടന്റ് (Content) കൊണ്ട് അവര്‍ ഓണ്‍ലൈന്‍ സ്‌പെയ്‌സ് നിറച്ചു.

 

ആ ഒരു കണ്ടന്റിന്റെ അളവിനെയും മൂര്‍ച്ചയേയും വെല്ലുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരായിരുന്നില്ല ഇവിടത്തെ സെക്യുലര്‍ പക്ഷം. അതോടൊപ്പം, Citizens for Accountable Governance പോലുള്ള ഇന്റര്‍നെറ്റ് ഉപയോഗിച്ച് സംഘാടനവും പ്രചരണപരിപാടികളും നടപ്പിലാക്കുന്ന അനവധി സന്നദ്ധ സംഘടനകളും സ്ഥാപിക്കപ്പെട്ടു. മോഡിയുടെ രാഷ്ട്രീയ പ്രചരണമായിരുന്നു ഇവരുടെയൊക്കെ ലക്ഷ്യം. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ഇവയെല്ലാം വളര്‍ന്നത് ബി.ജെ.പിയുടെ സജീവമായ പിന്തുണ ഉള്ളതുകൊണ്ടായിരുന്നു.

നിലവില്‍ കോര്‍പറേറ്റ് മീഡിയയില്‍ ഒരു വലിയ വിഭാഗം ബി.ജെ.പിയുടെ തീവ്രവലതു രാഷ്ട്രീയത്തോടു കൃത്യവും ശക്തവുമായ അനുഭാവം പുലര്‍ത്താന്‍ തുടങ്ങിയതോടെ ഇങ്ങനെ പാകപ്പെടുത്തിയെടുത്ത പബ്ലിക് സ്ഫിയറില്‍ അജണ്ട സെറ്റ് ചെയ്യുക എന്നത് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ അനായാസമായ കാര്യമായി. അതിന്റെ പരിണതികളിലൊന്നാണ് ഈ സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍. തങ്ങള്‍ക്കെതിരെ തിരിയുന്ന രാഷ്ട്രീയത്തെ വഴിതെറ്റിക്കാനുള്ള സമര്‍ഥമായ ശ്രമമായിരുന്നു അത്. എന്നാല്‍ ഹിന്ദുത്വയുടെ ഇന്റര്‍നെറ്റ് പ്രൊപഗണ്ടയുടെ വിലയിരുത്തല്‍ കുറേക്കൂടെ മൂര്‍ത്തമാകുന്നത്, ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിന്റെ വിമര്‍ശനാത്മകമായ അപഗ്രഥനം കൂടെ നടത്തുമ്പോള്‍ മാത്രമാണ്.

ഇന്റര്‍നെറ്റും ജനാധിപത്യവും

“ഫേസ്ബുക്ക് യഥാര്‍ഥത്തില്‍ കുടുംബവും സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനു വേണ്ടി രൂപം കൊടുത്ത ഒന്നായിരുന്നു. ആ ഒരു കാര്യത്തില്‍ അതു വിജയിക്കുകയും ചെയ്തു. പക്ഷേ, ആളുകള്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഇതിനുമുന്‍പ് കണ്ടിട്ടില്ലാത്ത മാര്‍ഗങ്ങളിലൂടെ അതിനെ ഉപയോഗിച്ചതു വഴി ഊഹിക്കാന്‍ സാധിക്കാത്ത സാമൂഹ്യ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.”

കാംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് ഫേസ്ബുക്കിന്റെ സിവിക് എന്‍ഗേജ്‌മെന്റ് പ്രോഡക്റ്റ് മാനേജര്‍ സമിധ് ചക്രവര്‍ത്തി നല്‍കിയ പ്രസ്താവനയായിരുന്നു ഇത്. സോഷ്യല്‍ മീഡിയ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അപകടകാരിയായി മാറുന്ന ഘട്ടങ്ങളും ഉണ്ടായേക്കാം എന്ന് സമിധ്, ഫേസ്ബുക്ക് തന്നെ പുറത്തു വിട്ട വീഡിയോയിലൂടെ, പറയുന്നു. ഇതു സമിധിന്റെ വ്യക്തിപരമായ അഭിപ്രായമല്ല, മറിച്ച്, ഫേസ്ബുക്കിന്റെ തന്നെ സ്വയം വിലയിരുത്തലാണ്.

 

ഇതു സൂചിപ്പിക്കുന്നത്, ഇന്റര്‍നെറ്റും ജനാധിപത്യവും തമ്മിലുള്ള ബന്ധം പുതിയ വഴിത്തിരിവില്‍ എത്തിനില്‍ക്കുന്നു എന്നതാണ്. അറബ് വസന്തത്തെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഒന്നാണെന്ന പ്രബലമായ വാദഗതികള്‍ക്കേറ്റ ശക്തമായ തിരിച്ചടിയാണ് പേര്‍സണല്‍ ഡാറ്റ ചോര്‍ത്തിയും പഠിച്ചും ഫേയ്ക് അക്കൗണ്ടുകള്‍ സൃഷ്ടിച്ചും ഒരു രാജ്യത്തെ ജനാധിപത്യപ്രക്രിയയെ സ്വാധീനിക്കാനും അട്ടിമറിക്കാനു സാധിക്കും എന്ന തിരിച്ചറിവ്.

സോഷ്യല്‍ മീഡിയ ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെ ബലപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് സാധ്യത എന്ന വാദങ്ങളെ ഇതു ബലപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യയിലെ രാഷ്ട്രീയത്തെ ഇതെങ്ങനെ സ്വാധീനിക്കുന്നു എന്നു പരിശോധിച്ചാലും ഈ ഒരു വിലയിരുത്തല്‍ പ്രസക്തമാണെന്നു പറയേണ്ടി വരും.

സോഷ്യല്‍ മീഡിയ ആളുകളുടെ സാമൂഹ്യബന്ധങ്ങളെ വളര്‍ത്തുമെന്നും, ഇടപെടലുകളെ കാര്യക്ഷമമാക്കുമെന്നും, അവരുടെ ശബ്ദങ്ങള്‍ക്ക് ഇടം നല്‍കുമെന്നും, അങ്ങനെ അധികാരികളുടെ അറിവിനുമുകളിലുള്ള അപ്രമാദിത്വവും, രേഖീയമായ സംവാദന രീതികളും തകര്‍ക്കപ്പെടുമെന്നൊക്കെയായിരുന്നു ഇന്റര്‍നെറ്റ് എന്ന മാധ്യമത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍. ആ സ്വപ്നങ്ങള്‍ പൂര്‍ണമായി തകര്‍പ്പെട്ടിട്ടില്ല. ഒരുപാടു ഉദാഹരണങ്ങള്‍ അത്തരം വാദങ്ങളെ സാധൂകരിക്കാന്‍ നമ്മുടെ മുന്‍പിലുണ്ട്. എന്നാല്‍ അതേ സമയം ജനാധിപത്യത്തെ അതെങ്ങനെയൊക്കെ ദോഷകരമായി ബാധിക്കും എന്നതിനും നിരവധി കാര്യങ്ങള്‍ നമ്മള്‍ക്ക് കാണാന്‍ സാധിക്കും. അവ അങ്ങേയറ്റം ആശങ്കാജനകമാണുതാനും.

 

സോഷ്യല്‍ മീഡിയ നിലവില്‍ ഇക്കോചേമ്പറുകളായാണ് പ്രവര്‍ത്തിക്കുന്നത്. അവനവന്‍ തെരഞ്ഞെടുത്തതും തെരഞ്ഞെടുക്കപ്പെട്ടതുമായ ആള്‍ക്കൂട്ടങ്ങള്‍ക്കകത്തെ വര്‍ത്തമാനങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഇതു ധാരണകളെ മാറ്റിമറിക്കുന്നതിനു പകരം, ദൃഢീകരിക്കാനാണ് സഹായിക്കുന്നത്.

രണ്ടു വ്യത്യസ്ത ആശയങ്ങള്‍ പിന്‍പറ്റുന്ന മനുഷ്യരുടെ ഫേസ്ബുക്ക് ന്യൂസ് ഫീഡ് പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. നിങ്ങളുടെ കണ്ടന്റ് പ്രിഫറന്‍സ് അനുസരിച്ചാണ് ഈ അല്‍ഗോരിതങ്ങളെല്ലാം പ്രവര്‍ത്തുക്കുന്നത് എന്നു കൂടി വരുന്നതോടെ ഇന്റര്‍നെറ്റ് ഒരു മീഡിയം എന്ന നിലയ്ക്ക് ഈ ഒരു പ്രതിഭാസത്തെ വളര്‍ത്തുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ മറ്ററിവുകളിലേക്കും ഇന്‍ഫര്‍മേഷനിലേക്കുമുള്ള വാതായനങ്ങള്‍ അടയ്ക്കപ്പെടുകയാണ്.

ഇന്റര്‍നെറ്റ് സാധ്യമാക്കിയ, അല്ലെങ്കില്‍ കൂടുതല്‍ അനായസമാക്കിയ, ഏയ്ജ് ഓഫ് ബിഹേവിയര്‍ എന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന വാദങ്ങളും പരിഗണിക്കേണ്ടതാണ്. മാജിദ് നവാസ് പറയുന്നതു പോലെ, മദ്ധ്യകാലഘട്ടത്തില്‍ മനുഷ്യന്റെ സ്വത്വബോധത്തെ നിര്‍ണയിച്ചിരുന്നത് മതമെന്ന സ്ഥാപനത്തെ അടിസ്ഥാനമാക്കി ഉരുവം കൊണ്ട കമ്യൂണിറ്റികളാണെങ്കില്‍, പിന്നിടത് ചില പ്രത്യേക വംശീയതകളില്‍ ഊന്നി രൂപം കൊണ്ട ദേശരാഷ്ട്രങ്ങളാല്‍ അടയാളെപ്പെടാന്‍ ആരംഭിച്ചു.

എന്നാല്‍ ആഗോളവല്‍ക്കരണം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയ ഈ കാലത്ത്, എത്ത്‌നിസിറ്റി മള്‍ട്ടി-എത്തിനിസിറ്റി ആയി മാറുകയുണ്ടായി. അതായത് ബ്രീട്ടീഷ് ഇന്ത്യനും, അമേരിക്കനും ഇറ്റാലിയനും ഒക്കെ സംഭവിക്കുന്നത് അങ്ങനെയാണ്. മനുഷ്യര്‍ തമ്മിലുള്ള പരസ്പരമുള്ള കൂറിനെ, സോഷ്യല്‍ അലീജിയന്‍സിനെ (social allegiance) നിര്‍ണയിക്കുന്നത് ഇതാണ്. എന്നാല്‍ അതിവിടെ നിന്നും വളരുകയും രാജ്യാതിര്‍ത്തിക്കപ്പുറമുള്ള സോഷ്യല്‍ അലീജിയന്‍സ് രൂപപ്പെടുകയും ചെയ്യുന്നു. ഈ പുതിയ അലീജിയന്‍സ് പ്രത്യയശാസ്ത്രാധിഷ്ഠിതമാണ്. അതോടൊപ്പം അതിനെ ചുറ്റിപ്പറ്റി സൃഷ്ടിക്കപ്പെടുന്ന നരേറ്റീവുകളാലും അതിനാല്‍ സ്വാധീനിക്കപ്പെട്ടു പരിണമിക്കുന്ന ബിഹേവിയറുമാണ് ഈ അലീജിയന്‍സിനെ നിലനിര്‍ത്തുന്നത്.

മാജിദ് നവാസ്

 

നവാസ് തീവ്രവാദത്തിന്റെ, പ്രത്യേകിച്ചും ഇസ്‌ലാമിക തീവ്രവാദത്തിന്റെ വളര്‍ച്ചയുമായി, ബന്ധപ്പെട്ടാണ് ഈ ഒരു കാര്യം സൂചിപ്പിക്കുന്നത്. അതായത്, കേരളത്തിലുള്ള ഒരു മുസ്‌ലിം യുവാവിനെ അവനു പ്രാദേശികവും സാംസ്‌കാരികവുമായി യാതൊരു ബന്ധവുമില്ലാത്ത സിറിയയിലേയ്ക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതെന്താണ്? അവന്റെ തൊട്ടടുത്തുള്ള സാമൂഹ്യ ജീവിതം അവന് അന്യമായി മാറുകയും അവന്റെ അലീജിയന്‍സ് അവനൊരിക്കലും കാണുകയോ അനുഭവിക്കുകയോ ചെയ്യാത്ത ഒരു പ്രദേശത്തേക്ക് പറിച്ചു മാറ്റപ്പെടുകയും ചെയ്യുന്നത് എങ്ങനെയാണ്? അല്ലെങ്കില്‍, ഉത്തരേന്ത്യന്‍ സാമൂഹികാവസ്ഥയുമായി ഒരു ബന്ധവുമില്ലാത്ത കേരളത്തിലെ ഒരു ഹിന്ദു എങ്ങനെയാണ് സംഘ് പ്രചരിപ്പിക്കുന്ന ഒട്ടും കേരളീയമല്ലാത്ത പാന്‍ഹിന്ദു സംസ്‌കാരത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നത്?

അതിന്റെ ഉത്തരമായി ആണ് ഇത് എയ്ജ് ഓഫ് ബിഹേവിയര്‍ ആണെന്നു പറയുന്നത്. ഈ ഒരു ബിഹേവിയര്‍ വളരുകയും നിലനില്‍ക്കുകയും ചെയ്യുന്നത് ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയോടെയാണ്. കുറേക്കൂടെ കൃത്യമായി പറഞ്ഞാല്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയാണ് കാരണം. ആ ഒരു സ്‌പേയ്‌സിലാണ് ഈ ഒരു അലീജിയന്‍സ് വികസിക്കുന്നത്. അതായത് തീര്‍ത്തും ഐഡിയോളജിക്കലായ രൂപപ്പെടുന്ന ഒരു പാരസ്പര്യം സാധ്യമാകുന്നതിനേയും തഴയ്ക്കുന്നതിനേയും ഇതു സഹായിക്കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ മനുഷ്യനെ അവന്റെ എറ്റവും സമീപമുള്ള റിയാലിറ്റികളില്‍ നിന്നും മാറ്റി നടുന്നുണ്ട്.

അവനെ അവന്റെ തൊട്ടടുത്ത ചുറ്റുപാടില്‍ ഒറ്റപ്പെടുത്തുകയും അവനെ സാമൂഹ്യജീവിതം വിര്‍ച്വല്‍ ലോകത്തെ ഇക്കോചേമ്പറുകളിലേയ്ക്ക് മാറുകയും ചെയ്യുന്നു. ഉദാഹരണത്തിനു ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ ചുറ്റുമിരിക്കുന്ന മനുഷ്യരെ നിരീക്ഷിച്ചാല്‍ മതി. പരസ്പരം സംസാരിക്കുവാനും പരിചയപ്പെടാനും താല്പര്യമില്ലാതെ, മറ്റൊരു ലോകത്ത് സംസാരിച്ചുകൊണ്ടിരിക്കുന്ന നമ്മളെ കാണാം.

 

ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അത്ര ആശ്വാസ്യകരമായ ഒരു സാഹചര്യമല്ല ഇതിലൂടെ ഉരുത്തിരിയുന്നത്. ജനാധിപത്യ ഇടപെടലുകളെ അനായാസമാക്കുമെന്നു കരുതപ്പെട്ട ഒരു ടെക്‌നോളജി അതിനെ ദുഷ്‌കരമാക്കുന്ന പ്രവണതയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുമെന്നു കരുതിയ ഒരു സ്ഥലത്ത് ഇന്‍ഫര്‍മേഷന്‍ മിസ്ഇന്‍ഫര്‍മേഷനും ഡിസ്ഇന്‍ഫര്‍മേഷനും ആയി മാറുന്നു. ജ്ഞാനം മാത്രമല്ല അജ്ഞത പ്രചരിപ്പിക്കാനും ഒരുപോലെ ഇതിനകത്ത് ഇടമുണ്ടാവുന്നു എന്നതാണ്, ഒരുപക്ഷേ, ആദ്യത്തേതിനെ രണ്ടാമത്തേത് കവച്ചു വയ്ക്കുന്ന അവസ്ഥവരെ ഉണ്ടാകുന്നു എന്നതാണ്, പ്രശ്‌നമായി മാറുന്നത്.

വ്യക്തികളുടെ സ്വകാര്യതയും സിവില്‍ റൈറ്റ്‌സും ഭഞ്ജിക്കപ്പെടുകയും, അവര്‍ സോഷ്യല്‍ മീഡിയയില്‍ അക്രമിക്കപ്പെടുകയും ചെയ്യുന്നു. തന്റെ ബന്ധുക്കളുടേയും കൂട്ടുകാരുടേയും വരെ ഫേസ്ബുക്ക് ഐഡികള്‍ ഡീആക്റ്റിവേറ്റ് ചെയ്യേണ്ടി വരുന്നു. ഫോണ്‍ നമ്പര്‍ മാറ്റേണ്ടി വരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ തന്നെ തകര്‍ക്കപ്പെടുന്നു. വ്യക്തികളെക്കുറിച്ചുള്ള എറ്റവും സൂക്ഷ്മമമായ വിവരങ്ങള്‍ കൈവശമുള്ള അവരുടെ ചിന്തകളേയും പ്രവര്‍ത്തികളേയും സ്വാധീനിക്കാന്‍ വിധം ശക്തിയാര്‍ജിച്ച ഇന്റര്‍നെറ്റ് ഭീമന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന നവസാമ്രാജ്യത്വത്തെ കുറിച്ചുള്ള ഭീതികളും ഒപ്പം വളരുകയാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നു നമ്മള്‍ കരുതിയിരുന്ന ഒരു മീഡിയം ഇങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന വൈരുദ്ധ്യം എങ്ങനെയാണ് സംഭവിക്കുന്നത്?

ഇന്റര്‍നെറ്റിനനുകൂലവും പ്രതികൂലവുമായി വരുന്ന രണ്ടുവാദങ്ങളുടേയും പൊതുവേയുള്ള പ്രശ്‌നം അതിരു കവിഞ്ഞ മീഡിയ ഡിറ്റര്‍മിനിസമാണ്. ഒരു കൂട്ടര്‍ ജനാധിപത്യം നേരിടുന്ന പല വലിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ടെക്‌നോളജിയില്‍ കണ്ടെത്തുമ്പോള്‍, മറ്റേ കൂട്ടര്‍ പ്രശ്‌നത്തിന്റെ ഭാരം അതേ ടെക്‌നോളജിയില്‍ തന്നെ ചാരുകയാണ്. ഇവിടെ രണ്ടു കൂട്ടരും കാണാതെ പോകുന്നത് ടെക്‌നോളജി പ്രവര്‍ത്തിക്കുന്ന സിസ്റ്റത്തെ നിയന്ത്രിക്കുന്ന ശക്തിയെയാണ്. അതായത് മുതലാളിത്തത്തെയാണ്.

നിലവിലെ ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചു പറയുമ്പോള്‍, മുതലാളിത്തത്തെ വിമര്‍ശനവിധേയമാക്കാത്തതാണ് അവരുടെ പാളിച്ച. ജനാധിപത്യവിരുദ്ധമായ സംഘപരിവാര്‍ പ്രധാന രാഷ്ട്രീയ ശക്തിയായി മാറുന്നു സൂചിപ്പിക്കുന്നത്, മുതലാളിത്ത ജനാധിപത്യത്തില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളേയും ദൗര്‍ബല്യങ്ങളേയുമാണ്. സാമ്പത്തികവും സാമൂഹ്യവുമായി മനുഷ്യരെ പലതട്ടുകളില്‍ നിര്‍ത്തുന്ന ഒരു വ്യവസ്ഥിതിയില്‍ എങ്ങനെയാണ് എല്ലാ മനഷ്യര്‍ക്കും തുല്യ പരിഗണന ഉറപ്പുവരുത്തുന്ന ജനാധിപത്യം സാധ്യമാവുക. അത്തരം ഒരു വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന, അതിനാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ടെക്‌നോളജി എങ്ങനെയാണ് ജനാധിപത്യത്തെ ബലപ്പെടുത്താന്‍ സ്വയമേവ ഉതകുക? ആ ഒരു ചോദ്യമാണ് ഈ ഘട്ടത്തില്‍ ഉന്നയിക്കപ്പെടേണ്ടത്.

പ്രശ്‌നത്തെ പല കഷ്ണങ്ങളായി വിഭജിച്ചു നിര്‍ത്തുകയല്ല വേണ്ടത്. അവയെ ഒരു ജിഗ്‌സോ പസിലില്‍ എന്ന പോലെ പരസ്പരം ചേര്‍ത്തു വച്ച്, വിശാലമായൊരു പരിപ്രേക്ഷ്യം സൃഷ്ടിക്കുകയാണ് വേണ്ടത്. അതായത്. സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ സോഷ്യല്‍ മീഡിയക്കകത്ത് മാത്രം ഒതുങ്ങുന്ന ഒരു പ്രശ്‌നമല്ല, അതുപോലെ, സോഷ്യല്‍ മീഡിയക്കകത്ത് നിന്നുകൊണ്ടു പരിഹാരം കാണാന്‍ പറ്റുന്ന ഒരു കാര്യവുമല്ല. സര്‍വവിധ സന്നാഹങ്ങളുമുള്ള, അധികാരത്തിലിരിക്കുകയും അതിന്റെ സാധ്യതകളെ മൃഗീയമായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം, അതിന്റെ നിയന്ത്രണത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഒരു മീഡിയത്തെ അതിനനുസൃതമായി പ്രയോഗിക്കുവാന്‍ പ്രയാസമില്ല. ചെറുത്ത് നില്‍ക്കുന്നവര്‍ക്ക് വേണ്ടത്, ടെക്‌നോളജിയില്‍ ഉള്ള അപ്രമാദിത്വമല്ല, മറിച്ച് അതിനെ ജനവിരുദ്ധമായി ഉപയോഗിക്കുന്ന, ഒരു വ്യവസ്ഥിതിയെക്കുറിച്ചുള്ള അവഗാഹവും അതു മാറ്റാനുള്ള സമരായുധങ്ങളുമാണ്..