സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ ആയിരക്കണക്കിന് മുസ്‌ലീങ്ങളുടെ പേരുകള്‍ പറഞ്ഞു തരാം; സ്വാമി അഗ്‌നിവേശ്
national news
സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ ആയിരക്കണക്കിന് മുസ്‌ലീങ്ങളുടെ പേരുകള്‍ പറഞ്ഞു തരാം; സ്വാമി അഗ്‌നിവേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd March 2016, 5:26 pm

agnivesh

ന്യൂദല്‍ഹി: രാജ്യത്തെ മുസ്‌ലിംങ്ങളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യാന്‍ സംഘപരിവാറിന് അവകാശമില്ലെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്.

ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ആര്‍.എസ്.എസുകാര്‍ക്ക് മുമ്പില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ ആയിരക്കണക്കിന് മുസ്‌ലിങ്ങളുടെ പേരുകള്‍ എണ്ണി എണ്ണി പറഞ്ഞു തരാന്‍ കഴിയുമെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.

ബ്രീട്ടീഷുകാര്‍ക്കെതിരെ പോരാടി മരണം വരിച്ച ഒരു ആര്‍.എസ്.എസുകാരന്റെ പേര് പറയാനാകുമോയെന്നും അഗ്നിവേശ് ചോദിച്ചു. ചിലരുടെ പേരുകള്‍ പറയാന്‍ കഴിയും പക്ഷെ അത് രാജ്യസ്‌നേഹത്തിന്റെ പേരിലല്ല. മറിച്ച് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചാരപ്പണി ചെയ്തവരുടെ പേരുകളാണെന്നും അഗ്നിവേശ് പറഞ്ഞു.

രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും സ്വാമി അഗ്നിവേശ് കുറ്റപ്പെടുത്തി. രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ 80-90 ശതമാനം മുസ്‌ലിംങ്ങളും ഇന്ത്യയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ ചിന്തിക്കുന്ന മുസ്‌ലിംങ്ങളോടാണ് ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നും അഗ്നിവേശ് പറഞ്ഞു.

പാര്‍ലമെന്റിനകത്തും പുറത്തും ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ കുറച്ചു പേരെ മാത്രമല്ല രാജ്യത്തെ ജനങ്ങളെ മൊത്തത്തില്‍ ബാധിക്കുന്നുണ്ട്. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാതെ രാജ്യത്തെ ജനങ്ങള്‍ ഭയന്നിരിക്കുകയാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന പ്രമാണങ്ങള്‍ പോലും പാലിക്കപ്പെടുന്നില്ലെന്നും അഗ്നിവേശ് പറഞ്ഞു.