| Saturday, 11th August 2018, 2:59 pm

കേരളീയര്‍ ഈ ദുരന്തം അര്‍ഹിക്കുന്നവര്‍, ഒരു സഹായവും ചെയ്യരുത്; ദേശീയതലത്തിലും കേരളത്തിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ വലിയൊരു വിഭാഗം ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ദുരന്തത്തെ വിദ്വേഷപ്രചരണത്തിനായി ഉപയോഗിച്ച് സംഘപരിവാര്‍. മതസ്പര്‍ദ്ധ വളര്‍ത്താനും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനെതിരെ വിദ്വേഷ പ്രചരണത്തിനുമായാണ് ഈ സാഹചര്യം ദേശീയ തലത്തില്‍ സംഘപരിവാര്‍ ഉപയോഗിക്കുന്നത്.

ദുരന്തത്തെ മതവുമായി കൂട്ടിക്കലര്‍ത്തിയാണ് പ്രചരണം. കേരളത്തിലെ പ്രളയം ക്രിസ്ത്യാനികളെയും മുസ്‌ലീങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നും അയ്യപ്പദേവനോട് ചെയ്തതിനുള്ള ശിക്ഷയാണിതെന്നുമാണ് ശങ്കരന്‍ നായര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രചരണം.

” സത്യം പറയുന്നതില്‍ ഖേദം തോന്നരുത്. കൂടിയാലോചനകള്‍ അത്യാവശ്യമാണ്. കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചിരിക്കുന്ന ക്രിസ്ത്യന്‍, മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലാണ്. ആലപ്പുഴയിലെ കുട്ടനാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ഏറണാകുളം, തൃശൂര്‍, വയനാട് എന്നിവിടങ്ങളില്‍ ക്രിസ്ത്യാനികളാണ് ഭൂരിപക്ഷവും.

Also Read:ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ; ടി.ജി മോഹന്‍ദാസിനോട് ശാരദക്കുട്ടി

മലപ്പുറം കോഴിക്കോട് ജില്ലകള്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ്. പാലക്കാട് കമ്മ്യൂണിസ്റ്റുകള്‍ ധാരാളമുള്ള ഇടമാണ്. പ്രകൃതിയ്ക്കും ജീവജാലങ്ങള്‍ക്കും ഏറ്റവുമധികം ദോഷം വരുത്തി സംഘങ്ങളാണ് ഇവര്‍. ഇതേ സംഘം തന്നെയാണ് അയ്യപ്പനെതിരെ കളിക്കുന്നത്.

കേരളത്തിലെ പൊട്ടന്മാര്‍ ഇത്തരം ദുരന്തങ്ങള്‍ അര്‍ഹിക്കുന്നവരാണ് അല്ലേ?” എന്നാണ് ശങ്കരന്‍ നായര്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു രൂപപോലും സംഭാവന ചെയ്യരുതെന്നാണ് ധനഞ്ജയ് ഉപാധ്യായ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആവശ്യപ്പെടുന്നത്. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ബംഗളുരുവില്‍ നിന്നുള്ള ഫാക്വല്‍ട്ടിയെന്നാണ് അദ്ദേഹം ട്വിറ്ററില്‍ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിനൊപ്പമാണ് ധനഞ്ജയ് ഇത്തരമൊരു വിദ്വേഷ പ്രചരണം നടത്തുന്നത്.

” ഈ പണം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിക്കില്ല. അതുകൊണ്ട് ഒരുരൂപ പോലും നല്‍കരുത്. ഇത് നക്‌സലുകള്‍ക്കും ജെ.എന്‍.യുവിലെ “ഛിദ്രശക്തി”കള്‍ക്കും നല്‍കി ഈ ഇടതുസര്‍ക്കാര്‍ രാജ്യത്തിനെതിരെ ഉപയോഗിക്കും. കേരളത്തിലുള്ളവരെ സഹായിക്കാന്‍ മറ്റുവഴികള്‍ കണ്ടെത്തൂ. ” എന്നാണ് ധനഞ്ജയിയുടെ ട്വീറ്റ്.

Also Read:അറസ്റ്റിലായ ഹിന്ദുത്വ തീവ്രവാദ സംഘടനാ നേതാക്കള്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന് മഹാരാഷ്ട്ര എ.ടി.എസ്

കേരളം പാകിസ്ഥാന് ദുരിതാശ്വാസം നല്‍കിയല്ലോ എന്നിട്ടിപ്പോള്‍ എന്തു കിട്ടിയെന്നാണ് ഹൈന്ദവകേരളം എന്ന പേജിലൂടെ നടക്കുന്ന പ്രചരണം.

നേരത്തെ മലയാളത്തിലും ഇത്തരം പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞദിവസം ബി.ജെ.പി സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ് ഇത്തരത്തിലുള്ള ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

“കുറേ ജിഹാദികള്‍ ബഹളം വെയ്ക്കുന്നതൊഴിച്ചാല്‍ ജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ നടത്തുന്നുണ്ടെന്നും ഓരോ ഷട്ടര്‍ തുറക്കുമ്പോഴും ആര്‍പ്പുവിളിയോടെ ജലദേവതയെ സ്വീകരിക്കുകയാണ് അവരെന്നും വന്‍കുഴപ്പം പ്രതീക്ഷിച്ച ജിഹാദികള്‍ നിരാശരായിരിക്കുന്നു എന്നുമായിരുന്നു ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്. എല്ലാവര്‍ക്കും രക്ഷയായി സൈന്യവും എത്തിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനു പുറമേ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ട്രോളുകളും വ്യാപകമായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more