തിരുവനന്തപുരം: ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാർ ഭയപ്പെടുകയാണെന്നും അതിന്റെ ഭാഗമായാണ് ഇന്ത്യയെന്ന പദത്തോടുള്ള വെറുപ്പ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സംഘപരിവാർ നിർമിത വ്യാജ ചരിത്രത്തെ വെള്ളപൂശുന്നതിൽ എൻ.സി.ഇ.ആർ.ടിയുടെ പാഠ്യപരിഷ്കരണ സമിതി വ്യഗ്രത കാട്ടുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടർന്നുണ്ടായ ആർ.എസ്.എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉൾപ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് പുതിയ നിർദ്ദേശങ്ങളെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന എൻ.സി.ഇ.ആർ.ടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയുന്നതല്ല. സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരതം’ എന്ന് തിരുത്താനാണ് എൻ.സി.ഇ.ആർ.ടി നിയോഗിച്ച സാമൂഹ്യശാസ്ത്ര സമിതി ശുപാർശ ചെയ്തിരിക്കുന്നത്.
ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്.
ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാർ ഭയപ്പെടുകയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയെന്ന പദത്തോടുള്ള ഈ വെറുപ്പ്.
സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടർന്നുണ്ടായ ആർ.എസ്.എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉൾപ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് പുതിയ നിർദ്ദേശങ്ങളെ കാണേണ്ടത്.
ചരിത്രത്തെ വക്രീകരിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കനുകൂലമായ നിലപാടുകളാണ് എൻ.സി.ഇ.ആർ.ടിയിൽ നിന്നും തുടർച്ചയായി ഉണ്ടാവുന്നത്. പരിവാർ നിർമിത വ്യാജ ചരിത്രത്തെ വെള്ളപൂശുന്നതിൽ പാഠപുസ്തക സമിതി വ്യഗ്രത കാട്ടുകയാണ്.
ബഹുസ്വരതയിലും സഹവർത്തിത്വത്തിലുമധിഷ്ഠിതമായ ‘ഇന്ത്യ’യെന്ന ആശയത്തിനെതിരാണ് എക്കാലവും സംഘപരിവാർ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എൻ.സി.ഇ.ആർ.ടി സമിതിയുടെ പുതിയ നിർദ്ദേശം. എൻ.സി.ഇ.ആർ.ടി സമിതി സമർപ്പിച്ച പൊസിഷൻ പേപ്പറിലെ ഭരണഘടനാവിരുദ്ധമായ നിർദ്ദേശങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തുവരണം.
Content Highlight: Sangh Parivar fears Tthe inclusive politics of the noun India, says Pinarayi Vijayan