കോഴിക്കോട്: യാത്രക്കാരെ മര്‍ദ്ധിച്ചതുമായി ബന്ധപ്പെട്ട് കല്ലട ട്രാവല്‍സിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ വര്‍ഗീയ പ്രചാരണവുമായി സംഘപരിവാര്‍ ഗ്രൂപ്പുകള്‍.
ഹിന്ദുവിന്റെ സ്ഥാപനമായതിനാലാണ് കല്ലടയ്ക്ക് എതിരെ പ്രതിഷേധം നടക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.
ഹിന്ദുത്വ സംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥും ഇത്തരത്തില്‍ പ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ”കല്ലട ഗ്രൂപ്പിനെതിരെ നടക്കുന്ന ഏകപക്ഷീയമായ പ്രചാരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം എന്താണ് ? .:: ജീവനക്കാര്‍ തെറ്റ് ചെയ്താല്‍ നിയമപരമായ ശിക്ഷ ഉറപ്പാക്കണം ..അതിനു സ്ഥാപനത്തെ ആക്രമിക്കുന്നത് വേറെ ചില ലക്ഷ്യങ്ങള്‍ കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു … ലുലുവിലെ ജീവനക്കാര്‍ മോശമായി പെരുമാറിയാല്‍ യൂസഫലിയെ ഇങ്ങനെ കാണുമോ ?” എന്നാണ് സംഭവത്തെ കുറിച്ച് പ്രതീഷ് ഫേസ്ബുക്കില്‍ കുറിച്ചത്
കാവിപ്പട എന്ന ഗ്രൂപ്പിലും സമാനമായ രീതിയില്‍ അഭിപ്രായം ഉയരുന്നുണ്ട്. നെഹ്‌റു ഗ്രൂപ്പ്, അറ്റ്‌ലസ്, നിറപറ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് നേരെ നടന്നതും ഇത്തരം പ്രചാരണങ്ങളാണെന്നും ഹിന്ദുക്കളില്‍ സാമ്പത്തികമായി ഉയര്‍ന്നു വരുന്നവരെ നശിപ്പിയ്ക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും ഗ്രൂപ്പില്‍ പറയുന്നുണ്ട്.
അതേസമയം, കല്ലട ബസ് സര്‍വീസ് നടത്തിയിരുന്നത് നിയമ വിരുദ്ധമായാണെന്ന് വിവരാവകാശ രേഖ. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് മാത്രമാണ് ബസിനുള്ളതെന്ന് വിവരാവകാശ രേഖ സൂചിപ്പിക്കുന്നു. എന്നാല്‍ സ്റ്റേജ് ക്യാരേജ് പെര്‍മിറ്റുള്ള കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകളുടേതിന് സമാനമായ സര്‍വീസാണ് കല്ലട ബസുകള്‍ നടത്തിയിരുന്നത്.
പോകുന്ന വഴിക്ക് നിര്‍ത്തി ആളുകളെ കയറ്റിയിറക്കി പോകാനുള്ള അനുവാദവും കല്ലട ബസുകള്‍ക്കില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. എന്നാല്‍ ഓരോ പ്രധാന നഗരങ്ങളിലും പ്രത്യേക ബുക്കിങ് കൗണ്ടറുകള്‍ സ്ഥാപിച്ച് ആളുകളെ കയറ്റിയിറക്കി പോകുന്ന രീതിയിലാണ് കല്ലട ബസുകള്‍ സര്‍വീസ് നടത്തുന്നത്.
നേരത്തെ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ബസ് ഹരിപ്പാട് വെച്ച് കേടാവുകയും തുടര്‍ന്ന് ബദല്‍ സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിന് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നു.
പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കായിരുന്നു ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞിരുന്നത്.
സംഭവത്തില്‍ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയേഷ് ജിതിന്‍ എന്നിവരെയാണ് മരടു പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിട്ടുണ്ട്.
നേരത്തെ കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരു സര്‍വീസ് നടത്തുന്ന കല്ലട ബസ് പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
DoolNews Video